മക്കളേ,
ഭഗവത് സ്വരൂപത്തിലേക്ക് നമ്മളെ ഉയര്‍ത്തുക എന്നതാണ് ഭാഗവതത്തിന്റെ ലക്ഷ്യം. അവിടെ മാര്‍ഗവും ലക്ഷ്യവും ഭക്തിയാണ്. അത് പൊതുവേ കാണുന്ന കാമ്യഭക്തിയല്ല, ജ്ഞാനയുക്തമായ പ്രേമഭക്തിയാണ്. ഭക്തിയുടെ യമുനയും ജ്ഞാനത്തിന്റെ ഗംഗയും വൈരാഗ്യത്തിന്റെ സരസ്വതിയും സംഗമിക്കുന്ന ത്രിവേണീ സംഗമം തന്നെയാണത്. അത്തരം ഭക്തിയാണ് ഭാഗവതം പ്രദാനം ചെയ്യുന്നത്. എള്ളില്‍ എണ്ണപോലെ ജ്ഞാനവും ഭക്തിയും അതില്‍ ഒന്നിച്ചിരിക്കുന്നു. ജ്ഞാനവും വൈരാഗ്യവും ഇല്ലാത്ത ഭക്തി ലക്ഷ്യത്തില്‍ എത്തുകയില്ല.
ഭക്തിയില്ലാത്ത ജ്ഞാനമാകട്ടെ നമ്മെ അനുഭൂതിയിലേക്ക് ഉയര്‍ത്തുകയുമില്ല. മറിച്ച് ജ്ഞാനവും ഭക്തിയുമില്ലാത്ത വൈരാഗ്യം ഹൃദയത്തെ ശുഷ്‌ക്കമാക്കുകയേഉള്ളൂ. എന്നാല്‍ വൈരാഗ്യമില്ലാത്ത ജ്ഞാനവും ഭക്തിയും തീവ്രമാകില്ല. അത് ലക്ഷ്യത്തിലെത്തുക പ്രയാസമാണ്. അതിനാല്‍ ഇവ മൂന്നും ഒന്നിക്കണം.പരാഭക്തിയില്‍ ഇവ മൂന്നും ഒന്നിക്കുന്നു. അവിടെ പിന്നെ ആചാരത്തിന്റെയോ അനുഷ്ഠാനത്തിന്റെയോ ആവശ്യമില്ല. ഭക്തന്‍ സഹജമായി തന്നെ ഭഗവാനുമായി ഐക്യം പ്രാപിച്ചിരിക്കുന്നു. ഒരിക്കല്‍ കാക്കശ്ശേരി നമ്പൂതിരിയോട് ഒരാള്‍പറഞ്ഞു, ‘നിങ്ങള്‍ നമ്പൂതിരിയായിട്ടും ഇങ്ങനെ ഗായത്രിയും സന്ധ്യാവന്ദനവും ഒന്നും ഇല്ലാതെ കഴിയുന്നത് കഷ്ഠം തന്നെ.’അപ്പോള്‍ കാക്കശ്ശേരി പറഞ്ഞു, ‘ജനനവും മരണവും നടന്നാല്‍ പിന്നെ എങ്ങനെ സന്ധ്യാവന്ദനം അനുഷ്ഠിക്കും? എന്നിലെ ദേഹബോധം മരിച്ചു പോയി; ആത്മബോധം ജനിക്കുകയും ചെയ്തു. ദേഹബോധം മരിച്ചതിനാല്‍ പുലയുണ്ട്, ആത്മബോധം ജനിച്ചതിനാല്‍ അതു ജന്മവുമായി. എനിക്ക ്ഉദയവുമില്ല അസ്തമയവുമില്ല. ജ്ഞാനസൂര്യന്‍ ജ്വലിച്ചുനില്‍ക്കുന്ന മദ്ധ്യാഹ്നം മാത്രമേഉള്ളൂ.’അത്തരംഭക്തിയുടെപരമപദത്തിലേക്കാണ് ഭാഗവതശ്രവണം നമ്മെ കൈപിടിച്ച് ഉയര്‍ത്തുന്നത്. ഈശ്വരപ്രേമത്തിന്റെ പരമപ്രകാശം ഉള്ളില്‍ നിറയുമ്പോള്‍ എപ്പോഴും എല്ലായിടത്തും ആത്മദര്‍ശനം സാധ്യമാകുന്നു. ദിവ്യമായ ആ പ്രേമംതന്നെ ജ്ഞാനം. അതുതന്നെ മുക്തി. അതുതന്നെ ആനന്ദം.
ശ്രദ്ധ, വിശ്വാസം സമര്‍പ്പണം. അതാണ് ഭാഗവതത്തിലൂടെ നമ്മള്‍ നേടേണ്ടത്. ഭഗവാനില്‍ശ്രദ്ധയും സമര്‍പ്പണവും വന്നാല്‍ പിന്നെ ആത്മീയപുരോഗതി അനായാസമാണ്. അങ്ങനെയുള്ള ഭക്തന്റെ എല്ലാകാര്യങ്ങളും ഭഗവാന്‍ തന്നെ നോക്കിക്കൊള്ളും. ആ വിശ്വാസവും സമര്‍പ്പണവും ഇല്ലാതെ എത്ര പാണ്ഡിത്യമുണ്ടെങ്കിലും പ്രയോജനമില്ല.
വളരെ നന്നായി ഭാഗവതം പറയുന്ന ഒരു ആചാര്യന്‍ ഉണ്ടായിരുന്നു. പല സ്ഥലങ്ങളിലും ചെന്ന് സപ്താഹം നടത്തും. അങ്ങനെ ദക്ഷിണ എന്തെങ്കിലും കിട്ടും. അതുകൊണ്ടാണ് ജീവിതം നയിച്ചുവന്നത്. ഒരിക്കല്‍ ഒരാള്‍ അദ്ദേഹത്തോടു പറഞ്ഞു. നമ്മുടെ രാജ്യത്തിലെ രാജാവ് ഭാഗവതപാരായണത്തിലും ശ്രവണത്തിലും വലിയ താല്‍പര്യം ഉള്ള ആളാണ്. നിങ്ങള്‍ അദ്ദേഹത്തെ പോയികണ്ടാല്‍ എല്ലാ ദാരിദ്ര്യവുംമാറും. അയാള്‍ കൊട്ടാരത്തിലെത്തി രാജാവിനോടു പറഞ്ഞു, ‘തിരുമനസ്സേ അങ്ങ് ഭാഗവതം കേള്‍ക്കുന്നതില്‍ താല്പര്യമുള്ള ആളാണല്ലോ. അങ്ങേയ്‌ക്കു വേണ്ടി ഞാന്‍ ഒരു ഭാഗവത സപ്താഹം നടത്താം.’ അപ്പോള്‍ രാജാവ് ദേഷ്യത്തോടെ പറഞ്ഞു, ‘കടന്നുപോകൂ. നിങ്ങളുടെ ഭാഗവതം ഒന്നും എനിക്കുകേള്‍ക്കേണ്ട’. അപമാനഭാരത്താല്‍ ഭാഗവതാചാര്യന്‍ തിരിഞ്ഞുനടന്നു. വീട്ടിലെത്തിയപ്പോഴേക്കും അദ്ദേഹം ഒരു തീരുമാനമെടുത്തുകഴിഞ്ഞിരുന്നു. ‘സപ്താഹം നടത്താന്‍ ഇനി എവിടെയും പോകുന്നില്ല. വീട്ടില്‍വച്ചുതന്നെ ഭാഗവതംവായിക്കും. കേള്‍ക്കാന്‍ ആരും ഇല്ലെങ്കില്‍പോലും മറ്റെവിടേയും പോകില്ല’. അങ്ങനെ അദ്ദേഹം സ്വന്തം മനസ്സിന്റെ തൃപ്തിക്കും ആനന്ദത്തിനും വേണ്ടി മാത്രം ഭാഗവതം വായിക്കാന്‍തുടങ്ങി. അന്ന് ഭാഗവതം വായിച്ചുകൊണ്ടിരുന്നപ്പോള്‍ ആദ്യമായി അദ്ദേഹത്തിന്റെ ഹൃദയം അലിഞ്ഞു. ഒരാനന്ദം ഉള്ളില്‍ അനുഭവപ്പെട്ടു. ഓരോ ദിവസവും കഴിയുംതോറും ആ ആനന്ദം വര്‍ദ്ധിച്ചുവര്‍ദ്ധിച്ചുവന്നു. ഉള്ളില്‍ പൂര്‍ണ തൃപ്തിയായി. ഭഗവാന്‍ തന്റെ ഉള്ളില്‍സദാ നിറഞ്ഞു നില്‍ക്കുന്നതുപോലെ ഒരു അനുഭവം. ഇതിനകം അദ്ദേഹത്തിന്റെ പാരായണം കേള്‍ക്കാന്‍ ആളുകള്‍ കൂട്ടംകൂട്ടമായി എത്തിത്തുടങ്ങി. വിവരമറിഞ്ഞ് ഒരുദിവസംരാജാവും എത്തി. അദ്ദേഹത്തെ നമസ്‌ക്കരിച്ചശേഷം രാജാവ് പറഞ്ഞു, ‘അങ്ങ് ദയവായി കൊട്ടാരത്തില്‍ വന്ന് ഭാഗവത സപ്താഹം നടത്തണം’. അപ്പോള്‍ ഭാഗവതാചാര്യന്‍ പറഞ്ഞു, ‘രാജാവേ അങ്ങേയ്‌ക്ക് എന്നെ ഓര്‍മ്മയില്ലേ? കൊട്ടാരത്തില്‍ നിന്നും മുമ്പൊരിക്കല്‍ അങ്ങ് പിടിച്ചുപുറത്താക്കിയ അതേ ആള്‍ തന്നെയാണ് ഞാന്‍.’ അപ്പോള്‍ രാജാവ ്പറഞ്ഞു. ‘അതെനിക്കറിയാം.അന്ന് താങ്കള്‍ ഭാഗവതത്തിന്റെ യഥാര്‍ത്ഥസാരം മനസ്സിലാക്കിയിരുന്നില്ല. എന്നാല്‍ ഇന്ന് താങ്കള്‍ അതില്‍ ജീവിക്കുകയാണ്.’
അറിവില്‍നിന്ന ്അനുഭൂതിയിലേക്ക് നമ്മള്‍ ഉയരണം. ഹൃദയപൂര്‍വം ഭാഗവതം വായിക്കുകയും കേള്‍ക്കുകയും ചെയ്താല്‍ അതുതീര്‍ച്ചയായും സാധിക്കും. അതിനുള്ള ദിവ്യമായശക്തി ഭാഗവതത്തിനുണ്ട്. ഭക്തിയുടെ ഫലവും ലക്ഷ്യവും ഭക്തിതന്നെയാണ്. ഭക്തന് അതിനേക്കാള്‍ വലിയ ഒരുഫലവുമില്ല, ലക്ഷ്യവുമില്ല. ഇങ്ങനെയുള്ള ഭക്തി എല്ലാവര്‍ക്കും ലഭിക്കട്ടെ. ഇങ്ങനെയുള്ള ഭക്തി എല്ലാവര്‍ക്കും ലഭിക്കട്ടെ.
മാതാ അമൃതാനന്ദമയീ ദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: