കൊട്ടാരക്കര: കൊട്ടാരക്കര നഗരസഭ ഐസിഡിഎസ് കീഴിലുള്ള ഇടിസി 28 നമ്പര്‍ അങ്കണവാടിയില്‍ നിന്നും കുട്ടികള്‍ക്ക് വിതരണം ചെയ്ത കുടുംബശ്രീ അമൃതം പൊടിയില്‍ ചത്ത് ദ്രവിച്ച പല്ലിയുടെ അവശിഷ്ടം. തൃക്കണ്ണമംഗല്‍ ഇടിസി അനുഭവനില്‍ രേഷ്മയുടെ മൂന്നു വയസുള്ള കുട്ടിക്ക് ലഭിച്ച അമൃതം പൊടിയിലാണ് ചത്ത പല്ലിയെ ലഭിച്ചത്.
രാവിലെ കവര്‍ പൊട്ടിച്ചു മറ്റൊരു പാത്രത്തിലേക്ക് പൊടി ഇട്ടപ്പോഴാണ് പല്ലിയുടെ അവശിഷ്ടം കണ്ടത്. കാസര്‍കോട് നിര്‍മിച്ച തഴവ ടെന്‍സ്റ്റാര്‍ ഗ്രൂപ്പ് ലേബലാണ് അമൃതം പൊടി. സംഭവമറിഞ്ഞു രാഷ്ട്രീയ പൊതുപ്രവര്‍ത്തകരും, ജനപ്രതിനിധികള്‍ ഉള്‍പ്പടെ വീട് സന്ദര്‍ശിച്ചു. ഐസിഡിഎസ് ഉദ്യോഗസ്ഥ അമൃതം പൊടി പരിശോധനക്കായി കൊണ്ടുപോയി. ഏപ്രില്‍ മാസത്തില്‍ വിതരണം ചെയ്തതെന്നാണ് അവര്‍ പറയുന്നത്. കഴിഞ്ഞയാഴ്ച സമീപത്തെ കല്ലുവാതുക്കല്‍ അങ്കണവാടിയില്‍ നിന്നും ചെള്ളുകയറി പഴകി ഉപയോഗ ശൂന്യമായ അരി പാചക ചെയ്തു നല്‍കിയതിനെ തുടര്‍ന്ന് പത്തോളം കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധ ഏറ്റിരുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തുടരെ ഉണ്ടാകുന്ന ഭക്ഷ്യ സുരക്ഷ വീഴ്ചയെ തുടര്‍ന്ന് രക്ഷിതാക്കള്‍ ഭീതിയിലാണ്. മുന്‍പ് സമാനമായ വീഴ്ച ഉണ്ടായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി എന്ന് പറയപ്പെടുന്ന ഗ്രൂപ്പില്‍ നിന്നു തന്നെയാണ് വീണ്ടും വിതരണം നടക്കുന്നതെന്ന് ആരോപണവും ശക്തമാണ്. ടെന്‍ സ്റ്റാര്‍ തഴവ ഗ്രൂപ്പില്‍ നിന്നും അമൃതംപൊടിയുടെ കരാര്‍ നഗരസഭ ഇനി എടുക്കില്ലെന്ന സ്ഥലം സന്ദര്‍ശിച്ച നഗരസഭാ ചെയര്മാന് എ.ഷാജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: