തൃശൂര്‍: കൊവിഡിന് ശേഷം പൂര്‍ണതോതില്‍ സ്കൂളുകള്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോഴും സ്കൂളുകളില്‍ സ്ഥാപിച്ചിരുന്ന ‘പരാതിപ്പെട്ടി’കള്‍ പരിധിക്ക് പുറത്ത്. സ്കൂളുകളില്‍ പരാതിപ്പെട്ടികള്‍ നിര്‍ബന്ധമായും സ്ഥാപിക്കണമെന്നും കുട്ടികളുടെ പരാതികള്‍ അന്വേഷിച്ച് നടപടി എടുക്കണമെന്നും നിര്‍ദേശമുള്ളപ്പോഴാണ് ജില്ലയിലെ പാതിയിലധികം സ്കൂളുകളിലും പരാതിപ്പെട്ടികള്‍ ഇല്ലാത്ത അവസ്ഥ.
ചില സ്കൂളുകളില്‍ മുന്‍പ് സ്ഥാപിച്ചവ തുരുമ്പെടുത്ത നിലയിലുമാണ്. കോവിഡിനു ശേഷമാണ് മിക്ക സ്കൂളുകളിലും പെട്ടികള്‍ കാണാതായത്. എന്നാല്‍ പോലീസ് നേരിട്ട് സ്ഥാപിച്ചിരുന്ന പല പെട്ടികളും ഇപ്പോള്‍ എവിടെയാണെന്ന് പോലും അറിയില്ലെന്നാണ് ചില സ്കൂളുകളിലെ അധികൃതരുടെ വിശദീകരണം.
കൊവിഡ് സമയത്ത് സ്കൂള്‍ അടഞ്ഞു കിടന്നപ്പോള്‍ പരാതിപ്പെട്ടികള്‍ ഉപയോഗശൂന്യമായെന്ന പേരില്‍ പുതിയ അധ്യയനവര്‍ഷം പരാതിപ്പെട്ടി പുനഃസ്ഥാപിക്കാത്ത സ്കൂളുകളുമുണ്ട്. വിദ്യാര്‍ത്ഥികള്‍ പരാതികള്‍ നേരിട്ടു നല്‍കുന്നതാണ് രീതിയെന്നും അതുകൊണ്ടാണ് ഇവ സ്ഥാപിക്കാതിരുന്നതെന്നുമാണ് അധ്യാപകര്‍ പറയുന്നു.
പരാതിപ്പെട്ടികള്‍ ഉള്ള സ്കൂളുകളില്‍ മിക്കതും സ്ഥാപിച്ചിരിക്കുന്നത് പ്രധാനാധ്യാപികയുടെ റൂമിലോ അതിനോട് ചേര്‍ന്നോ ആണ്. പരാതികള്‍ ലഭിക്കാറില്ല എന്ന് പല സ്കൂളുകളും പറയുമ്പോള്‍ പരാതി നല്‍കാനുള്ള സാഹചര്യമില്ലാത്തതാണ് പ്രശ്നമെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.
വിദ്യാര്‍ഥികള്‍ക്ക് പരാതി ഇടാന്‍ കഴിയാത്ത അത്ര ഉയരത്തിലാണ് പല യുപി സ്കൂളുകളിലും പെട്ടികള്‍ സ്ഥാപിച്ചിരിക്കുന്നത്. തുറക്കാതെ പെട്ടികള്‍ തുരുമ്പെടുക്കുമ്പോഴും ഇതുവരെ പരാതികള്‍ ഒന്നും വന്നിട്ടില്ലെന്ന് അധ്യാപകര്‍ പറയുന്നു.
ഒരു സര്‍ക്കാര്‍ സ്ക്കൂളിലെ പരാതിപ്പെട്ടിയില്‍ അധ്യാപകര്‍ക്ക് എതിരെ പരാതികള്‍ നിറഞ്ഞ് വിവാദമായതോടെയാണ് പരാതിപ്പെട്ടി തന്നെ അപ്രത്യക്ഷമായത്. ഈയിടെ വീണ്ടും പുനഃസ്ഥാപിച്ചു. പക്ഷേ തുറക്കാറില്ലെന്ന് മാത്രം. ജനമൈത്രി പോലീസ് സ്റ്റേഷനുകള്‍ വഴിയും സ്കൂളുകള്‍ നേരിട്ടും സ്ഥാപിച്ച പരാതിപ്പെട്ടികള്‍ സ്കൂളുകളില്‍ ഉണ്ട്. രണ്ടാഴ്ചയില്‍ ഒരിക്കലെങ്കിലും പെട്ടികള്‍ തുറക്കണമെന്നും പരാതികളില്‍ നടപടി സ്വീകരിക്കണമെന്നുമാണ് നിര്‍ദേശം.
സ്കൂള്‍ എച്ച് എം / പ്രിന്‍സിപ്പല്‍, പഞ്ചായത്ത് വാര്‍ഡ് അംഗം, എസ് ഐ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്, ഒരു സിപിഒ, ഒരു വനിതാ സിപിഒ എന്നിവര്‍ ഉള്‍പ്പെടുന്ന സ്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിനാണ് പരാതിപ്പെട്ടിയുടെ ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: