തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ അഗ്‌നിപഥ് പദ്ധതിയില്‍ നിന്ന് പിന്‍മാറണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നാല് വര്‍ഷത്തെ സൈനിക സേവനം കഴിഞ്ഞിറങ്ങുന്നവരെ ഉപയോഗിച്ച് ആര്‍ എസ് എസിന്റെ സ്വകാര്യസേനകള്‍ പരിപോഷിപ്പിക്കാനുളള ശ്രമവും അഗ്‌നിപഥിന്റെ ഭാഗമായി ഉണ്ടാവും എന്നതുറപ്പാണ്.
രണ്ടുവര്‍ഷമായി കരസേനയില്‍ റിക്രൂട്ട്‌മെന്റില്ല. ഈ പദ്ധതി രാജ്യത്തിന്റെ സൈന്യത്തിന് ദോഷകരമായി തീരും എന്നത് തര്‍ക്കമറ്റ കാര്യമാണ്. രാജ്യത്തിന് തികഞ്ഞൊരു സായുധസേനയെ ഉണ്ടാക്കാന്‍ നാല് വര്‍ഷത്തെ കരാര്‍ സേവനം കൊണ്ട് സാധിക്കില്ല. പെന്‍ഷന്‍ ഒഴിവാക്കാന്‍ വേണ്ടിയുള്ള ഈ സൂത്രപ്പണി സൈന്യത്തിന്റെ കാര്യക്ഷമതയേയും ഗൗരവത്തേയും രാജ്യത്തിന്റെ സുരക്ഷയേയും ബാധിക്കും. ആര്‍ എസ് എസിന്റെ ഹിഡന്‍ അജണ്ടകള്‍ നടപ്പിലാക്കുക എന്ന ഉദ്ദേശത്തോടെ രാജ്യത്തിന്റെ സൈന്യത്തെ ഉപയോഗിക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നതെന്ന വ്യാജപ്രചരണവും അദേഹം നടത്തുന്നു.
പെന്‍ഷനില്ലാത്ത നാല് വര്‍ഷത്തെ സൈനിക സേവനം ഉയര്‍ത്തിക്കാട്ടി തൊഴില്‍രഹിതരായ യുവജനങ്ങളെ കബളിപ്പിക്കുകയാണ്. അഗ്‌നിപഥ് പദ്ധതി ഇന്ത്യന്‍ സമൂഹത്തിന്റെ സൈനികവല്‍ക്കരണത്തിലേക്കാണ് നയിക്കുക. രാഷ്‌ട്രത്തിന്റെ ഹിന്ദുവല്‍ക്കരണവും ഹിന്ദുക്കളുടെ സൈനികവല്‍ക്കരണവും ആര്‍ എസ് എസ് സൈദ്ധാന്തികനായ സവര്‍ക്കര്‍ മുന്നോട്ടുവെച്ച ആശയമാണ്.
ബി ജെ പി സര്‍ക്കാര്‍ അത്തരം ആശയങ്ങളെ പ്രയോഗത്തില്‍ വരുത്താനാണ് ശ്രമിക്കുന്നത്. യുവാക്കള്‍ക്ക് സുരക്ഷിതമായ തൊഴില്‍ നല്‍കാനുള്ള ബാധ്യത കേന്ദ്രസര്‍ക്കാരിനുണ്ട്. രാജ്യം നേരിടുന്ന തൊഴിലില്ലായ്മ പ്രശ്‌നവും കാര്‍ഷിക പ്രതിസന്ധിയും ശാസ്ത്രീയമായി പരിഹരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തയ്യാറാവേണ്ടതെന്നും കോടിയേരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: