കൊല്ലം: ഡെങ്കിപ്പനി ബാധിക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ പരമാവധി ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. ലോകാരോഗ്യ സംഘടനയും തിരുവനന്തപുരം മെഡിക്കല്‍ കോളേജും സംയുക്തമായി ജില്ലയില്‍ നടത്തിയ പഠനത്തില്‍ നഗരപ്രദേശങ്ങളില്‍ 50 ശതമാനം പേരും ഗ്രാമപ്രദേശങ്ങളില്‍ 30 ശതമാനം പേരും ഡെങ്കിപ്പനി ബാധിതരായി കണ്ടെത്തിയിരുന്നു.
ഒരുതവണ ഡെങ്കിപ്പനി ബാധിച്ചവര്‍ക്ക് വീണ്ടും രോഗമുണ്ടായാല്‍ രക്തസ്രാവം ഉള്‍പ്പെടെ ഉണ്ടായി അവസ്ഥ മാരകമാകും. ഈ വര്‍ഷം ഇതുവരെ 200 ഡെങ്കിപ്പനി സംശയിക്കുന്ന കേസുകളും 69 സ്ഥിരീകരിച്ച കേസുകളും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ 231 ഡെങ്കിപ്പനി സംശയിക്കുന്ന കേസുകളും 114 സ്ഥിരീകരിച്ച കേസുകളും ഒരു ഡെങ്കിപ്പനി സംശയിക്കുന്ന മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. 2020ല്‍ 584 സംശയകരമായ കേസുകളും 460 സ്ഥിരീകരിച്ച കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മൂന്ന് ഡെങ്കിപ്പനി സംശയിക്കുന്ന മരണവും നാല് സ്ഥിരീകരിച്ച മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ചെറിയ അളവ് വെള്ളത്തില്‍ പോലും ഈഡിസ് കൊതുകുകള്‍ മുട്ടയിട്ട് പെരുകും. വൈറസ് ബാധയുള്ള കൊതുകിന്റെ മുട്ടകളിലും വൈറസ് ബാധയുണ്ടാകും. സാധാരണയായി വീടുകളുടെ പരിസരത്ത് തന്നെ മുട്ടയിട്ട് വരുന്ന ഈ കൊതുകുകള്‍ അവയുടെ പറക്കല്‍ പരിധിയുടെ അരക്കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളില്‍ രോഗവ്യാപനത്തിന് കാരണമാകും. അതിനാല്‍ സ്വന്തം വീടുകളില്‍ ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതോടൊപ്പം മറ്റുള്ളവരെ അതിന് പ്രോത്സാഹിപ്പിക്കുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: