ഭരണനിപുണതയുടെ അസുലഭ മുഹൂര്‍ത്തങ്ങള്‍ക്കാണ് രാജ്യം 2014 മുതല്‍ സാക്ഷ്യം വഹിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവവും സവിശേഷ നേതൃത്വവുമായിരുന്നു ഇതിനെല്ലാം നിദാനമായത്. പാവപ്പെട്ടവരുടെ ക്ഷേമത്തിനും ഊന്നല്‍ കൊടുത്തുകൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങളാണ് മോദി സര്‍ക്കാരിന്റെ മുഖമുദ്ര. പണ്ട് ധനികര്‍ക്ക് മാത്രം പ്രാപ്യമായിരുന്ന ബാങ്കിങ് സേവനം സാധാരണക്കാര്‍ക്കും പ്രാപ്യമായി. 1969 ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിരുന്നു ബാങ്കുകളെ ദേശസാല്‍ക്കരിച്ചത്. സമ്പന്നര്‍ക്ക് ഉണ്ടായിരുന്ന ബാങ്ക് ഇടപാടുകള്‍ സാധാരണക്കാരിലേക്കും എത്തിക്കുന്നതിനായിരുന്നു ഈ പുതിയ പരിഷ്‌കാരം. എന്നാല്‍ നാല് പതിറ്റാണ്ട് കഴിഞ്ഞിട്ടും രണ്ടര കോടി ആളുകള്‍ക്ക് മാത്രമേ ബാങ്ക് അക്കൗണ്ട് ഉണ്ടായിരുന്നുള്ളൂ. 2014ല്‍ മോദി അധികാരത്തിലെത്തിയപ്പോള്‍ ബാങ്കിങ് രംഗത്ത് വിപ്ലവം സൃഷ്ടിച്ചു. ജന്‍ധന്‍ അക്കൗണ്ടുകള്‍ ആരംഭിച്ചു. സീറോ ബാലന്‍സ് അക്കൗണ്ട് ആയതുകൊണ്ടും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ബാങ്ക് മുഖേനയെ ലഭിക്കൂ എന്ന് പ്രഖ്യാപിച്ചതുകൊണ്ടും ജനങ്ങള്‍ ബാങ്കിലേക്ക് ഒഴുകി. രണ്ടരക്കോടി അക്കൗണ്ടുകള്‍ 45 കോടി അക്കൗണ്ടുകളായി വര്‍ധിച്ചു. കൊവിഡ് മഹാമാരിക്കാലത്ത് വനിതാ ജന്‍ധന്‍ അക്കൗണ്ടുകളില്‍ 500 രൂപ വീതം മൂന്ന് ഗഡുക്കളായാണ് ധനസഹായം വിതരണം ചെയ്തത്. ഇടനിലക്കാരുടെ ചൂഷണത്തിന് ഇടവരുത്താതെ എല്ലാ കേന്ദ്ര പദ്ധതികളുടേയും സഹായം ബാങ്ക് വഴി ലഭ്യമായി.
രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ പറഞ്ഞ ഒരു കാര്യമുണ്ട്. ‘സര്‍ക്കാര്‍ 100 രൂപാ ജനങ്ങള്‍ക്ക് നല്കിയാല്‍ 15 രൂപമാത്രമേ പാവങ്ങളുടെ കൈകളില്‍ എത്തൂ. ബാക്കി 85 രൂപയും ഇടനിലക്കാരായ രാഷ്‌ട്രീയക്കാരും ഉദ്യോഗസ്ഥരും തട്ടിയെടുക്കുകയാണ്’ എന്ന്.
ഈ ദുരവസ്ഥയ്‌ക്കാണ് നരേന്ദ്ര മോദി എന്ന ദീര്‍ഘദര്‍ശിയായ നേതാവ് അന്ത്യം കുറിച്ചത്. ഇവിടെയാണ് ജന്‍ധന്‍ അക്കൗണ്ടിന്റെ പ്രസക്തി.
ഉജ്ജ്വല്‍ യോജനയിലൂടെ സ്ത്രീകളെ മോചിപ്പിച്ചു
ദാരിദ്ര്യ നിര്‍മാര്‍ജ്ജന രംഗത്തുണ്ടായ അഭൂതപൂര്‍വ്വമായ മുന്നേറ്റമാണ് എന്റെ ദൃഷ്ടിയില്‍ മോദി സര്‍ക്കാരിന്റേതായ ഏറ്റവും ശ്രദ്ധേയ നടപടി. ദാരിദ്ര രേഖയ്‌ക്ക് താഴെ ഉണ്ടായിരുന്ന 22 ശതമാനം ജനങ്ങളില്‍ പകുതിപ്പേരെയും ആ അവസ്ഥയില്‍ നിന്നും മോചിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. അതിദരിദ്രരുടെ എണ്ണം കുറയ്‌ക്കാനും സാധിച്ചു. മോദി സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമ പദ്ധതികളാണ് ഈ നേട്ടത്തിന് പിന്നില്‍. ഗരീബ് കല്യാണ്‍ യോജന വഴി 80 കോടി ജനങ്ങള്‍ക്കാണ് അരിയും ഗോതമ്പും സൗജന്യമായി നല്കിയത്.
പാര്‍പ്പിടം, വസ്ത്രം, ആഹാരം, വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ മൗലിക ആവശ്യങ്ങള്‍ നിറവേറ്റുകയാണ് ക്ഷേമ സര്‍ക്കാരുകള്‍ ചെയ്യേണ്ടത്. ഇതാണ് ക്ഷേമ രാജ്യത്തിന്റെ സവിശേഷതയും. ഈ എല്ലാ മേഖലകളിലും നേട്ടം കൈവരിക്കാന്‍ മോദി സര്‍ക്കാരിന് സാധിച്ചു. ഗ്രാമീണ-നഗര മേഖലകളിലായി മൂന്നരക്കോടി ആളുകള്‍ക്ക് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം വീട് വച്ചുകൊടുത്തു. ഉജ്വല്‍ യോജനയിലൂടെ സൗജന്യ ഗ്യാസ് കണക്ഷന്‍, സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായുള്ള ശൗചാലയം, ഹര്‍ ഘര്‍ നല്‍ സെ ജല്‍ യോജന പദ്ധതിയുടെ കീഴില്‍ ടാപ്പ് വാട്ടര്‍ കണക്ഷന്‍ തുടങ്ങിയ പദ്ധതികളെയെല്ലാം സമന്വയിപ്പിച്ചുകൊണ്ടാണ് ആവാസ് യോജന പദ്ധതി നടപ്പാക്കിയിട്ടുള്ളത്.
മറ്റൊരു ഉജ്ജ്വല പദ്ധതിയാണ് ഉജ്ജ്വല്‍ യോജന. ദാരിദ്ര രേഖയ്‌ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് സൗജന്യമായി പാചക വാതക കണക്ഷന്‍ നല്കുകയാണ് ലക്ഷ്യം. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍, ടാറ്റയേയും ബിര്‍ളയേയും പോലുള്ള സമ്പന്നര്‍ക്ക് വരെ സബ്സിഡി അനുവദിച്ചിരുന്നു. എന്നാല്‍, മോദി ഈ സബ്സിഡിയുടെ രൂപഭാവങ്ങള്‍ മാറ്റി. ഏറ്റവും ദരിദ്രരിലേക്ക് ഇത്തരം ആനുകൂല്യങ്ങള്‍ എത്തിച്ചു. പകലന്തിയോളം പണി കഴിഞ്ഞ് വീട്ടിലെത്തി ചുള്ളിക്കമ്പിന്റേയും ചാണകവറളിയുടേയും സഹായത്തോടെ അടുപ്പ് പുകച്ചിരുന്ന സ്ത്രീകളായിരുന്നു ഇന്ത്യയിലേറെയും. അടുപ്പില്‍ നിന്നുള്ള പുക ശ്വസിച്ച് അസുഖബാധിതരാകുന്നതില്‍ നിന്നും മോദി ഭാരതത്തിലെ സ്ത്രീകളെ ഉജ്ജ്വല്‍ യോജനയിലൂടെ മോചിപ്പിച്ചു. സബ്സിഡിയുടെ ചരിത്രത്തില്‍ ഇതൊരു ധീരമായ തീരുമാനമായിരുന്നു. സാമ്പത്തിക രംഗത്തും ഇത് വിപ്ലവം സൃഷ്ടിച്ചു.
പതിനൊന്നു കോടിയിലേറെപ്പേര്‍ക്കാണ് സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി ശൗചാലയം നിര്‍മ്മിച്ചു നല്കിയത്. പണ്ട് ട്രെയിനില്‍ സഞ്ചരിക്കുമ്പോള്‍ റെയില്‍ പാളങ്ങളില്‍ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നവരെ കാണുന്നത് നിത്യ കാഴ്ചയായിരുന്നു. ആറ് പതിറ്റാണ്ട് ഭാരതം ഭരിച്ചവര്‍ക്ക് ഈ അവസ്ഥയ്‌ക്ക് മാറ്റം വരുത്താന്‍ സാധിച്ചില്ല. രാജ്യത്തിനാകെ നാണക്കേടായിരുന്നു ഇത്തരം കാഴ്ചകള്‍. എന്നാല്‍ ഇപ്പോള്‍ ഗ്രാമങ്ങളും നഗരങ്ങളും വ്യത്തിയായി സംരക്ഷിക്കുന്ന സംസ്‌കാരം ഉടലെടുത്തു. കുട്ടികളെ വരെ മോദി ഇക്കാര്യത്തില്‍ സ്വാധീനിച്ചു. മിഠായി കടലാസുകള്‍ പോലും അലക്ഷ്യമായി വലിച്ചെറിയാത്ത കുട്ടികളെ കണ്ടിട്ടുണ്ട്. വാരാണസിയിലെ തെരുവ് വൃത്തിയായി എന്ന് മാത്രമല്ല, ചുവരുകള്‍ പോലും അവിടുത്തെ വിഖ്യാത ചിത്രകാരന്മാരുടെ മനോഹരമായ പെയിന്റിങ്ങുകളാല്‍ വര്‍ണശബളമാക്കി. മോദി മന്‍ കി ബാത്തിലൂടെയും അല്ലാതെയും നടത്തിയ ഹൃദയഹാരിയായ പ്രസംഗങ്ങളിലൂടെ സ്വച്ഛ് ഭാരത് മിഷനെ ഭാരതം ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. അക്ഷരാര്‍ത്ഥത്തില്‍ നാട് നന്നാക്കുന്നതായി ഈ സമീപനം.
തെരുവ് കച്ചവടക്കാരും സുരക്ഷിതരായി
ആധാര്‍ കാര്‍ഡും വെള്ളക്കടലാസില്‍ എഴുതിയ അപേക്ഷയും ബാങ്കില്‍ സമര്‍പ്പിച്ചാല്‍ തെരുവ് കച്ചവടക്കാര്‍ക്ക് 10,000 രൂപ വായ്പ ലഭിക്കുന്ന പിഎം സ്വനിധി യോജന ഈ കൊവിഡ് കാലത്ത് 31 ലക്ഷം തെരുവ് കച്ചവടക്കാര്‍ക്കാണ് തുണയായത്. ഈടില്ലാതെയാണ് ഈ വായ്പ ലഭിക്കുക.
കര്‍ഷകര്‍ക്കൊപ്പം നില്ക്കുന്ന സര്‍ക്കാരാണ് ഇപ്പോള്‍ കേന്ദ്രത്തിലുള്ളത്. കിസാന്‍ സമ്മാന്‍ നിധി വഴി 6000 രൂപയാണ് കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളില്‍ എത്തിയത്. 11.3 കോടി കര്‍ഷക കുടുംബങ്ങളിലേക്കായി 1.82 ലക്ഷം കോടിരൂപയാണ് ഈ പദ്ധതി വഴി നല്കിയത്.
മറ്റൊരു ശ്രദ്ധേയ പദ്ധതിയാണ് സ്റ്റാര്‍ട്ടപ്പുകള്‍. 64,000 സ്റ്റാര്‍ട്ടപ്പുകള്‍ രാജ്യത്തുണ്ട്. 7500 കോടി രൂപ നിക്ഷേപംഉള്ള നൂറോളം യൂണികോണ്‍ സ്റ്റാര്‍ട്ടപ്പുകളും ഉണ്ട്. ചെറുകിട സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മുദ്രാലോണും ഏറെ ജനപ്രിയമാണ്. വനിതകളാണ് മുദ്രാ വായ്പ കൂടൂതല്‍ പ്രയോജനപ്പെടുത്തിയിരിക്കുന്നത്. ഇതെല്ലാം തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള കൃത്യമായ നടപടികളാണ്. വികസനോന്മുഖ ഭരണം നിര്‍വ്വഹണം തന്നെയാണ് മോദി സര്‍ക്കാരിനെ വ്യതിരിക്തമാക്കുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: