ന്യൂദല്‍ഹി: സൈന്യത്തില്‍ ചേരാന്‍ മോഹിക്കുന്നവരായി നടിച്ച് അഗ്നീപഥ് അക്രമത്തില്‍ പങ്കെടുത്ത അഞ്ച് യുവാക്കളെ ഉത്തര്‍പ്രദേശ് പൊലീസ് പിടികൂടി. ഇവര്‍ സൈന്യത്തില്‍ ചേരാന്‍ ആഗ്രഹിക്കുന്നവരോ അതിനായുള്ള ടെസ്റ്റുകളില്‍ പ്രാഥമിക പരീക്ഷകള്‍ പാസായവരോ അല്ല.
ചോദ്യം ചെയ്യലിലാണ് ഇവര്‍ സമാജ് വാദി പാര്‍ട്ടിയിലും കോണ്‍ഗ്രസിന്റെ ദേശീയ വിദ്യാര്‍ത്ഥി സംഘടനയായ എന്‍എസ് യു (ഐ) വിലും പ്രവര്‍ത്തിക്കുന്നവരാണെന്ന് തിരിച്ചറിഞ്ഞത്. പരാഗ് പന്‍വാര്‍ എന്ന 26കാരന് എന്‍എസ് യു (ഐ) ജില്ലാ പ്രസിഡന്റാണ്. 34കാരനായ സന്ദീപാകട്ടെ സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകനാണ്. ഇയാള്‍ ജില്ല പഞ്ചായത്ത് അംഗമാണ്.
മോഹിത് ചൗധരി (26), സൗരബ് കുമാര്‍ (28), ഉദയ് (26) എന്നിവര്‍ക്കും ബിജെപി വിരുദ്ധ രാഷ്ട്രീയബന്ധങ്ങളുണ്ട്. ഇവരെല്ലാം സൈന്യത്തില്‍ ചേരാന്‍ വേണ്ട പ്രായത്തേക്കാള്‍ കൂടുതല്‍ പ്രായമുള്ളവരാണ്. ഇവരിയില്‍ ആരും സൈന്യത്തില്‍ ചേരാനുള്ള റിക്രൂട്ട്മെന്റിനായി പഠിക്കുന്നവരുമല്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
“രാംപൂര്‍ മനിഹരന് പൊലീസ് അറസ്റ്റ് ചെയ്തത് സൈന്യത്തില്‍ ചേരാന്‍ ആഗ്രഹിക്കുന്നവരാണെന്ന് കള്ളം പറയുന്ന അഞ്ച് യുവ അക്രമികളെയാണ്. അതില്‍ രണ്ട് പേര് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാരവാഹികളാണ്. മറ്റ് മൂന്ന് പേര് സജീവ പ്രവര്‍ത്തകരാണ്. ഇവര്‍ സൈന്യത്തില്‍ ചേരാന്‍ ആഗ്രഹിക്കുന്ന ചെറുപ്പക്കാരെ അക്രമത്തിന് പ്രേരിപ്പിക്കുകയായിരുന്നു. പരാഗ് പന്‍വാര്‍ ഒരു പാര്‍ട്ടിയുടെ ജില്ലാ പ്രസിഡന്റാണ്. സന്ദീപ് ചൗധരി ജില്ലാ പഞ്ചായത്ത് അംഗമാണ്.”- ഷഹരാന്‍പൂര്‍ എസ് പി ആകാശ് തോമാര്‍ പറഞ്ഞു.
ഈ അഞ്ചു പേരെയും പൊലീസ് ജയിലേക്കയച്ചു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: