പാട്ന : കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്നിപധിനെതിരെ അക്രമങ്ങള്‍ അഴിച്ചു വിടുന്നു. ബീഹാറില്‍ രണ്ട് ട്രെയിനുകള്‍ പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. ഉത്തര്‍പ്രദേശിലെ ബല്ലിയ റെയില്‍വേ സ്റ്റേഷനിലും ആക്രമണം ഉണ്ടായി. ബീഹാര്‍ സമസ്തിപൂരിലും ലക്കിസരായിലേയും സ്റ്റേഷനുകളില്‍ നിര്‍ത്തിയിട്ട ട്രെയിനുകളാണ് പ്രതിഷേധക്കാര്‍ കത്തിച്ചത്.
ലക്കിസരായിയില്‍ ജമ്മുതാവി ഗുവാഹത്തി എക്സ്പ്രസ്സിനാണ് അക്രമികള്‍ തീയിട്ടത്. ബിഹാറിലെ ആര റെയില്‍വേ സ്റ്റേഷനിലും അക്രമികള്‍ അഴിഞ്ഞാടി. സ്റ്റേഷന് അടിച്ച് തകര്‍ത്തു. യുപി ബല്ലിയ റെയില്‍വേ സ്റ്റേഷനിലെയും നിര്‍ത്തിയിട്ട ട്രെയിന്‍ അക്രമികള്‍ അടിച്ചു തകര്‍ത്തു. നൂറോളം അക്രമികള്‍ ഉണ്ടായിരുന്നതായി യുപി പോലീസ് അറിയിച്ചു.
അതേസമയം ഇത്തരത്തില്‍ ആക്രമണങ്ങള്‍ അഴിച്ചുവിടുന്ന വ്യക്തികള്‍ സേനയുടെ ഭാഗമാകാന്‍ യോഗ്യരല്ലെന്ന് കേന്ദ്രമന്ത്രിയും മുന്‍ കരസേനാ മേധാവിയുമായ ജനറല്‍ വി.കെ.സിങ് പ്രതികരിച്ചു. തനിക്ക് സേനയുടെ ചുമതല ഉണ്ടായിരുന്നെങ്കില്‍ ഇവരില്‍ ഒരാളെ പോലും എടുക്കില്ല. സൈന്യത്തില്‍ ചേരാന്‍ ആഗ്രഹമുണ്ടെങ്കില്‍, സേനയോട് ഏതെങ്കിലും തരത്തില്‍ ഒരു വികാരം ഉണ്ടായിരുന്നെങ്കില്‍ അവര്‍ പ്രതിഷേധിക്കില്ലെന്നും കേന്ദ്രമന്ത്രി അറിയിച്ചു. ഒരു സ്വകാര്യ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: