തിരുവനന്തപുരം: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നതിനെതിരായ കോണ്‍ഗ്രസ് പ്രതിഷേധം ഇരട്ടത്താപ്പാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. കേരളത്തില്‍ ഇഡി അന്വേഷണത്തെ സ്വാഗതം ചെയ്യുന്ന വിഡി സതീശന് ദല്‍ഹിയില്‍ അതിനെ എതിര്‍ക്കുന്നത് വിരോധാഭാസമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. അഴിമതിയേയും കള്ളപ്പണം വെളുപ്പിക്കലിനെയും അനുകൂലിച്ച് പരസ്യമായി സമരം ചെയ്യുന്ന കോണ്‍ഗ്രസുകാര്‍ക്ക് പിണറായി വിജയനെ എതിര്‍ക്കാനുള്ള ധാര്‍മ്മിക അവകാശമില്ല. രാഹുല്‍ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുകയാണെന്നും നമ്മള് സമാന ദുഖിതരാണെന്നും പിണറായി വിജയന് വിഡി സതീശനെ കഴിഞ്ഞ ദിവസം ഓര്‍മ്മിപ്പിച്ചിരുന്നു.
അഴിമതിയുടെ കാര്യത്തില്‍ യുഡിഎഫും എല്‍ഡിഎഫും പരസ്പര സഹകരണ മുന്നണികളാണ്. രാഹുല്‍ ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടേയും അഴിമതി കേസില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മൗനത്തിലായതും ഈ അവിശുദ്ധ സഖ്യത്തിന്റെ തെളിവാണെന്ന് സുരേന്ദ്രന് പറഞ്ഞു.
പിണറായി വിജയനെതിരെ ബിജെപി സമരം ശക്തമാക്കും. എന്നാല്‍ കോണ്‍ഗ്രസും സിപിഎമ്മും അക്രമം നടത്തി സ്വര്‍ണ്ണക്കള്ളക്കടത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നത്. ജനാധിപത്യസമരത്തെ അടിച്ചമര്‍ത്താമെന്നത് മുഖ്യമന്ത്രിയുടെ വ്യാമോഹം മാത്രമാണ്. സെക്രട്ടറിയേറ്റിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് അതിക്രമം അപലപനീയമാണ്. യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ സിആര്‍ പ്രഫുല്‍ കൃഷ്ണന് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന പൊലീസ് അതിക്രമത്തിനെതിരെ ശക്തമായ പ്രതിഷേധം കെ.സുരേന്ദ്രന് രേഖപ്പെടുത്തി. നാളെ മുതല്‍ 22 വരെ ബിജെപി സംസ്ഥാനത്തെ 280 മണ്ഡലങ്ങളിലും ജനകീയ വിചാരണ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: