ഗുജറാത്തിലെ പാവഗഢില്‍ പുനര്‍നിര്‍മിച്ച മഹാകാളിക ക്ഷേത്രത്തിന്റെ മകുടത്തില്‍ അഞ്ഞൂറുവര്ഷത്തിനുശേഷം ഭഗവധ്വജം ഉയര്‍ന്നിരിക്കുന്നു. പതിനഞ്ചാം നൂറ്റാണ്ടില്‍ വൈദേശിക ആക്രമണകാരികള്‍ തകര്‍ത്ത ക്ഷേത്രം പുനര്നിര്മിച്ചതിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നിര്‍വ്വഹിച്ചത്. ഗുജറാത്ത് ആക്രമിച്ച് സുല്‍ത്താനേറ്റ് സ്ഥാപിക്കുകയും പാവഗഢ് പിടിച്ചെടുക്കുകയും ചെയ്ത മഹ്മൂദ് ബെഗഡയാണ് പ്രാചീന കാൡക്ഷേത്രങ്ങളിലൊന്നായ മഹാകാളികാ ക്ഷേത്രം തകര്‍ത്തത്. ക്ഷേത്ര ശ്രീകോവില്‍ സമ്പൂര്‍ണമായും നശിപ്പിച്ച് അതിന്റെ സ്ഥാനത്ത് സദന്ഷാ എന്നയാളുടെ ദര്‍ഗ സ്ഥാപിക്കുകയായിരുന്നു. ഇതിനുശേഷം ക്ഷേത്ര ശ്രീകോവിലിനു മുകളില്‍ ഭഗവദ്പതാക ഉയര്‍ന്നിട്ടില്ല. ശ്രീകോവിലിന്റെ സ്ഥാനത്ത് ശവകുടീരം നിലനില്ക്കുന്നതിനെതിരെ ഹിന്ദുക്കള്‍ പ്രതിഷേധിക്കുകയും, അത് കേസാവുകയും ചെയ്തിരുന്നു. എന്നാല്‍ കോടതിക്ക് പുറത്ത് തര്‍ക്കം ഒത്തുതീര്‍പ്പാവുകയും ദര്‍ഗ മറ്റൊരിടത്തേക്ക് മാറ്റിസ്ഥാപിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് സോമനാഥ ക്ഷേത്രത്തിന്റെ പുനര്‍നിര്‍മാണം നടത്തിയ, പരമ്പരാഗതമായി വാസ്തുശില്പികള് സോംപുര കുടുംബത്തിലെ ആശിഷ് സോംപുരയുടെ നേതൃത്വത്തില്‍ മഹാകാളിക ക്ഷേത്രത്തിന്റെ ശ്രീകോവില്‍ വീണ്ടും പണിതുയര്‍ത്തിയത്. ഇപ്പോള്‍ അഞ്ഞൂറുവര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ക്ഷേത്രശ്രീകോവിലിനു മുകളില്‍ ഭഗവദ് പതാക ഉയര്‍ന്നതിന്റെ അഭിമാനവും ആശ്വാസവും പറഞ്ഞറിയിക്കാവുന്നതല്ല.
ഭാരതത്തിന്റെ സാംസ്കാരികവും ആത്മീയവുമായ പൈതൃകം വീണ്ടെടുക്കുന്നതിന് തുടക്കം കുറിച്ചത് ഗുജറാത്താണ്. സ്വാതന്ത്ര്യം ലഭിച്ചതിനെത്തുടര്‍ന്ന് സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന്റെ നേതൃത്വത്തില്‍ ഐതിഹാസികമായ സോമനാഥ ക്ഷേത്രം പുനര്‍നിര്‍മിക്കാന്‍ കഴിഞ്ഞതിലൂടെയാണ് ഇതിന് തുടക്കം കുറിച്ചത്. അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെപോലും എതിര്‍പ്പ് മറികടന്നുകൊണ്ടാണ് ഗുജറാത്ത് വഴികാട്ടിയത്. ഈ മാതൃക അവലംബിക്കാതിരുന്നതാണ് അയോധ്യയിലെ രാമക്ഷേത്ര പുനര്‍നിര്‍മാണം ഏറെ വൈകിയത്. അധികാരത്തിലിരുന്നവര്‍ തര്‍ക്കം രമ്യമായി പരിഹരിക്കാന്‍ മുന്കൈയെടുക്കാതിരുന്നതും ഇടതു-ഇസ്ലാമികശക്തികള്‍ ്രപശ്നത്തിലിടപെട്ട് സമവായം അസാധ്യമാക്കിയതുമാണ് അയോധ്യയില്‍ ഹിന്ദുക്കള്‍ക്ക് നീതി ലഭിക്കാന്‍ വൈകിയത്. അയോധ്യയിലെ ‘മസ്ജിദ്’ മറ്റൊരിടത്തേക്ക് മാറ്റിസ്ഥാപിക്കാമെന്നും, അവിടെ ക്ഷേത്രം നിര്‍മിക്കാന്‍ അനുവദിക്കണമെന്നുമുള്ള ആവശ്യം നിരന്തരം അട്ടിമറിക്കപ്പെടുകയായിരുന്നു. ഒടുവില്‍ പരമോന്നത നീതിപീഠംതന്നെ ഇത് അംഗീകരിച്ചുകൊണ്ട് വിധി പ്രഖ്യാപിക്കുകയും ചെയ്തു. പാവഗഢിലെ മഹാകാളിക ക്ഷേത്രത്തിന്റെ കാര്യത്തിലും തര്‍ക്കവും കേസുകളുമുണ്ടായിരുന്നെങ്കിലും തല്പരകക്ഷികള്ക്ക് മുതലെടുക്കാന്‍ അവസരം കൊടുക്കാതെ കോടതിക്ക് പുറത്ത് പ്രശ്നം രമ്യമായി പരിഹരിക്കാന്‍ കഴിഞ്ഞതോടെ ഗുജറാത്ത് വീണ്ടും മാതൃക കാണിച്ചിരിക്കുകയാണ്. ആരാധനാരീതിയിലെ വ്യത്യസ്തത കൊണ്ട് മുസ്ലിങ്ങളെ ശത്രുക്കളായി കാണുന്നവരല്ല ഹിന്ദുക്കളെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് പറഞ്ഞുകൊണ്ടിരിക്കുന്നതിന്റെ പ്രാധാന്യമാണ് ഇവിടെ തെളിയുന്നത്.
ആദ്യം സോമനാഥും പിന്നീട് അയോധ്യയും. ഇനി കാശി വിശ്വനാഥക്ഷേത്രവും മഥുര ശ്രീകൃഷ്ണ ക്ഷേത്രവും. ചരിത്രത്തിലെ തെറ്റുകള്‍ തിരുത്തിയേ മതിയാകൂ. മതത്തിന്റെ പേരില്‍ വൈദേശിക ആക്രമണകാരികള്‍ അടിച്ചേല്‍പ്പിച്ച തിന്മകളും അപമാനങ്ങളും അതേപടി നിലനിര്‍ത്തിക്കൊണ്ട് ഭാരത ജനതയിലെ വ്യത്യസ്ത വിഭാഗങ്ങളെ രഞ്ജിപ്പിക്കാനാവില്ല. ദേശീയോദ്ഗ്രഥനം സാധ്യമാവില്ല. ചരിത്രത്തിലെ അപമാനങ്ങള്‍ മതേതരത്വത്തിന്റെ പേരില്‍ അംഗീകരിച്ചുകൊടുക്കാന്‍ ആത്മാഭിമാനമുള്ള ഒരു ജനതയ്ക്കും സാധ്യമല്ല. പാവഗഢിലെ മഹാകാളി ക്ഷേത്രത്തില്‍ ഭഗവദ്പതാക ഉയര്‍ത്തിക്കൊണ്ട് പ്രധാനമന്ത്രി പറഞ്ഞ വാക്കുകള്‍ ആവേശദായകമാണ്. സ്വപ്നം നിശ്ചയദാര്ഢ്യമായും അത് യാഥാര്‍ത്ഥ്യമായും മാറിയതിന്റെ സന്തോഷം ഒരാള്‍ക്ക് ഊഹിക്കാനാവുമെന്നും ഈ നിമിഷം ഹൃദയത്തില്‍ പ്രത്യേക സന്തോഷം നിറയ്ക്കുന്നുവെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്. ഇത് വിശ്വാസത്തിന്റെ മാത്രം പ്രതീകമല്ല, നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും വിശ്വാസം അചഞ്ചലമായി നിലനില്ക്കുന്നതിന്റെ തെളിവാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പുതിയ ഭാരതം ആധുനിക കാലത്തെ അഭിലാഷങ്ങള്‍ക്കൊപ്പം പ്രാചീനമായ വേരുകള്‍ കണ്ടെത്തി ആഘോഷിക്കുകയും ചെയ്യുകയാണ്. സോമനാഥിലും അയോധ്യയിലുമെന്നപോലെ കടന്നാക്രമണകാരികളുടെ പൈതൃകത്തെ തള്ളിക്കളഞ്ഞ് നാഗരികതയുടെ മഹത്വം വീണ്ടെടുക്കുകയാണ് പാവഗഢിലെ പൗരാണിക ക്ഷേത്രത്തിന്റെ പുനര്‍നിര്‍മാണത്തിലൂടെ ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: