ന്യൂദല്‍ഹി: അടിസ്ഥാന സൗകര്യ വികസനത്തില്‍ ‘ഗുണനിലവാരം’ വര്‍ധിപ്പിക്കുന്നതിനായി പുതിയ ആശയങ്ങള്‍ക്കും ഗവേഷണ കണ്ടെത്തലുകള്‍ക്കും സാങ്കേതികവിദ്യകള്‍ക്കുമായി ഒരു ഇന്നൊവേഷന്‍ ബാങ്ക് രൂപീകരിക്കാന്‍ കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി നിര്‍ദ്ദേശിച്ചു.
ഐഐടികളുടെയും ലോകത്തിലെ ആഗോള സ്ഥാപനങ്ങളുടെയും സഹായത്തോടെ ഐആര്‍സി ഒരു ലോകോത്തര അത്യാധുനിക ലബോറട്ടറി വികസിപ്പിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഇന്ത്യന്‍ റോഡ്‌സ് കോണ്‍ഗ്രസിന്റെ (ഐആര്‍സി) 222മത് മിഡ്‌ടേം കൗണ്‍സില്‍ യോഗത്തിന്റെ ഉദ്ഘാടന ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
ദേശീയ പാതകളുടെ നീളം 2014 ലെ 91,000 കിലോമീറ്ററില്‍ നിന്ന് 1.47 ലക്ഷം കിലോമീറ്ററായി ഇപ്പോള്‍ 50 ശതമാനത്തിലധികം വര്‍ധിച്ചതായി മന്ത്രി പറഞ്ഞു. 2025ഓടെ ദേശീയ പാത ശൃംഖല 2 ലക്ഷം കിലോമീറ്ററായി വികസിപ്പിക്കാന്‍ സര്‍ക്കാര്‍ ആത്മാര്‍പ്പണത്തോടെ പ്രവര്‍ത്തിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ചതും വിജയകരവുമായ സാങ്കേതിക വിദ്യയും പുതിയ നിര്‍മാണസാമഗ്രികളും സ്വീകരിക്കാന്‍ രാജ്യം തയ്യാറാണെന്നും മന്ത്രി പറഞ്ഞു. തെളിയിക്കപ്പെട്ട സാങ്കേതികവിദ്യയുടെ ഉപയോഗവും നിര്‍മാണച്ചെലവ് കുറയ്‌ക്കലും രണ്ട് പ്രധാന പ്രേരകശക്തികളാണെന്ന് അദ്ദേഹം പറഞ്ഞു.
നിര്‍മ്മാണ ഘട്ടത്തിലും പ്രവര്‍ത്തന ഘട്ടത്തിലും കാര്‍ബണ്‍ ബഹിര്‍ഗമനം ഏറ്റവും കുറഞ്ഞതായിരിക്കണമെന്നും പ്രകൃതി വിഭവങ്ങളുടെചൂഷണം പരിമിതമായിരിക്കണമെന്നും ഗഡ്കരി പറഞ്ഞു. പരിസ്ഥിതിയുടെയും ആവാസവ്യൂഹത്തിന്റെയും നാശത്തിന് കാരണമാകുന്ന വികസനം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സ്റ്റീലിനും സിമന്റിനും സുസ്ഥിര ബദല്‍ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റോഡ് സുരക്ഷ, സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്ന മേഖലയാണെന്ന് മന്ത്രി പറഞ്ഞു. റോഡ് എഞ്ചിനീയറിംഗുമായി ബന്ധപ്പെട്ട ഫലപ്രദമായ ആഗോള സമ്പ്രദായങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: