Categories: India

5000 കോടി വരെ ആസ്തിയുള്ള എജെഎല്‍ കമ്പനിയെ രാഹുലും സോണിയയും സ്വന്തമാക്കിയതെങ്ങിനെ? അറിയാം സുബ്രഹ്മണ്യം സ്വാമിയുടെ പത്ത് വര്‍ഷത്തെ നിയമയുദ്ധം

ഇന്ത്യാ ടുഡേ ടിവിയുമായി ഈയിടെ നടത്തിയ അഭിമുഖത്തില്‍ സുബ്രഹ്മണ്യം സ്വാമി രാഹുലിനെയും സോണിയയെയും കുടുക്കിയ നാഷണല്‍ ഹെറാള്‍ഡ് കേസിനെക്കുറിച്ച് വിശദമായി പറയുന്നു. അറിയാം സോണിയയുടെയും രാഹുലിന്‍റെയും ഗൂഢനീക്കങ്ങള്‍...

Published by

ന്യൂദല്‍ഹി:ഇന്ത്യാ ടുഡേ ടിവിയുമായി ഈയിടെ നടത്തിയ അഭിമുഖത്തില്‍ സുബ്രഹ്മണ്യം സ്വാമി രാഹുലിനെയും സോണിയയെയും കുടുക്കിയ നാഷണല്‍ ഹെറാള്‍ഡ് കേസിനെക്കുറിച്ച് വിശദമായി പറയുന്നു.

സോണിയയ്‌ക്കും രാഹുലിനും എതിരായ നാഷണല്‍ ഹെറാള്‍ഡ് കേസിന്റെ ചരിത്രം ഒന്ന് പറയാമോ?

ഇന്ദിരാഗാന്ധിയുടെ 20-ാം പിറന്നാളിനാണ് എജെഎല്‍ (അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ്) എന്ന കമ്പനി പിറക്കുന്നത്. അന്ന് ആദ്യം 5000 ഓഹരിയുടമകള്‍ കമ്പനിയില്‍ ഉണ്ടായിരുന്നു. 5000 പേര്‍ എന്നത് 5000 കോണ്‍ഗ്രസ് കുടുംബത്തില് നിന്നുള്ളവരാണ്. എന്നാല്‍ പിന്നീട് 5000 എന്നുള്ളത് 1057 ഉടമകളായി മാറി. സെപ്തംബര്‍ 2010ന് എജെഎല്ലിന് 1057 ഓഹരിയുടമകള്‍ മാത്രമായി മാറിയത്. അന്ന് സ്വാതന്ത്ര്യസമര കാലത്ത് ഇന്ത്യയ്‌ക്ക് വേണ്ടി പോരാടാന്‍ വേണ്ടിയായിരുന്നു എജെഎല്‍ രൂപീകരിച്ചത്. അന്ന് കോണ്‍ഗ്രസിന്റെ കാഴ്ചപ്പാടുകള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ എജെഎല്ലാണ് നാഷണല്‍ ഹെറാള്‍ഡ് എന്ന പത്രം പ്രസിദ്ധീകരിച്ചിരുന്നത്.  

എന്നാല്‍ പിന്നീട് കടം വന്നപ്പോള്‍ എജെഎല്ലിനെ യംഗ് ഇന്ത്യന്‍ എന്ന കമ്പനി ഏറ്റെടുത്തു. ഇപ്പോള്‍ എജെഎല്‍ ഇല്ല. യംഗ് ഇന്ത്യനേ ഉള്ളൂ. എജെഎല്ലിന് ഒരൊറ്റ ഓഹരിയുടമയേ ഉള്ളൂ. അത് യംഗ് ഇന്ത്യനാണ്. യംഗ് ഇന്ത്യന്‍ എന്ന കമ്പനി കോണ്‍ഗ്രസിന്‍റേതല്ല, അത് നാല് വ്യക്തികളുടേതാണ്. രാഹുല്‍ഗാന്ധി, സോണിയാഗാന്ധി, മോത്തിലാല്‍ വോറ, ഓസ്കാര്‍ ഫെര്‍ണാണ്ടസ്.  ഇതില്‍ മോത്തിലാല്‍ വോറയും ഓസ്കാര്‍ ഫെര്‍ണാണ്ടസും മരിച്ചു. ഇതോടെ  എജെഎല്ലിന്റെ ഉടമസ്ഥതയിലുള്ള വിവിധ നഗരങ്ങളിലുള്ള കോടികളുടെ ആസ്തി യംഗ് ഇന്ത്യന്‍റേതായി മാറി. 1600 കോടി രൂപയുടെ കണ്ണായ നഗരങ്ങളില്‍ ഭൂമി തന്നെ എജെഎല്ലിനുണ്ടായിരുന്നു. കോടാനുകോടികളുടെ കെട്ടിടങ്ങള്‍ വേറെ. ഈ പ്രോപ്പര്‍ട്ടികള്‍ വാടകയ്‌ക്ക് കൊടുത്ത് അതിന്റെ വാടക യംഗ് ഇന്ത്യന്‍ പറ്റുന്നുണ്ടായിരുന്നു. ഈ കെട്ടിടങ്ങളില്‍ നാഷണല്‍ ഹെറാള്‍ഡ് എന്ന പത്രത്തിന്റെ പ്രിന്‍റിംഗ് മാത്രമല്ല നടക്കുന്നത്. അതെല്ലാം മറ്റ് കമ്പനികള്‍ക്ക് വാടകയ്‌ക്ക് കൊടുത്തിരിക്കുകയാണ്. അവിടെ ടാറ്റയുണ്ട്, വിദേശകാര്യമന്ത്രാലയത്തിന്റെ ചില ഓഫീസുകളുണ്ട്. പാസ്പോര്‍ട്ട് ഓഫീസുണ്ട്. എല്ലാം വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയാണ്. ഈ വാടകവരുമാനം തന്നെ കോടികള്‍ വരും.  

ഇപ്പോള്‍ 420 വകുപ്പ് പ്രകാരം ക്രിമിനല്‍ തട്ടിപ്പ്, വഞ്ചന എന്നിവ ഉള്‍പ്പെടെ നിരവധി വകുപ്പുകള്‍ പ്രകാരമാണ് കേസ്. 2012ലാണ് സുബ്രഹ്മണ്യം സ്വാമി  യംഗ് ഇന്ത്യന്‍ എജെഎല്‍ ഏറ്റെടുത്തതിനെതിരെ ദല്‍ഹി കോടതിയില്‍ പരാതിയുമായി ചെല്ലുന്നത്. പിന്നീട് ഹൈക്കോടതിയില്‍ പോയി, സിംഗിള്‍ ബെഞ്ച്, ഡിവിഷന്‍ ബെഞ്ച്, പിന്നെ ട്രിബ്യൂണല്‍, സുപ്രീംകോടതി എല്ലായിടത്തും സോണിയയും രാഹുലും കേസ് തോറ്റു. പത്ത് വര്‍ഷത്തെ നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് സുപ്രീംകോടതി കേസ് ഇഡിയ്‌ക്ക് വിടുന്നത്.  

എന്താണ് യംഗ് ഇന്ത്യന്‍ ? ഒന്ന് വിശദീകരിക്കാമോ?

അഞ്ച് ലക്ഷം രൂപയുടെ ഒരു കമ്പനി അവര്‍ (രാഹുല്‍ ഗാന്ധിയും സോണിയാഗാന്ധിയും അവരുടെ വിശ്വസ്തരും) ഉണ്ടാക്കി. പിന്നീട് എജെഎല്ലിന്റെ കടമായ 50 ലക്ഷം കൊടുക്കാനുള്ള പണം അവര്‍ കണ്ടെത്തി. അത് കോണ്‍ഗ്രസ് പാര്‍ട്ടിക്കാണ് അവര്‍ നല്‍കിയത്. അതുവഴി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എജെ എല്ലിലുള്ള കടം യംഗ് ഇന്ത്യനിലേക്ക് മാറി. ഇനി ആ കടം വീട്ടാന്‍ അവര്‍ ഒരു ഷേഡി കമ്പനിയില്‍ പോയി. കൊല്‍ക്കൊത്തയിലെ ഡോള്‍ടെക്സ് എന്ന കമ്പനിയില്‍. ഹവാല ഇടപാട് നടത്തുന്ന കമ്പനിയാണ് ഡോള്‍ടെക്സ്.  രൂപ ഡോളറും ഡോളര്‍ രൂപയുമാക്കി മാറ്റുന്ന കമ്പനിയാണ്. അവരില്‍ നിന്നും ഈടും പലിശയുമില്ലാതെ ഒരു കോടി രൂപ വായ്പ എടുത്തു. ഇത് ഡൊണേഷനാണെന്ന്(സംഭാവന) ഡോള്‍ടെക്സ് പറയുന്നു. എന്നാല്‍ ഇത് വായ്പയാണെന്ന് രാഹുല്‍ ഗാന്ധി യംഗ് ഇന്ത്യന്‍ എന്ന കമ്പനിയുടെ ബാലന്‍സ് ഷീറ്റില്‍ പറയുന്നു. ഈടില്ലാതെ, പലിശയില്ലാതെ എങ്ങിനെയാണ് വായ്പ നല്‍കുക എവിടെയും കേട്ടിട്ടില്ലാത്ത സംഭവമാണ്. അവര്‍ എന്തായാലും കുറെ നാള്‍ ജയിലില്‍ കിടക്കേണ്ടി വരും.  

ജവഹര്‍ലാല്‍ നെഹ്രുവിന്റെ പേരില്‍ ആരംഭിച്ച കമ്പനിയുടെ ലെഗസി(പൈതൃകം) നിലനിര്‍ത്താന്‍ മാത്രമാണ് ശ്രമിച്ചതെന്നാണ് കോണ്‍ഗ്രസ് പറയുമ്പോള്‍ അതിന് എന്ത് മറുപടിയുണ്ട്?

 യംഗ് ഇന്ത്യയില്‍ ഉള്ള എല്ലാവരും എജെഎല്ലിലെ ബോര്‍ഡ് അംഗങ്ങളാണ്. സോണിയയുണ്ട്, രാഹുല്‍ ഗാന്ധിയുണ്ട്, സാം പിട്രോഡയുണ്ട്. ഓസ്കാര്‍ ഫെര്‍ണാണ്ടസുണ്ട്. …ഇവരെല്ലാം ഉണ്ട്. പിന്നെ എന്തിനാണ് ആ കമ്പനിയെ വിലക്ക് വാങ്ങേണ്ട ആവശ്യമെന്താണ്. 2000-മുതല്‍ 5000 കോടി വരെ ആസ്തിയുള്ള കമ്പനിയാണ് എജെഎല്‍. ഇന്ത്യയില്‍ ഉടനീളം ഈ കമ്പനിയുടെ സ്വത്തുക്കളുണ്ട്. പിന്നീട് എജെഎല്‍ ഒരു കടലാസ് കമ്പനിയാക്കി മാറ്റി യംഗ് ഇന്ത്യ എല്ലാ സ്വത്തുക്കളും എടുക്കുകയാണ്. ഇപ്പോല്‍ എജെഎല്ലിന്റെ ഒരു പ്രോപ്പര്‍ട്ടിയിലും അവര്‍ നാഷണല്‍ ഹെറാള്‍ഡ് എന്ന പത്രം ഇറക്കുന്നില്ല. കേസില്‍ പ്രതിരോധിക്കാന്‍ വേണ്ടി മാത്രം 2016ല്‍ ആഴ്ചയില്‍ ഒരിയ്‌ക്കല്‍ നാഷണല്‍ ഹെറാള്‍‍ഡ് ഇറക്കാന്‍ തീരുമാനിച്ചു. അതും ഇന്ത്യന്‍ എക്സ്പ്രസ് ബില്‍ഡിംഗില്‍ നിന്നാണ്. അവര്‍ക്ക് ഈ പ്രോപ്പര്‍ട്ടിവേണം. അത് ബിസിനസ് ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ച് വരുമാനമുണ്ടാക്കണം.  

ഗാന്ധി കുടുംബം ഒന്നു തുമ്മിയാല്‍ പോലും വാര്‍ത്തയാവുന്ന ഈ നാട്ടില്‍ ഇങ്ങിനെയൊരു തട്ടിപ്പ് നടത്തേണ്ട കാര്യം ഗാന്ധി കുടുംബത്തിനുണ്ടോ?

ഇതിന് ഗ്രീക്കില്‍ ഒരു വാക്കുണ്ട്. ഹ്യൂബ്രിസ്. അതായത് എന്ത് ചെയ്താലും തങ്ങളെ ആര്‍ക്കും തൊടാന്‍ കഴിയില്ലെന്ന അഹങ്കാരം. ഇന്ദിരാഗാന്ധിയ്‌ക്ക് ആ അഹങ്കാരമുണ്ടായിരുന്നു. എന്നാല്‍ അടിയന്തരാവസ്ഥയ്‌ക്ക് ശേഷം അവര്‍ തോറ്റു. ഇപ്പോള്‍ സോണിയയുടെ സമയം വന്നിരിക്കുന്നു. നിങ്ങള്‍ ഒരു റോയല്‍ ക്ലാസ്സില്‍ പെട്ട ആളല്ല. മറ്റേതൊരു ഇന്ത്യക്കാരനെയും പോലുള്ള ഒരു ഇന്ത്യക്കാരന്‍ മാത്രമാണ്.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക