പാലക്കാട്: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടില്‍ അനധികൃതമായി സൂക്ഷിച്ച മൂന്ന് ടണ്‍ തമിഴ്നാട് റേഷനരി പിടികൂടി. ഡിവൈഎഫ്ഐ വാളയാര്‍ മേഖലാ ട്രഷറര്‍ എ. ഷെമീര്‍ (33), അച്ഛന് അബ്ദുള്‍ റസാഖ് (66) എന്നിവര്‍ക്കെതിരെ കേസെടുത്തു. രഹസ്യവിവരത്തെ തുടര്‍ന്ന് സിവില്‍ സപ്ലൈസ് വകുപ്പും, പോലീസും ചേര്‍ന്നു നടത്തിയ പരിശോധനയിലാണ് 56 ചാക്കുകളിലായി 2815 കിലോ അരി പിടികൂടിയത്.
വാളയാര്‍ അതിര്‍ത്തിയിലെ ഊടുവഴികളിലൂടെയും മറ്റും കടത്തിയ തമിഴ്നാട് റേഷനരി ഷെമീറിന്റെ നേതൃത്വത്തില്‍ സുഹൃത്തുക്കളുടെ സഹായത്തോടെ വീടിനോട് ചേര്‍ന്നുള്ള ഷെഡ്ഡില്‍ സൂക്ഷിക്കുകയാണ് പതിവ്. ഇവിടെ നിന്നും കഞ്ചിക്കോട്ടെ മില്ലില്‍ കൊണ്ടുപോയി പോളിഷ് ചെയ്യും. തുടര്‍ന്ന് പുതിയ പാക്കറ്റുകളിലാക്കി ‘പാലക്കാട് റൈസ്’ എന്ന പേരില്‍ വില്പനക്കെത്തിക്കുകയാണ് പതിവ്. ഇതില്‍ നിന്നും വന്‍ലാഭമാണ് ഇവര്‍ക്ക് ലഭിച്ചിരുന്നത്.
കഴിഞ്ഞ 10 വര്‍ഷത്തോളമായി ഇത്തരത്തില്‍ തമിഴ്നാട് റേഷനരി കടത്ത് നടക്കുന്നുണ്ടെന്ന് പറയുന്നു. അരിക്കടത്ത് പരിശോധനക്കായി ഉദ്യോഗസ്ഥരെത്തിയാല്‍ വിവരം അറിയിക്കാനായി പ്രധാന ജങ്ഷനുകളില്‍ ഇവര്‍ ആളുകളെ നിര്‍ത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ജനപ്രതിനിധികള്‍ക്കും, രാഷ്ട്രീയ പാര്‍ട്ടിനേതാക്കള്‍ക്കും അരികടത്തില്‍ പങ്കുണ്ടെന്നും പോലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. തുടര്‍ നടപടികള്‍ക്കായി റിപ്പോര്‍ട്ട് കളക്ടര്‍ക്ക് കൈമാറുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ ജെ.എസ്. ഗോകുല്‍ദാസ് അറിയിച്ചു.
വാളയാര്‍ എസ്ഐ: ആര്. രാജേഷ്, സീനിയര്‍ സിപിഒമാരായ പി.സി. ഷൈനി, എം. ശ്രീജിത്ത്, താലൂക്ക് സപ്ലൈ ഓഫീസര്‍ ജെ.എസ്. ഗോകുല്‍ദാസ്, റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ എസ്. രഞ്ജിത്ത്, ആര്. ബിലാല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: