ശൈവസമ്പ്രദായത്തിലെ പ്രത്യേകതയാണ് പ്രമാത്യഭേദങ്ങള്. പ്രമാതാ എന്നാല്‍ അറിയുന്നവന്. പ്രമേയം അറിയപ്പെടുന്നത്. പ്രമാണം പ്രമേയത്തെ മനസ്സിലാക്കാന്‍ സഹായിക്കുന്നത് (വേദാന്തത്തില്‍ ത്രിപുടി തന്നെ). നമ്മളില്‍ കുടി കൊള്ളുന്ന ബോധമാണ് പ്രമാതൃബോധം എന്നു പറയാം. നമ്മുടെ അറിവിന് വിഷയമാകുന്നതെന്തും പ്രമേയങ്ങളാണ്. പ്രമേയങ്ങള്‍ സ്വയം പ്രകാശങ്ങളല്ല.
ശൈവധര്‍മമനുസരിച്ച് ഏഴ് പ്രമാതാക്കളാണ് ഉള്ളത്. ഓരോ പ്രമാതാവിനും ഓരോ പ്രമേയഭൂമികയുമുണ്ട്. അവ ശിവന്, മന്ത്രമഹേശ്വരന്‍, മന്ത്രേശ്വരന്‍, മന്ത്രന്‍, വിജ്ഞാനകലന്‍, പ്രളയകലന്‍, സകളന്‍.
ശിവനാണ് പരമപ്രമാതാവ്. എല്ലാ തത്ത്വങ്ങള്‍ക്കും മുകളിലായി, മഹാപ്രകാശ രൂപനായി, യാതൊരു ചൈതന്യമാണോ ഉള്ളത്, അതാണ് ശിവതത്ത്വം. എല്ലാ പ്രമാതാക്കളുടെയും ഉള്ളില്‍ പൂര്‍ണമായ ‘ഞാന്‍’ എന്ന അഹന്താ ചമത്കരമയനാണ് ശിവന്.
സദാശിവാവസ്ഥയില്‍ മന്ത്രമഹേശ്വരനാണ് പ്രമാതാവ്. ഈശ്വരാവസ്ഥയില്‍ മന്ത്രേശ്വരന്മാരാണ് പ്രമാതാക്കള്. ശുദ്ധവിദ്യാവസ്ഥയില് മന്ത്രനും ഈ നാലും ശുദ്ധാദ്ധ്വം ആണ്.
മഹാമായാതത്ത്വത്തില് വിജ്ഞാനകലനാണ് പ്രമാതാവ്. ഇത് ശുദ്ധാദ്ധ്വം ആണ്. ആണവമലം ചേര്‍ന്നിരിക്കുന്നു. മായാതത്ത്വം മുതല്‍ പ്രകൃതി വരെ പ്രമാതാവ് പ്രളയകലനാണ്. അശുദ്ധാദ്ധ്വം ആണിത്. ആണവമലവും മായിയ മലവും ഇവിടെ ചേര്‍ത്തിരിക്കുന്നു. പുരുഷന് മുതല്‍ പൃഥ്വി വരെയുള്ള തത്ത്വങ്ങളില്‍ സകളനാണ് പ്രമാതാവ്. ആണവവും മായിയവും കര്‍മവുമായ മലങ്ങള്‍ സകളനില് നിലനില്ക്കുന്നു.
മലത്രയങ്ങള്‍
മലം എന്നാല്‍ അജ്ഞാനം എന്നര്‍ത്ഥം. മലത്രയങ്ങള്‍ കാരണമാണ് പൂര്‍ണനായ ശിവന്, അപൂര്‍ണനായ ജീവനായി തീരുന്നത്. ശിവബോധത്തെ മറച്ചു വയ്ക്കുന്ന ആവരണശക്തിയാണ് മലം. ഇതും ശിവനില്‍ നിന്നു ഭിന്നമല്ല.
സൃഷ്ടി, സ്ഥിതി, സംഹാരം, തിരോധാനം, അനുഗ്രഹം എന്നീ പഞ്ചകൃത്യങ്ങളാണ് ശിവന്റേത്. ഇതില്‍ തിരോധാന ശക്തിയാണ് മലത്രയങ്ങളായി തീരുന്നത്.
സര്‍വതന്ത്രസ്വതന്ത്രനായ ശിവന്, സ്വന്തം ഇച്ഛയാല്‍ തന്റെ തന്നെ തിരോധാനശക്തി കൊണ്ട് സ്വസ്വരൂപത്തെ മറച്ചു വയ്ക്കുന്നു. ഇത് ശിവലീലയാണ്.
എപ്പോഴാണ് ശിവന് ഈ ലീലയെ മതിയാക്കുന്നത്, അപ്പോള്‍ സ്വേച്ഛയാല്‍ തന്റെ അനുഗഹശക്തി കൊണ്ട് ആവരണം നീക്കി പൂര്‍ണജ്ഞാനം കൈവരിക്കുന്നു.
ഈ മലങ്ങള്‍ അനാദിയാണ്. ശിവശക്തികള്‍ മായയ്ക്കും മുകളിലായതിനാല്‍ കാലദേശ പരിമിതികള്‍ക്കും അപ്പുറമാണ് മലത്രയങ്ങളുടെ സ്ഥിതി.
എപ്പോഴാണോ ശിവന്റെ അനുഗ്രഹശക്തി, ഒരു ജീവനില്‍ പതിക്കുന്നത്, അപ്പോള്‍ ആ ജീവന്, മലത്രയങ്ങള്‍ വെടിഞ്ഞ് പൂര്‍ണബോധം (ശിവബോധം) കൈവരിക്കുന്നു. ഓരോ ജീവനും ശിവനാണ്. ‘ജീവോ കഞ്ചുകിത ശിവഃ’
ആണവം, മായിയം, കര്‍മം എന്നിങ്ങനെ മലങ്ങള്‍ മൂന്നാണ്.
ആണവമലം:
ആണവം എന്നാല്‍ അണുവിനെ അഥവാ ജീവനെ സംബന്ധിച്ചത് എന്നര്‍ത്ഥം. ഓരോ ജീവനും ഉണ്ടാകുന്ന താന്‍ അപൂര്‍ണനാണെന്ന ബോധമാണ് ആണവമലം. ഈ മലത്തിന്റെ സാന്നിധ്യമാണ് പൂര്‍ണനായ ശിവനെ അപൂര്‍ണനായ ജീവനാക്കുന്നത്. ശിവന്റെ ശക്തികളായ ഇച്ഛാ ജ്ഞാന ക്രിയാശക്തികളില് ഇച്ഛാ ശക്തി സങ്കോചിച്ചാണ് ആണവമലം ഉണ്ടാകുന്നത്.
മായിയമലം:
മായ കാരണം ഉണ്ടാകുന്ന മലമാണ് മായിയമലം. മായയാണ് ഭേദജ്ഞാനം ഉണ്ടാക്കുന്നത്. അതായത് ഞനും ഈ പ്രപഞ്ചവും ഭിന്നമാണെന്ന ബോധമുണ്ടാക്കുന്നത് മായയാണ്. ശിവന്റെ ജ്ഞാനശക്തിയുടെ സങ്കോചമാണ് മായിയമലം.
കര്‍മമലം:
കര്‍മത്തില്‍ നിന്നും ഉണ്ടാകുന്നതാണ് കര്‍മമലം. പ്രവൃത്തിമൂലം ഒരാളില്‍ ഉണ്ടാകുന്ന ശുഭാശുഭവാസനകള് കര്‍മങ്ങള്‍ പുണ്യ പാപങ്ങള്‍ എന്ന തോന്നല്‍ അവശേഷിപ്പിക്കുന്നു. പുണ്യപാപബോധത്തോടു കൂടിയ വാസനാജന്യമായ മലമാണ് കര്‍മമലം. ഇത് ശിവന്റെ ക്രിയാശക്തിയുടെ സങ്കോചം മൂലമാണ്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: