അഹമ്മദാബാദ്: പ്രധാനമന്ത്രി മോദിയുടെ ബേഠി ബച്ചാവോ, ബേഠി പഡാവോ സാര്‍ത്ഥകമാക്കാന്‍ ഗുജറാത്തിലെ കച്ചില്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ടി പെണ്കുട്ടികളാല് ഭരിയ്ക്കുന്ന ഒരു പഞ്ചായത്ത്. ഇപ്പോള്‍ രാജ്യത്തിന് തന്നെ മാതൃകയാവുകയാണ് 11നും 21നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ ഭരണം നടത്തുന്ന ഈ പഞ്ചായത്ത്. കച്ച് ജില്ലയിലെ അഞ്ച് വില്ലേജുകളാണ് ഈ പെണ്‍കുട്ടികളുടെ പഞ്ചായത്ത് ഭരിയ്ക്കുന്നത്.
ബാല്യവിവാഹം, സ്ത്രീധനവ്യവസ്ഥ തുടങ്ങി പെണ്‍കുട്ടികളെ ചരക്കുകളാക്കി മാറ്റുന്ന സംവിധാനങ്ങള്‍ക്കെതിരെ കര്‍ശനമായി പ്രതികരിക്കുന്നുണ്ട് ഈ പഞ്ചായത്തുകള്‍. ചെറിയൊരു പ്രായം മുതലേ രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടാന്‍ പെണ്‍കുട്ടികള്‍ക്ക് സാധിക്കുന്ന സംവിധാനമാണിതെന്ന് കച്ചിലെ ബാലിക പഞ്ചായത്തിലെ അംഗമായ ഗര്‍ഭ ഭാരതി പറയുന്നു.
പഞ്ചായത്തിലെ ഒരു പെണ്‍കുട്ടിക്ക് പുറത്തുവരാന്‍ തടസ്സങ്ങളുണ്ടെങ്കില്‍ വിദ്യാഭ്യാസം നേടാന്‍ തടസ്സങ്ങളുണ്ടെങ്കില്‍ ബാലികാ പഞ്ചായത്ത് അതെല്ലാം നീക്കുമെന്ന് പഞ്ചായത്ത് അംഗമായ ഉര്‍മി ആഹിര്‍ പറയുന്നു. ഉദാഹരണത്തിന് ഒരു പെണ്‍കുട്ടി ഇടയ്ക്ക് വെച്ച് പഠിപ്പ് നിര്‍ത്തിയെന്ന് വെയ്ക്കുക. പിന്നീട് അവളെ വീടിന് പുറത്തേക്ക് പറഞ്ഞയയ്ക്കേണ്ടെന്ന് വീട്ടുകാര്‍ തീരുമാനിച്ചാല്‍ തങ്ങള്‍ നേരിട്ട് പോയി അവളെ വീണ്ടും പഠനത്തിലേക്ക് കൊണ്ടുവരാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുമെന്ന് ഉര്‍മി ആഹിര്‍ പറയുന്നു.
പെണ്‍കുട്ടികളുടെ സാമൂഹ്യ വികസനവും രാഷ്ട്രീയത്തിലെ പെണ്‍കുട്ടികളുടെ പങ്കാളിത്തവും വളര്‍ത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ നീക്കം. പഞ്ചായത്തുകള്‍ തീരുമാനമെടുക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്കും പ്രാതിനിധ്യം ലഭിക്കുന്നു എന്നതാണ് ഈ പുതിയ സംവിധാനത്തിന്റെ സവിശേഷത. വനിതാദിനത്തില്‍ ഈ പഞ്ചായത്ത് ഭരിയ്ക്കുന്ന പെണ്‍കുട്ടികള്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുമായാണ് സംവദിച്ചത്. ഇതെല്ലാം വലിയ പ്രചോദനമാണെന്ന് ഗര്‍ഭ ഭാരതി പറയുന്നു. ഈ പെണ്‍പഞ്ചായത്ത് വന്‍ വിജയമായതോടെ ഇതേ മാതൃക രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് കൂടി പകര്‍ത്താനുള്ള ശ്രമത്തിലാണ് ഗുജറാത്തിലെ വനിതാ ശിശുക്ഷേമ മന്ത്രാലയം.
ഗുജറാത്തില്‍ തന്നെ മറ്റിടങ്ങളിലും ഇതേ മാതൃകയില്‍ പെണ്‍കുട്ടികളുടെ പഞ്ചായത്ത് സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് ഗുജറാത്ത് സര്‍ക്കാരിന് കീഴിലെ വനിതാ ശിശുക്ഷേമ വകുപ്പ്. കച്ചിലെ കുനാറിയ എന്ന ഗ്രാമത്തിലാണ് ആദ്യത്തെ ബാലിക പഞ്ചായത്തിന് തുടക്കമിട്ടത്. പിന്നീട് മസ്ക, മൊടാഗുവ, വാദ്സര് എന്നീ വില്ലേജുകളില്‍ കൂടി ഇതേ തരത്തിലുള്ള പഞ്ചായത്തുകള്‍ നിലവില്‍ വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: