ഗോപിനാഥ് കൊലിയത്ത്
ഞാനൊരു കര്‍ണികാര വൃക്ഷം ഈ വീട്ടിലെ
മണ്ണില്‍ വേരൂന്നി നില്പു വര്‍ഷങ്ങളായ്
സംവത്സരങ്ങളങ്ങേറെ കടന്നുപോയ്
വിണ്ണിലെന്‍ ശിഖരങ്ങളാകുന്ന കൈകളാല്‍
ശാശ്വതത്വത്തെ പുണരാന്‍ ഞാന്‍ വെമ്പുന്നു
നശ്വരമീജന്മം എന്നറിവുണ്ടെങ്കിലും
ആണ്ടിലൊരിക്കല്‍ സുവര്‍ണ പുഷ്പങ്ങളാല്‍
പൂത്തുതളിര്‍ത്തു വിലസുന്നു നിര്‍ണയം
മേടമാസത്തിലെ വിഷുവാണെന് സാഫല്യം
മീനത്തില്ത്തന്നെ ഞാന്‍ പൂവണിഞ്ഞീടുന്നു
കാര്‍മുകില്‍ വര്‍ണന്റെ സ്മേരമുഖാംബുജം
കേരളമെമ്പാടും രോചകമാക്കുവാന്
വേനലില്‍ കുസുമലതാദികള് വാടുമ്പോള്
ഞാന്‍ മാത്രം കാഞ്ചന ശോഭതൂകി
മേടമാസം പുലരുന്നതും നോക്കി ഞാന്‍
ആടയാഭരണങ്ങള്‍ അണിഞ്ഞൊരെന് കണ്ണനെ
കാത്തുകാത്തങ്ങനെ നാള് കഴിച്ചു
തീര്‍ത്തും ആകാംക്ഷയിലാണ്ടു നിന്നു.
ആകസ്മികമായൊരു സന്ധ്യാവേളയില്‍
ആകാശസീമയില്‍ ഇടി മുഴങ്ങി!
നിമിഷാര്ദ്ധനേരംകൊണ്ടാകാശമൊട്ടാകെ
കാര്മേഘപാളിയാലാവൃതമായി
ഘോരമാം കാര്‍മേഘ ദുന്ദുഭി നാദത്താല്‍
ആ രാത്രി ദിഗന്തങ്ങള്‍ വിറച്ചുനിന്നു
പിന്നീട് കണ്ടതോ യാമങ്ങള്‍ താണ്ടുന്ന
മന്നിനെ മൂടുന്ന വര്‍ഷപാതം !
വേനല്മഴയാണുപോല് വേനല്‍മഴ !
പിറ്റേന്നു കാലത്തു ബാലാര്‍ക്കകിരണങ്ങള്‍
പൂര്വാന്തരീക്ഷത്തില് തിളങ്ങിടുമ്പോള്‍
എന്നെ ഞാനാകെ മുഴുകെ നിരീക്ഷിച്ചു
എന്റെ മരഹൃത്ത് പോലും തകര്‍ന്നുപോയ്!
കാഞ്ചനവര്ണം പൊഴിച്ച കുസുമങ്ങള്‍
ഒന്നൊഴിയാതെ കൊഴിഞ്ഞുപോയി
ഞാനെന്റെ കണ്ണനോടെന്തോതും ലോകരെ
വിഷുദിനം നാലുനാള്‍ അകലെമാത്രം!!
വ്യാകുല ചിത്തനായ് മേലോട്ടു നോക്കവേ
മേഘശകലങ്ങള്‍ക്കിടയിലൂടെ
കണ്ടുഞാന്‍ എന്നുടെ ഗോകുലബാലന്റെ
പുഞ്ചിരി തൂകുന്ന മുഖകമലം!
പ്രതികരിക്കാൻ ഇവിടെ എഴുതുക: