കണ്ണൂര്‍: ലഹരി മുക്ത കേരളം എന്ന ലക്ഷ്യവുമായി അന്നപൂര്‍ണ ചാരിറ്റബിള്‍ ഫൗണ്ടേഷന് ആരംഭിച്ച ജസ്റ്റ് സെ നോ ലഹരി വിരുദ്ധ ബോധവത്കരണ ക്യാമ്പയിനിന്റെ ഭാഗമായി ഗിവ് മോര് സൗജന്യ പുസ്തക വിതരണ പദ്ധതി കേരളത്തിലെ വിവിധ ജില്ലകളിലെ സ്കൂളുകളിലേക്കും കോളേജുകളിലേക്കും വ്യാപിപ്പിക്കുന്നു.
കേരള സര്‍ക്കാരിന്റെ ലഹരി ബോധവത്കരണ പദ്ധതിയായ വിമുക്തിയുടെ ബ്രാന്‍ഡ് അംബാസഡറായ ക്രിക്കറ്റ് താരം സച്ചിന് ടെന്‍ഡുല്‍ക്കരിന്റെ ആത്മകഥയായ ‘പ്ലെയിങ് ഇറ്റ് മൈ വേ’ കേരളത്തിലെ നൂറു വിദ്യാലയങ്ങളിലേക്ക് വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം അന്നപൂര്‍ണ ചാരിറ്റബിള്‍ ഫൗണ്ടേഷന് ചെയര്മാന് ജോഫിന്‍ ജെയിംസും അന്നപൂര്‍ണ ചാരിറ്റബിള്‍ ഫൗണ്ടേഷന് രക്ഷധികാരിയും നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമ്മേഴ്സ് മുന്‍ പ്രസിഡന്റുമായ മഹേഷ് ചന്ദ്ര ബാലിഗയും തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജ് റിട്ടയേര്‍ഡ് പ്രിന്‍സിപ്പല്‍ പ്രൊഫ.കെ. ഫല്ഗുനന് എന്നിവര്‍ ചേര്‍ന്ന് താവക്കര ഗവ. യുപി സ്കൂള്‍ വിദ്യാര്‍ത്ഥി അര്ജുന് കൃഷ്ണന്, നമിത്ത് കൃഷ്ണന് എന്നിവര്‍ക്ക് നല്കി നിര്‍വഹിച്ചു.
ലഹരി വിരുദ്ധ പ്രചരണത്തിന് സ്പോര്‍ട്സ് മികച്ച ഉപാധിയാണെന്നും കേരള സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പ്രചാരണ പദ്ധതിയായ വിമുക്തിയുടെ ബ്രാന്‍ഡ് അംബാസിഡറായ പ്രശസ്ത ക്രിക്കറ്റ് താരം സച്ചിന്റെ ആത്മകഥ ‘പ്ലെയിങ് ഇറ്റ് മൈ വേ’ യുവതലമുറയ്ക്ക് പ്രചോദനമായതിനാലാണ് കേരളത്തിലെ നൂറു സ്കൂള്‍ – കോളേജുകളിലേക്ക് ‘അന്നപൂര്‍ണ ഗിവ് മോര്’ സൗജന്യ പുസ്തക വിതരണ പദ്ധതി വ്യാപിപ്പിക്കുന്നത് എന്ന് അന്നപൂര്‍ണ ചാരിറ്റബിള്‍ ഫൗണ്ടേഷന് ചെയര്മാന് ജോഫിന്‍ ജെയിംസ് അറിയിച്ചു. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും താവക്കര ഗവ. യു.പി.സ്കൂള്‍ ഹെഡ് മാസ്റ്ററുമായ രാധാകൃഷ്ണന് മാണിക്കോത്തിനെ ചടങ്ങില്‍ അന്നപൂര്‍ണ ചാരിറ്റബിള്‍ ഫൗണ്ടേഷന് രക്ഷാധികാരിയായ മഹേഷ് ചന്ദ്ര ബാലിഗ പൊന്നാട നല്കി ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: