ഫരീദാബാദ്: മാതാ അമൃതാനന്ദമയിയുടെ അനുഗ്രഹാശ്ശിസുകളോടെ മാതാ അമൃതാനന്ദമയി മഠം ഹരിയാനയിലെ ഫരീദാബാദില്‍ ആരംഭിക്കുന്ന അമൃത ആശുപത്രി ഉദ്ഘാടനത്തിന് ഒരുങ്ങി. ആഗസ്തില്‍ ആശുപത്രിയുടെ പ്രവര്‍ത്തനം ആരംഭിക്കും. ഒരു കോടി ചതുരശ്ര അടി വിസ്തീര്‍ണവും 2,400 കിടക്കകളുമുള്ള ആശുപത്രി ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രിയാണ്. കൊച്ചിയിലെ അമൃത ആശുപത്രി 25 വര്‍ഷം പിന്നിടുന്ന വേളയിലാണ് ഫരീദാബാദില്‍ അമൃത ആശുപത്രി പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഫരീദാബാദിലെ സെക്ടര്‍ 88ലാണ് 14 നിലകളുള്ള ടവര്‍ ഉള്‍പ്പെടെയുള്ള ആശുപത്രി സമുച്ചയം സ്ഥിതി ചെയ്യുന്നത്.
ഓങ്കോളജി, കാര്‍ഡിയാക് സയന്‍സസ്, ന്യൂറോ സയന്‍സസ്, ഗ്യാസ്‌ട്രോ സയന്‍സസ്, റിനല്‍ സയന്‍സസ്, ബോണ്‍ ഡിസീസ് ആന്‍ഡ് ട്രോമ, ട്രാന്‍സ്പ്ലാന്റ്‌സ്, മാതൃശിശു വിഭാഗം തുടങ്ങി എട്ട് മികവിന്റെ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ 81 സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍ ആശുപത്രിയിലുണ്ട്. 500 കിടക്കകളുമായാണ് ആദ്യഘട്ടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ 750 കിടക്കകളും അഞ്ച് വര്‍ഷത്തിനുള്ളില്‍ 1000 കിടക്കകളും സജ്ജമാക്കും. ആശുപത്രി പൂര്‍ണ്ണമായി പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ എണ്ണൂറിലധികം ഡോക്ടര്‍മാരുള്‍പ്പെടെ പതിനായിരത്തിലധികം ജീവനക്കാരുണ്ടാകും.
ലോകോത്തര നിലവാരത്തിലുള്ള ചികിത്സാ സജ്ജീകരണങ്ങളും സൗകര്യങ്ങളുമാണ് അമൃത ആശുപത്രിയില്‍ ഒരുക്കുന്നതെന്ന് ദല്‍ഹി മാതാ അമൃതാനന്ദമയി മഠം മഠാധിപതി സ്വാമി നിജാമൃതാനന്ദപുരി പറഞ്ഞു. രോഗികള്‍ക്ക് സൗഖ്യവും സഹായങ്ങളും ലഭ്യമാക്കുന്നതിനൊപ്പം മെഡിക്കല്‍ സയന്‍സിന്റെ പുരോഗതിക്കായുള്ള പ്രവര്‍ത്തനങ്ങളാണ് ആശുപത്രിയിലൂടെ ലക്ഷ്യമിടുന്നതെന്ന് അമൃത ഹോസ്പിറ്റല്‍സ് ഗ്രൂപ്പ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേം നായര്‍ പറഞ്ഞു. ആശുപത്രി പൂര്‍ണമായും പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍ 534 ക്രിട്ടിക്കല്‍ കെയര്‍ ബെഡുകള്‍ ഉള്‍പ്പെടെ ആകെ 2,400 കിടക്കകളുണ്ടാകുമെന്ന് ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സഞ്ജീവ് കെ. സിങ് പറഞ്ഞു. 64 മോഡുലാര്‍ ഓപ്പറേഷന്‍ തിയേറ്ററുകള്‍, അത്യാധുനിക ഇമേജിംഗ് സേവനങ്ങള്‍, പൂര്‍ണ്ണമായും ഓട്ടോമേറ്റഡ് ആയ റോബോട്ടിക് ലബോറട്ടറി, ഏറ്റവുമധികം കൃത്യത ഉറപ്പുതരുന്ന റേഡിയേഷന്‍ ഓങ്കോളജി, ന്യൂക്ലിയര്‍ മെഡിസിന്‍, അത്യാധുനിക സജ്ജീകരണങ്ങളോട് കൂടിയ ഒന്‍പത് കാര്‍ഡിയാക്, ഇന്റര്‍വെന്‍ഷണല്‍ കാത്ത് ലാബ് എന്നിവ ഇവിടെയുണ്ട്.
അത്യാധുനിക മെഡിക്കല്‍ ഗവേഷണത്തിന് പ്രത്യേക ഊന്നല്‍ നല്‍കുന്നതിനായി ഏഴ് നിലകളിലായി മൂന്ന് ലക്ഷം ചതുരശ്രഅടി വിസ്തീര്‍ണ്ണത്തിലാണ് റിസര്‍ച്ച് ബ്ലോക്ക് സജ്ജമാക്കുന്നത്. പകര്‍ച്ചവ്യാധികള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ഏറ്റവും മികച്ച സൗകര്യം ആശുപത്രിയില്‍ സജ്ജമാക്കും. മാതൃശിശു വിഭാഗത്തിനായി 1.5 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള ഒരുനിലയാണ് മാറ്റിവെച്ചിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ പീഡിയാട്രിക് സൂപ്പര്‍ സ്‌പെഷ്യാലിറ്റി സെന്റര്‍ എന്ന ബഹുമതിയും ആശുപത്രിക്ക് സ്വന്തമാകും. രാജ്യത്തെ ഏറ്റവും വലിയ ട്രാന്‍സ്പ്ലാന്റ് സെന്റര്‍ കൂടിയാകും ഈ ആശുപത്രി.
മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെയും ഡോക്ടര്‍മാരുടെയും പരിശീലനത്തിനും പുതിയ ആശുപത്രിയില്‍ പ്രത്യേകശ്രദ്ധ നല്‍കുന്നു. നാല് നിലകളിലായി ഒന്നര ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ അത്യാധുനിക റോബോട്ടിക്‌സ്, ഹാപ്റ്റിക്, സര്‍ജിക്കല്‍മെഡിക്കല്‍ സിമുലേഷന്‍ സെന്റര്‍ എന്നിവ ആശുപത്രിയിലുണ്ടാകും. ലോ കാര്‍ബണ്‍ കാഴ്ചപ്പാടോടെയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രീന്‍ ബില്‍ഡിംഗ് ഹെല്‍ത്ത് കെയര്‍ പ്രൊജക്ടുകളില്‍ ഒന്നാണ് ആശുപത്രി. അടിയന്തര സാഹചര്യങ്ങളില്‍ രോഗികളെ എത്തിക്കുന്നതിനായി കാമ്പസില്‍ ഒരു ഹെലിപാഡും രോഗികളുടെ കൂടെയുള്ളവര്‍ക്ക് താമസിക്കുന്നതിനായി 498 മുറികളുള്ള ഗസ്റ്റ്ഹൗസും ആശുപത്രിയിലുണ്ടാകും. മെഡിക്കല്‍ കോളേജും അനുബന്ധ ആരോഗ്യ ശാസ്ത്ര കാമ്പസുമുള്‍പ്പെടെ ഡോക്ടര്‍മാര്‍ക്കുള്ള രാജ്യത്തെ ഏറ്റവും വലിയ പഠനവികസന സൗകര്യമാണ് ഇവിടെ സജ്ജമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: