ബംഗളൂരു: സാമുദായിക സൗഹാര്‍ദം പ്രോത്സാഹിപ്പിക്കുന്നതിനും വര്‍ഗീയ വിദ്വേഷങ്ങള്‍ ചെറുക്കുന്നതിനുമായി ബംഗളൂരുവിലെ ഒരു മസ്ജിദ് അമുസ്ലിംകളെ പള്ളിയിലേക്ക് ക്ഷണിച്ചു. കാവല്‍ ബൈരസന്ദ്രയിലെ മസ്ജിദ്ഇതൂര്‍ അധികൃതരാണ് ഒരു മണിക്കൂറോളം എല്ലാ മതങ്ങളില്‍ നിന്നുമുള്ള അതിഥികളെ പള്ളിയിലേക്ക് ക്ഷണിച്ചത്.
പള്ളിയിലെ വിശ്വാസികള്‍ അമുസ്ലിം സന്ദര്‍ശകര്‍ക്ക് മുമ്പായി സുഹര്‍ (ഉച്ചതിരിഞ്ഞ്) നമസ്കാരം നടത്തുകയും ഓരോ നമസ്കാരത്തിന്റെയും പ്രാധാന്യവും അര്‍ത്ഥവും വിശദീകരിച്ചുകൊടുക്കുകയും ചെയ്തു.തങ്ങളുടെ മസ്ജിദ് ദര്‍ശന സംരംഭത്തിന് അനുകൂലമായ പ്രതികരണമാണ് ലഭിച്ചതെന്ന് മസ്ജിദ് അധികൃതര്‍ പറഞ്ഞു. പരിപാടിയില്‍ സ്ത്രീകളടക്കം 70 അമുസ്ലിംകള് പങ്കെടുത്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. പുലകേശിനഗര്‍ എംഎല്‍എ അഖണ്ഡ ശ്രീനിവാസ് മസ്ദിജിന്റെ ഉദ്യമത്തെ പിന്തുണച്ചു.
എന്തുകൊണ്ടാണ് തങ്ങള്‍ അള്ളാഹു അക്ബര്‍ എന്ന് നാല് തവണ ജപിക്കുന്നതെന്ന് അതിഥികളോട് പറഞ്ഞു. ഭൂമി, വായു, അഗ്നി, ജലം എന്നീ നാല് ഘടകങ്ങളാല്‍ പ്രകൃതി നിര്‍മ്മിതമാണ്. നമ്മുടെ വിശ്വാസവും അത് തന്നെ പഠിപ്പിക്കുന്നുവെന്ന് അതിഥികളോട് വ്യക്തമാക്കിയെന്ന് മസ്ജിദ്ഇതൂര്‍ ഭാരവാഹിയായ അബ്ദുള്‍ ഹമീദ് പറഞ്ഞു.
അമുസ്ലിംകള്‍ക്കായി മസ്ജിദ് ഒരിക്കലും അടച്ചിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. മുസ്ലീം പുരോഹിതന്മാര് യുവാക്കളെ ദുഷിച്ച ലക്ഷ്യങ്ങള്‍ക്കായി പരിശീലിപ്പിക്കുന്നുവെന്ന് ചിലയിടങ്ങളിലെങ്കിലും ആരോപണമുണ്ട്. ഇക്കാര്യങ്ങളിലും ശ്രദ്ധവേണം. നമസ്കാരമടക്കം മുസ്ലിം ആചാരങ്ങള്‍ എന്താണെന്ന് അറിയിക്കാന്‍ മറ്റ് മതങ്ങളില്‍ നിന്നുള്ള ആളുകളെ ഇനിയും ക്ഷണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: