മണ്ണിലെ നക്ഷത്രങ്ങള്‍ പന്തുകൊണ്ട് മൈതാനത്ത് നൃത്തം ചവിട്ടുന്ന സുന്ദര നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ ഇനി 143 ദിവസം മാത്രം. ഫുട്ബോളിലെ മിശിഹ അര്‍ജന്റീനയുടെ ലയണല്‍ മെസ്സി, പോര്‍ച്ചുഗലിന്റെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ, ബ്രസീലിന്റെ നെയ്മര്‍, പോളണ്ടിന്റെ റോബര്‍ട്ടൊ ലെവന്‍ഡോവ്സ്‌കി തുടങ്ങിയവര്‍ മാസ്മരിക പ്രകടനത്തിലൂടെ ആരാധകരെ അത്ഭുത ലോകത്തെത്തിക്കാന്‍ ഖത്തറിലെത്തും. ലോകകപ്പ് കളിക്കാനുള്ള 32 ടീമുകളും തയ്യാറായി. ഇനി പരിശീലന മത്സരങ്ങള്‍ക്കുള്ള ഒരുക്കം.
ചൊവ്വാഴ്ച രാത്രി കോസ്റ്ററിക്കയാണ് ഏറ്റവുമൊടുവില്‍ ഖത്തറിലേക്ക് ടിക്കറ്റെടുത്തത്. കോണ്‍കാകാഫ് മേഖലയില്‍ നിന്നുള്ള കോസ്റ്ററിക്ക, ഓഷ്യാന മേഖലയില്‍ നിന്നുള്ള ന്യൂസിലന്‍ഡിനെ അവസാന പ്ലേഓഫില്‍ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചു. 2010നു ശേഷം ആദ്യമായി ലോകകപ്പ് പ്രവേശമെന്ന ന്യൂസിലന്‍ഡിന്റെ സ്വപ്നം തകര്‍ന്നു.
നവംബര്‍ 21നാണ് കിക്കോഫ്. ഡിസംബര്‍ എട്ടിന് കലാശപ്പോരാട്ടം. ടീമുകളെ എട്ട് ഗ്രൂപ്പുകളായി തിരിച്ചാണ് പ്രാഥമിക റൗണ്ട് പോരാട്ടം. ഡിസംബര്‍ രണ്ട് വരെ ഗ്രൂപ്പ് മത്സരങ്ങള്‍. ഗ്രൂപ്പിലെ ആദ്യ രണ്ട് ടീമുകള്‍ പ്രീ ക്വാര്‍ട്ടറിലേക്ക്. ഡിസംബര്‍ മൂന്നു മുതല്‍ ആറ് വരെ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍. ഒമ്പത്, 10 തീയതികളില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍, 13, 14 തീയതികളില്‍ സെമി, 17ന് ലൂസേഴ്സ് ഫൈനല്‍. ദോഹയിലെ അല്‍ തുമാമ സ്റ്റേഡിയത്തില്‍ ആദ്യ മത്സരത്തില്‍ ഗ്രൂപ്പ് എയില്‍ സെനഗലും നെതര്‍ലന്‍ഡ്സും ഏറ്റുമുട്ടുന്നതോടെ 22-ാമത് ലോകകപ്പിന് തുടക്കമാകും.
ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഖത്തര്‍ പന്ത് തട്ടുക. ചരിത്രത്തില്‍ ആദ്യമായാണ് ഗള്‍ഫ് രാജ്യം ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. അഞ്ച് നഗരങ്ങളിലെ എട്ട് സ്റ്റേഡിയങ്ങളിലായാണ് പോരാട്ടങ്ങള്‍. ലുസൈലിലെ ഐകോണിക്, അല്‍ ഖോറിലെ അല്‍ ബെയ്ത്, ദോഹയിലെ സ്റ്റേഡിയം 974 (റാസ് അബൂഅബൂദ് സ്റ്റേഡിയം), അല്‍ തുമാമ, അല്‍ റയാനിലെ എജ്യുക്കേഷന്‍ സിറ്റി, അഹമദ് ബിന്‍ അലി, അല്‍ വക്രറയിലെ ഖലീഫ, അല്‍ ജനൂബ് സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങള്‍. എട്ട് സ്റ്റേഡിയങ്ങളും സജ്ജമായി. 70 കിലോമീറ്ററിനുള്ളിലാണ് ഈ എട്ട് സ്റ്റേഡിയങ്ങളും.
പ്രഥമ കാര്‍ബണ്‍ ന്യൂട്രല്‍ ലോകകപ്പ്, ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരുടെ സാന്നിധ്യം, സുസ്ഥിരതക്ക് ഊന്നല്‍ നല്‍കിയുള്ള നിര്‍മാണം, ചുട്ടുപൊള്ളുന്ന മരുഭൂമിയിലെ കാലാവസ്ഥയിലും കളിക്കാനുള്ള സൗകര്യമൊരുക്കുന്ന ശീതീകരണ സംവിധാനങ്ങളോടെയുള്ള വേദികള്‍, നവംബര്‍-ഡിസംബര്‍ മാസങ്ങളിലെ ആദ്യ ലോകകപ്പ്, പൊതുഗതാഗതത്തിന് ഇലക്ട്രിക് വാഹനങ്ങള്‍ അങ്ങനെ ഒട്ടേറെ പ്രത്യേകതകളാണ് ഈ ചാമ്പ്യന്‍ഷിപ്പിനുള്ളത്.
ഗ്രൂപ്പ് എ
ഖത്തര്‍, ഇക്വഡോര്‍,
സെനഗല്‍, നെതര്‍ലന്‍ഡ്സ്
ഗ്രൂപ്പ് ബി
ഇംഗ്ലണ്ട്, ഇറാന്‍, അമേരിക്ക,
വെയ്ല്‍സ്
ഗ്രൂപ്പ് സി
അര്‍ജന്റീന, സൗദിഅറേബ്യ,
മെക്സിക്കോ, പോളണ്ട്
ഗ്രൂപ്പ് ഡി
ഫ്രാന്‍സ്, ഓസ്ട്രേലിയ,
ഡെന്മാര്‍ക്ക്, ടുണീഷ്യ
ഗ്രൂപ്പ് ഇ
സ്പെയിന്‍, കോസ്റ്ററിക്ക,
ജര്‍മനി, ജപ്പാന്‍
ഗ്രൂപ്പ് എഫ്
ബെല്‍ജിയം, കാനഡ,
മൊറോക്കോ, ക്രൊയേഷ്യ
ഗ്രൂപ്പ് ജി
ബ്രസീല്‍, സെര്‍ബിയ,
സ്വിറ്റ്സര്‍ലന്‍ഡ്, കാമറൂണ്‍
ഗ്രൂപ്പ് എച്ച്
പോര്‍ച്ചുഗല്‍, ഘാന,
ഉറുഗ്വെ, ദക്ഷിണകൊറിയ
പ്രതികരിക്കാൻ ഇവിടെ എഴുതുക: