കൊല്ലം : ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്ത ആശുപത്രി കെട്ടിടം വീണ്ടും വിവാദത്തില്‍. പത്തനാപുരം തലവൂര്‍ ആയുര്‍വേദ ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്ത് രണ്ട് മാസത്തിനുള്ളില്‍ തന്നെ തകര്‍ന്ന് വീണതോടെയാണ് പുതിയ വിവാദം തലപൊക്കിയത്. നേരത്തെ കെട്ടിടം വൃത്തിയായി സൂക്ഷിക്കാത്തതിനെ ചൊല്ലി എംഎല്‍എ കെ.ബി. ഗണേഷ് കുമാര്‍ ഡോക്ടര്‍മാരുമായി തര്‍ക്കമുണ്ടാക്കിയിരുന്നു.
വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് ആശുപത്രി കെട്ടിടത്തിലെ സീലിങ്ങുകള്‍ തകര്‍ന്നത്. സംഭവസമയം രോഗികള്‍ ആരും പരിസരത്തുണ്ടായിരുന്നില്ല. അതിനാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 3 കോടി രൂപ ചെലവിട്ടാണ് ആശുപത്രിക്കായി പുതിയ കെട്ടിടം നിര്‍മിച്ചത്.
ഉദ്ഘാടം ചെയ്ത് രണ്ട് മാസത്തിനുള്ളില്‍ തന്നെ സീലിങ് പൊളിഞ്ഞ് നിര്‍മാണത്തിലുള്ള അപാകതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കെട്ടിടത്തിന്റെ നിര്‍മ്മാണത്തില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ബിജെപിയും കോണ്‍ഗ്രസും ആരോപിച്ചു. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നും ബിജെപി ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: