കാസര്‍കോട്: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച മിഷന്‍ അമൃത് സരോവര്‍ പദ്ധതിയിലൂടെ ജില്ലയില്‍ പുതിയ കുളങ്ങള്‍ക്ക് പുതുജീവനേകും. ജില്ലയുടെ ജലസമ്പത്ത് വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ കുളങ്ങള്‍ നിര്‍മിക്കുകയും നിലവിലുള്ളവ സംരക്ഷിച്ച് പദ്ധതിയുടെ ഭാഗമാക്കുകയും ചെയ്യും. ഭൂജലശോഷണം രൂക്ഷമായ കാസര്‍കോട്, മഞ്ചേശ്വരം ബ്ലോക്കുകളില്‍ പദ്ധതി ഏറെ ഗുണകരമാകും.
ജില്ലയില്‍ ഇതുവരെ ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 14 കുളങ്ങള്‍ നിര്‍മിക്കാനാണ് തീരുമാനം. ഇതിനായി പഠനങ്ങള്‍ പുരോഗമിക്കുകയാണ്. ബേഡഡുക്ക, കാറഡുക്ക, കോടോം ബേളൂര്‍, പുല്ലൂര്‍ പെരിയ, മീഞ്ച പഞ്ചായത്തുകളില്‍ പദ്ധതിക്കായി സ്ഥലം കണ്ടെത്തി കഴിഞ്ഞു. ആദൂര്‍, കോടോം, ബെള്ളൂര്‍, തായന്നൂര്‍ മേഖലകളില്‍ രണ്ട് വീതവും കൊളത്തൂര്‍, ദേലംപാടി, ചിത്താരി, കാറഡുക്ക, പെരിയ, ഗുഡ്ഡേമര്‍ പ്രദേശങ്ങളില്‍ ഓരോ കുളങ്ങള്‍ വീതവും നിര്‍മിക്കാനാണ് ആലോചന. അനോടിപ്പള്ളം ഉള്‍പ്പെടെ 16 കുളങ്ങള്‍ നവീകരിച്ച് പദ്ധതിയുടെ ഭാഗമാക്കും.
ജനപങ്കാളിത്തത്തോടെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളെ ഉള്‍പ്പെടുത്തിയാണ് കുളങ്ങള്‍ നിര്‍മിക്കുക. മിഷന്‍ അമൃത് സരോവര്‍ പദ്ധതി നടപ്പിലാക്കാനായി ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് ആണ് പദ്ധതിയുടെ ജില്ലാതല നോഡല്‍ ഓഫീസര്‍. പുതിയ കുളങ്ങള്‍ നിര്‍മിക്കാനുള്ള പ്രൊപ്പോസല്‍ വിവിധ പഞ്ചായത്തുകളില്‍ നിന്നും വിവിധ വകുപ്പുകളില്‍ നിന്നും ലഭിക്കുന്നുണ്ട്. മടിക്കൈ പഞ്ചായത്തില്‍ 9 വാര്‍ഡുകളില്‍ പദ്ധതിയുടെ ഭാഗമായി പുതിയ കുളങ്ങള്‍ നിര്‍മിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന്റെ കുളം നവീകരണ പദ്ധതിയുടെ ഭാഗമായ പതിനൊന്ന് കുളങ്ങളും അമൃത് സരോവര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തും.
ഏപ്രില്‍ 24ന് പഞ്ചായത്ത് രാജ് ദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മിഷന്‍ അമൃത് സരോവര്‍ പദ്ധതി പ്രഖ്യാപിച്ചത്. രാജ്യത്തെ എല്ലാ ജില്ലയിലും 75 കുളങ്ങള്‍ പദ്ധതിയിലൂടെ നിര്‍മിക്കണം. നിലവിലുള്ളവ സംരക്ഷിച്ച് പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യാം. ഭാസ്‌കരാചാര്യ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സ്‌പെയ്‌സ് അപ്ലിക്കേഷന്‍സ് ആന്‍ഡ് ജിയോ ഇന്‍ഫോര്‍മാറ്റിക്‌സ് ഭൂമിശാസ്ത്രപരമായ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലകള്‍ക്ക് പദ്ധതിക്കാവശ്യമായ സ്ഥലം നിര്‍ദേശിച്ച് നല്‍കും. 2023 ഓഗസ്റ്റ് 15ന് പദ്ധതി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക