Categories: India

നവീനും കേജരിവാളും കെസിആറും യോഗത്തില്‍ എത്തില്ല; സംയുക്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള മമതയുടെ നീക്കത്തിന് തിരിച്ചടി

നേരത്തെ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പേരും രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ഉയര്‍ന്ന് വന്നിരുന്നു. താന്‍ മത്സരിക്കാനില്ലെന്ന് നിതീഷ്‌കുമാര്‍ തിങ്കളാഴ്ച തന്നെ വ്യക്തമാക്കിയിരുന്നു.

Published by

ന്യൂദല്‍ഹി: രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ സംയുക്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള മമതയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടി. യോഗത്തില്‍ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു പങ്കെടുക്കില്ല. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്, ദല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കേജരിവാള്‍ എന്നിവരും പങ്കെടുക്കില്ലായെന്ന് നേരത്തെ തന്നെ സൂഡന നല്‍കിയിരുന്നു.

സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച ശേഷം നിലപാട് അറിയിക്കാമെന്നാണ് ആപ്പിന്റെ നിലപാട്. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ യോഗത്തില്‍ പങ്കെടുക്കില്ലായെന്ന് നേരത്തേ അറിയിച്ചിരുന്നു.  അയോധ്യാ സന്ദര്‍ശനമാണ് അദേഹം കാരണമായി പറഞ്ഞത്. വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവും ആന്ധ്രാ മുഖ്യമന്ത്രിയുമായ ജഗ്‌മോഹനെ ക്ഷണിച്ചിട്ടില്ലായെന്നാണ് ലഭിക്കുന്ന വിവരം.  

പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായി ശരത് പവാറിനെ കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അദേഹം അതിന് വഴങ്ങിയില്ല. പവാറിന്റെ പിന്മാറ്റത്തിന് പിന്നില്‍ ബിജെപിയുടെ വിജയസാധ്യതയാണെന്ന് കണക്കാക്കപ്പെടുന്നു. 81ാം വയസ്സില്‍ രാഷ്‌ട്രപതിയാകാന്‍ മത്സരിച്ച് തോല്‍ക്കുന്നത് ശരത് പവാറിനെപ്പോലെ ഒരു സീനിയര്‍ നേതാവിനെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ബിജെപിക്ക് മാത്രം ലോക്‌സഭയില്‍ 300 സീറ്റുകളുണ്ട്. യുപി ഉള്‍പ്പെടെയുള്ള നിരവധി സംസ്ഥാനങ്ങളിലെ ബിജെപിയുടെ അധികാരവും എന്‍ഡിഎയ്‌ക്ക് മുന്‍തൂക്കം നല്‍കുന്നു.  

രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയെ സ്വന്തം നിലയില്‍ വിജയിപ്പിക്കാനാവശ്യമായ 50 ശതമാനത്തില്‍ അധികം വോട്ട്  ഇല്ലെങ്കിലും എന്‍ഡിഎയെ പിന്തുണയ്‌ക്കുന്ന ജഗന്‍ റെഡ്ഡിയുടെ വൈഎസ് ആര്‍, ഒഡീഷ മുഖ്യമന്ത്രിയുടെ ബിജു ജനതാദള്‍ എന്നീ പാര്‍ട്ടികളുടെ പിന്തുണ ലഭിയ്‌ക്കും. ബീഹാറിലെ നീതീഷ് കുമാറിന്റെ പിന്തുണയ്‌ക്കും ബിജെപി ശ്രമം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അങ്ങിനെയെങ്കില്‍ പ്രതിപക്ഷ ഐക്യം ഉണ്ടായാലും ബിജെപി പിന്തുണയ്‌ക്കുന്ന സ്ഥാനാര്‍ത്ഥി വിജയിക്കാനുള്ള സാധ്യത കൂടുതലാണ്. ഇതാണ് ശരത് പവാറിനെ ആശങ്കപ്പെടുത്തുന്നത്.  

നേരത്തെ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പേരും രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയായി ഉയര്‍ന്ന് വന്നിരുന്നു. താന്‍ മത്സരിക്കാനില്ലെന്ന് നിതീഷ്‌കുമാര്‍ തിങ്കളാഴ്ച തന്നെ വ്യക്തമാക്കിയിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക