എരുമേലി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വക പാത്തിക്കക്കാവില്‍ അതിക്രമിച്ചു കയറി ലക്ഷങ്ങള്‍ വിലമതിക്കുന്ന മരങ്ങള്‍ വെട്ടുകയും – വര്‍ഷങ്ങള്‍ പഴക്കമുള്ള കാവ് നശിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ സമീപവാസികളായ രണ്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പ്രദേശവാസികളായ ജോയ്, ബേബി എന്നിവര്‍ക്കെതിരെയാണ് കേസ്.
എരുമേലി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡായ ഒഴക്കനാട് പാത്തിക്കക്കാവില്‍ കഴിഞ്ഞ നാലിനായിരുന്നു സംഭവം. കാവിനാട് ചേര്‍ന്നുള്ള വീടിന് മരത്തിന്റെ ശിഖരങ്ങള്‍ ഭീഷണിയാണെന്ന പേരിലാണ് മരങ്ങള്‍ വെട്ടിമാറ്റിയത്. എന്നാല്‍ സ്ഥലത്തിന്റെ ഉടമ കൂടിയായ ദേവസ്വം ബോര്‍ഡിനെ അറിയിക്കാതെ ഗ്രാമപഞ്ചായത്തിന്റെ അനുമതിയോടെ മരങ്ങള്‍ വെട്ടിമാറ്റിയതെന്ന് അധികൃതര്‍ പറഞ്ഞു.
വീടിന് ഭീഷണിയുള്ള മരങ്ങള്‍ ഉടമകള്‍ സ്വന്തം ചെലവിലും വെട്ടിമാറ്റണമെന്ന കോടതി നിര്‍ദ്ദേശത്തിന്റെ മറപിടിച്ചാണ് ദേവസ്വം ബോര്‍ഡ് വക കാവില്‍ അതിക്രമിച്ചു കയറി ഇവര്‍ മരങ്ങള്‍ വെട്ടിമാറ്റിയിരിക്കുന്നതെന്നും ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറഞ്ഞു. വീടിന് ഭീഷണിയായി നില്ക്കുന്ന മരങ്ങള്‍ വെട്ടിമാറ്റാന്‍ ആരും തങ്ങളെ സമീപിച്ചിരുന്നില്ലെന്നും ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറഞ്ഞു.
ശിഖിരങ്ങള്‍ മാത്രം മുറിച്ചു മാറ്റേണ്ടതിന് പകരം ലക്ഷങ്ങള്‍ വിലമതിക്കുന്ന മരങ്ങളാണ് മുറിച്ചത്. എന്നാല്‍ വീടിന് ഭീഷണിയായ മരം വെട്ടി മാറ്റുകയാണ് ചെയ്തതെന്നും ഗ്രാമപഞ്ചായത്തംഗം സുനിമോള്‍ പറഞ്ഞു. കാവിലെ മരങ്ങള്‍ വെട്ടി നശിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. എന്നാല്‍ കാവിലെ മരങ്ങള്‍ വെട്ടിമാറ്റിയ സംഭവം മോഷണശ്രമമല്ലെന്ന് എരുമേലി എസ്.ഐ എം.എസ്. അനീഷ്കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: