പുനലൂര്‍: നിശ്ചിത സമയം കഴിഞ്ഞ് ആറുമാസം പിന്നിട്ടിട്ടും അച്ചന്‍കോവില്‍ പ്രീമെട്രിക് ഹോസ്റ്റല്‍ തുറന്നു കൊടുക്കാത്തത് വിദ്യാര്‍ഥിനികളെ ബുദ്ധിമുട്ടിക്കുന്നു. നിലവില്‍ പട്ടികവര്‍ഗ വിദ്യാര്‍ഥിനികള്‍ക്കായി അച്ചന്‍കോവിലിലുള്ള ഹോസ്റ്റല്‍ അസൗകര്യവും മറ്റ് ബുദ്ധിമുട്ടുകളും പരിഗണിച്ച് നാലുവര്‍ഷം മുമ്പാണ് നിര്‍മാണത്തിന് കരാര്‍ നല്‍കിയത്. കിഫ്ബിയില്‍നിന്ന് 4.60 കോടി രൂപ അനുവദിച്ചിരുന്നു.
നിലവിലെ ഹോസ്റ്റലിന് സമീപം മൂന്ന് നിലകളിലായി 14,000 സ്വകയര്‍ഫീറ്റ് വിസ്തൃതിയിലാണ് ആധുനിക സൗകര്യങ്ങളോടെ കെട്ടിടം നിര്‍മിച്ചത്. നൂറിലധികം കുട്ടികള്‍ക്ക് ഒരേസമയം താമസിച്ച് പഠിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡായിരുന്നു നിര്‍വഹണ ഏജന്‍സി. കൊവിഡും തുടര്‍ന്നുള്ള നിയന്ത്രണങ്ങളും കാരണം കെട്ടിടം നിര്‍മാണം നീണ്ടുപോയി.
നിലവിലുള്ള ഹോസ്റ്റലിലെ അന്തേവാസികളായ പല കുട്ടികളും കെട്ടിടത്തിലെ അസൗകര്യം കണക്കിലെടുത്ത് ഹോസ്റ്റല്‍ മതിയാക്കി വീടുകളിലേക്ക് മടങ്ങി. നിലവില്‍ 20 കുട്ടികളാണുള്ളത്. കെട്ടിട നിര്‍മാണം വൈകുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ കഴിഞ്ഞ സെപ്റ്റംബര്‍ ആദ്യവാരത്തില്‍ പി.എസ്. സുപാല്‍ എംഎല്‍എ ബന്ധപ്പെട്ട അധികൃതരുടെ യോഗം വിളിച്ചുകൂട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഡിസംബര്‍ 21ന് കെട്ടിടം പണി പൂര്‍ത്തിയാക്കി. ഇതിനിടെ കെട്ടിട നിര്‍മാണം വൈകിയതിന് കരാറുകാരനല്‍നിന്ന് 38 ലക്ഷം രൂപ നിര്‍വഹണ ഏജന്‍സി നഷ്ടപരിഹാരം ഈടാക്കുകയുണ്ടായി. കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് സാധനങ്ങള്‍ എത്തിക്കാനുള്ള ബുദ്ധിമുട്ടും ഒപ്പം കെട്ടിടത്തിന് സമീപം കൊവിഡ് സെന്റര്‍ പ്രവര്‍ത്തിച്ചതും കാരണമാണ് നിര്‍മാണം വൈകിയതെന്നാണ് കരാറുകാര്‍ പറയുന്നത്.
കൂടാതെ കരാര്‍ തുകയില്‍ 1.60 കോടി രൂപ മാത്രമേ ഇതുവരെ കരാറുകാരന് നല്‍കിയുള്ളൂ. കെട്ടിടം സമയത്തിന് തുറക്കാത്തത് കാരണം ഈ അധ്യയന വര്‍ഷാരംഭത്തില്‍ കൂടുതല്‍ കുട്ടികളെ ഹോസ്റ്റലില്‍ പ്രവേശിപ്പിക്കാനായില്ല. ഇതുമൂലം നിരവധി പട്ടികവര്‍ഗ കുട്ടികളുടെ അവസരം നഷ്ടപ്പെടുന്നതായും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: