തിരുവനന്തപുരം: മറ്റു രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം, റിക്രൂട്ട്മെന്റ് എന്നിവയ്ക്ക് സമഗ്രനയം അനിവാര്യമാണെന്ന് ലോകകേരള സഭയുടെ ഭാഗമായി അവതരിപ്പിച്ച സമീപന രേഖ. മൂന്നാം ലോക കേരള സഭയുടെ ആദ്യ ഔദ്യോഗിക സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി വ്യവസായ മന്ത്രി പി. രാജീവാണ് സമീപന രേഖ അവതരിപ്പിച്ചത്. പ്രവാസി ക്ഷേമവും നാടിന്റെ വികസന പ്രവര്‍ത്തനങ്ങളും സമന്വയിപ്പിക്കുന്നതില്‍ ലോക കേരള സഭ ലക്ഷ്യം കണ്ടു. പ്രവാസികള്‍ ഉള്‍പ്പെടെയുള്ള മലയാളി സമൂഹത്തില്‍ ജാതി, മത, വര്‍ഗ, രാഷ്ട്ര ഭേദമെന്യേയുള്ള കൂട്ടായ്മ രൂപപ്പെടുത്തുന്നതില്‍ ലോക കേരള സഭ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
പ്രളയം, കോവിഡ് തുടങ്ങി നാടിനെ പിടിച്ചുലച്ച സാഹചര്യങ്ങളിലെല്ലാം കേരളം ഇതിനു സാക്ഷ്യം വഹിച്ചതാണ്. യുെ്രെകന് യുദ്ധ സമയത്ത് അതിര്‍ത്തി കടന്ന മലയാളി വിദ്യാര്‍ത്ഥികളെ കണ്ടെത്തി ആവശ്യമായ സഹായങ്ങള്‍ എത്തിക്കാന്‍ ലോക കേരള സഭ അംഗങ്ങളുടെ ഇടപെടല്‍ നിര്‍ണായകമായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 2.3 ലക്ഷം കോടി രൂപയാണ് പ്രവാസികള്‍ കേരളത്തിലേക്ക് അയച്ചതെന്നും സമീപന രേഖ അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. എന്നാല്‍ കോവിഡ് മഹാമാരി കാലത്ത് 17 ലക്ഷം പ്രവാസികള്‍ കേരളത്തിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.
രണ്ടാം ലോക കേരള സഭ സമ്മേളന നിര്‍വഹണം, പ്രവാസത്തിന്റെ മാറുന്ന ഭൂപടം, പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളും, പ്രവാസവും നാടിന്റെ വികസനവും, മൂന്നാം ലോക കേരള സഭയില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയ മേഖലകള്‍ തുടങ്ങി പ്രധാനപ്പെട്ട അഞ്ച് ഭാഗങ്ങളാണ് സമീപന രേഖയില്‍ ഉള്‍ക്കൊള്ളുന്നത്.
ആദ്യ ലോക കേരള സഭയ്ക്ക് ശേഷം പ്രവാസികളുടെ നിക്ഷേപം നാടിന്റെ വികസനത്തിനായി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഓവര്‍സീസ് കേരള ഇന്‍വെസ്റ്റ്മെന്റ് കേരള ഹോള്‍ഡിങ് ലിമിറ്റഡ് , വിദേശത്ത് നിന്ന് തിരിച്ചെത്തിയ വനിതകളുടെ ഉന്നമനത്തിനും പ്രശ്ന പരിഹാരത്തിനായി ആരംഭിച്ച പ്രവാസി വനിതാ സെല്‍, പ്രവാസി ഗവേഷക കേന്ദ്രം, സഹകരണ സംഘം എന്നിവ മികച്ച രീതിയില്‍ മുന്നോട്ട് പോകുകയാണ്. ജര്‍മനിയിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ട്രിപ്പിള്‍ വിന് കരാര്‍ ഒപ്പുവെച്ചത് നേട്ടമാണ്. വിദഗ്ധ തൊഴിലാളികള്‍ക്ക് ജര്‍മനിയില്‍ പ്രത്യേക സ്റ്റാറ്റസ് ഓഫ് റസിഡന്‍സ് ഒരുക്കുന്ന ടടണ പദ്ധതിക്ക് കേരളത്തില്‍ നിന്നുള്ള നോഡല്‍ ഏജന്‍സിയായി തിരഞ്ഞെടുത്തത് നോര്‍ക്കയെയാണ്. കൂടാതെ മാലദ്വീപ്, സൗദി അറേബ്യ, യു. കെ തുടങ്ങിയ രാജ്യങ്ങളുമായി ആരോഗ്യ മേഖലയിലേക്കുള്ള റിക്രൂട്ട്മെന്റ് ശക്തിപ്പെടുത്തുന്നതിനുള്ള കരാറിലും ഒപ്പുവെച്ചു.
രാജ്യത്ത് ഏകദേശം 1.8 കോടി ഇന്ത്യക്കാര്‍ പ്രവാസികളാണ്. 2019 ല്‍ ഇന്ത്യ പുറത്തിറക്കിയ പുതിയ കുടിയേറ്റ നിയമത്തിന്റെ കാര്‍ഡ് രൂപത്തില്‍ പ്രവാസി എന്ന നിര്‍വചനത്തില്‍ പ്രവാസികളുടെ കുടുംബാംഗങ്ങളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടാത്തതും പ്രവാസികളുടെ പുനരധിവാസം പൂര്‍ണമായും സംസ്ഥാനങ്ങളുടെ ചുമതലയാണെന്നതുമുള്‍പ്പെടെ നിരവധി പോരായ്മകളുണ്ട്. ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നുവരേണ്ടതുണ്ട്. പ്രവാസി ക്ഷേമത്തിനായി എംബസികളും കോണ്‍സുലേറ്റുകളും നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാകുന്നില്ല. മുന്നറിയിപ്പില്ലാതെ ജോലിയില്‍ നിന്ന് പിരിച്ചുവിടല്‍, കുറഞ്ഞ വേതനം, ശമ്പളം നല്കാതിരിക്കല് തുടങ്ങിയവ പ്രവാസികള്‍ അനുഭവിക്കുന്ന പ്രശനങ്ങളില്‍ ചിലത് മാത്രമാണെന്ന് സമീപന രേഖയുടെ മൂന്നാം ഭാഗത്ത് വ്യക്തമാക്കുന്നു. പ്രവാസികളുടെ റിക്രൂട്മെന്റ് മുതല്‍ മടങ്ങി വരുന്നവരുടെ പുനരധിവാസം വരെ ഉറപ്പാക്കുന്ന നോര്‍ക്ക റൂട്സിനു ആവശ്യമായ മാനവവിഭവ ശേഷി ഉറപ്പാക്കണം, ഇതിനായി കൃത്യമായ സ്റ്റാഫ് സ്ട്രക്ച്ചര്‍ ഉറപ്പുവരുത്തി സ്ഥാപനത്തെ വിപുലീകരിക്കണം. വിദേശ രാജ്യങ്ങളില്‍ വിദഗ്ധ തൊഴിലവസരങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അതിനുതകുന്ന അന്തര്‍ദേശീയ നിലവാരത്തിലുള്ള നൈപുണ്യ വികസന സംവിധാനങ്ങള്‍ ആവിഷ്കരിക്കണം.
കേരളത്തെ ഒരു വൈജ്ഞാനിക സമ്പദ് ഘടനയാക്കി മാറ്റി നവകേരളം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി കേരള നോളേജ് ഇക്കണോമിക് മീസാന്‍ വഴി തൊഴിലുകള്‍ ലഭ്യമാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഉയര്‍ന്ന യോഗ്യതയും നൈപുണ്യവുമുള്ള തിരികെയെത്തിയ പ്രവാസികള്‍ക്ക് ഇതുപകാരപ്പെടും. ലോകത്തെ മികച്ച സര്‍വകലാശാലകളിലും ലബോറട്ടറികളിലും സേവനമനുഷ്ഠിക്കുന്ന മലയാളി ഗവേഷകരുടെയും വിദഗ്ധരുടെയും സേവനം ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഉപയോഗപ്പെടുത്താനാകുമെന്നും സമീപന രേഖയുടെ നാലാം ഭാഗം പ്രതിപാദിക്കുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ലഭ്യമായിട്ടുള്ള സംഗീത, സാഹിത്യ, സിനിമാ ശേഖരത്തില്‍ നിന്ന് പ്രതിഫലം ഈടാക്കി ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുന്നതിനുള്ള ഓണ്‍ലൈന്‍ ഏകജാലക സംവിധാനത്തിന്റെ സാധ്യതകളും സമീപന രേഖയില്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: