തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് രഹസ്യമൊഴി നല്‍കുന്നതിന് മുന്‍പ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെതിരെയും മുന്‍ മന്ത്രി കെ.ടി. ജലീലിനെതിരെയും ആരോപണം. ഷാര്‍ജയില്‍ അടുത്ത സുഹൃത്തുക്കള്‍ നടത്തുന്ന കോളേജിന്റെ ബ്രാഞ്ച് തുടങ്ങാന്‍ വേണ്ടി ശ്രീരാമകൃഷ്ണന് ഇടപെട്ടെന്നാണ് സ്വപ്നയുടെ ആരോപണം. മിഡില്‍ ഈസ്റ്റില്‍ കോളേജ് തുടങ്ങാന്‍ ഭൂമിക്കായി ഷാര്‍ജാ ഭരണാധികാരിയെ സമീപിച്ചു. പി. ശ്രീരാമകൃഷ്ണന് ഒരു ബാഗ് നിറയെ പണം യുഎഇ കോണ്‍സല്‍ ജനറലിന് നല്കി. ഇക്കാര്യം കോണ്‍സുല്‍ ജനറലാണ് വ്യക്തമാക്കിയത്.ഈ പണം അടങ്ങിയ ബാഗ് കോണ്‍സുല്‍ ജനറല്‍ ഏല്‍പ്പിച്ചത് സരിത്തിനെയാണ്. പണം കോണ്‍സുലേറ്റ് ജനറലിന് നല്കിയ ശേഷം ബാഗ് സരിത്ത് എടുക്കുകയായിരുന്നു. ഈ ബാഗ് പിന്നീട് കസ്റ്റംസ് സരിത്തിന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്തെന്നും സ്വപ്ന സുരേഷ് സത്യവാങമൂലത്തില്‍ വ്യക്തമാക്കി.
അതേസമയം ജലീലിനെതിരേ ബിനാമി ആരോപണവും സത്യവാങ്മൂലത്തില്‍ ഉണ്ട്. മുംബൈ ആസ്ഥാനമായുള്ള ഫ്ളൈ ജാക്ക് ലോജിസ്റ്റിക്സ് ഉടമ മാധവ വാര്യര്‍ ജലീലിന്റെ ബിനാമിയാണ്. ഈ കമ്പനി വഴിയാണ് ജലീലിന്റെ ഇടപാടുകള്‍. സംസ്ഥാനത്ത് പുറത്തെ കോണ്‍സുലേറ്റ് വഴിയും ഖുര്‍ആന്‍ എത്തിച്ചുവെന്നും അവര്‍ ആരോപിച്ചു. ഷാര്‍ജ ഭരണാധികാരിക്ക് ഡി ലിറ്റ് നല്കാന് വേണ്ടി ജലീല്‍ സമ്മര്‍ദ്ദം ചെലുത്തി. ഇതിനായി വൈസ് ചാന്‍സലര്‍ ഡോ. മുഹമ്മദ് ബഷീറിനെ സ്വാധീനിച്ചെന്നും സത്യവാങ്മൂലത്തില്‍ സ്വപ്ന സുരേഷ് ആരോപിച്ചു. ഇന്നലെ ഷാര്‍ജ ഭരണാധികാരി മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ക്ലിഫ് ഹൗസിലെ അടച്ചിട്ട മുറിയില്‍ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്ന് സ്വപ്ന സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. മകള്‍ വീണയുടെ ബിസിനസ് ഷാര്‍ജയിലേക്ക് വ്യാപിപ്പിക്കാനുള്ള ചര്‍ച്ചയായിരുന്നു എന്നും എന്നാല്‍ ഷാര്‍ജ ഭരണാധികാരി ഇതു നിരസിച്ചെന്നുമാണ് സ്വപ്ന ആരോപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: