ന്യൂദല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് ശ്വാസകോശത്തില്‍ അണുബാധ. ഡോക്ടര്‍മാര്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ്. രണ്ടാമതും കോവിഡ് പോസിറ്റീവ് ആയതിന് പിന്നാലെയാണ് സോണിയയുടെ ആരോഗ്യനില മോശമായത്. അവരുടെ കോവിഡാനന്തര ചികിത്സ തുടരുകയാണെന്നും ജയറാം രമേശ് അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ചയാണ് സോണിയ ഗാന്ധിയെ ദല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ശ്വാസകോശത്തില്‍ അണുബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് സോണിയയെ പ്രത്യേക നിരീക്ഷണത്തിലാക്കുകയായിരുന്നു.
ദല്‍ഹിയിലെ ശ്രീ ഗംഗാറാം ആശുപത്രിയിലാണ് സോണിയ ചികിത്സ നടത്തുന്നത്. ഈ മാസം രണ്ടാം തിയതിയാണ് സോണിയക്ക് കോവിഡ് സ്ഥിരീകരിച്ചത്. സോണിയക്കൊപ്പം കോവിഡ് ബാധിച്ച പ്രിയങ്കയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വ്യാഴാഴ്ച രാത്രി ആശുപത്രിയിലെത്തിയ രാഹുലും സോണിയയ്ക്കൊപ്പം തുടരുകയാണ്.
അതിനിടെ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കേസില്‍ രാഹുല്‍ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ തിങ്കളാഴ്ച്ചത്തേക്ക് മാറ്റി. വെള്ളിയാഴ്ചത്തെ ചോദ്യം ചെയ്യല്‍ തിങ്കളാഴ്ചത്തേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കത്തയച്ചിരുന്നു. സോണിയ ഗാന്ധിയുടെ ആരോഗ്യാവസ്ഥ ചൂണ്ടിക്കാണിച്ചാണ് ചോദ്യം ചെയ്യല്‍ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: