ഡോ. അംബികാ സോമനാഥ്
സര്‍വശാസ്ത്ര പണ്ഡിതനായിരുന്ന മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരിപ്പാടിന് അവിചാരിതമായി വന്നുപെട്ട വാതരോഗത്തില്‍ നിന്ന് മുക്തനാവാന്‍ ഗുരുവായൂരപ്പനെ ശരണം പ്രാപിച്ചു. നൂറു ദിവസം ഭജനമിരുന്ന് ആ മഹാവൈദ്യന്റെ പരബ്രഹ്മസ്വരൂപത്തെ വര്‍ണിച്ച് മതിയാകാതെ കേശാദിപാദം വര്‍ണിച്ച് നാരായണീയം എന്ന മഹദ്കൃതി രചിച്ചു. അങ്ങനെ ആരോഗ്യം വീണ്ടെടുത്തു. നമുക്ക് പാരായണം ചെയ്യാനും പഠിക്കാനും മനസ്സിലാക്കി ജീവിക്കുവാനും ആവശ്യമായതെല്ലാം നിറഞ്ഞതാണ് ശ്രീമദ് നാരായണീയം.
എല്ലാ പുരാണ ഗ്രന്ഥങ്ങളുടെയും പ്രാ ര്‍ത്ഥനകളുടെയും കാരുണ്യ പ്രവൃത്തികളുടെയും അടിത്തറ ഭക്തി തന്നെ.
ഭക്തിയെത്തന്നാലും ഭക്തിയെത്തന്നാലും
ഭക്തിയല്ലാതെ മറ്റൊന്നുമില്ല
നാരായണീയത്തില്‍ ഉടനീളം ഭക്തിയുടെ മകുടോദാഹരണകഥകള്‍ പഠിക്കാം. അമ്മയായ ദേവഹൂതിക്ക് മകനായി പിറന്ന വിഷ്ണുവിന്റെ അംശമായ, കപിലന്‍ കൊടുക്കുന്ന ഉപദേശം ഏറ്റവും ആദരണീയമാണ്. ഈശ്വരഭക്തി എല്ലാതരത്തിലുമുള്ള വിഷയാസക്തികളെ തടയുന്നു. മഹാപുരുഷന്മാരുടെ അനുസന്ധാനം കൊണ്ട് ലഭിക്കുന്ന ഭക്തിയാണ് നാം നേടേണ്ടത.് ഭക്ത വാത്സല്യം, സജ്ജന സംരക്ഷണം, ദുഷ്ടനിഗ്രഹം മുതലായ ഭഗവദ്ഗുണങ്ങള്‍ ഉരുവിടുന്നതും, കീര്‍ത്തനം, സ്‌തോത്രം എന്നിവ വഴിപോലെ നിര്‍വഹിക്കുന്നതും മൂലം ദേവലോകത്തു നിന്ന് ഉദ്ഭവിക്കുന്ന ഗംഗാ ജലപ്രവാഹം പോലെയുള്ള ആരാധനാ മനോഭാവം ഭഗവാനോടുള്ള പരമഭക്തിയായി മാറുന്നു. ഗര്‍ഭാശയത്തില്‍ കിടന്നു ക്ലേശിക്കുമ്പോള്‍ സ്വന്തം പാപകൃത്യങ്ങളോര്‍ത്ത് നിസ്സഹായതയുടെ മോഹവലയത്തില്‍ പെടുന്നു.
ബാല്യത്തിലെ നിഷ്‌കളങ്കതയും, കൗമാരത്തിലെ ജിജ്ഞാസയും, യൗവനത്തിലെ ധാര്‍ഷ്ട്യവും, വാര്‍ധക്യത്തിലെ നിസ്സഹായാവസ്ഥയും എല്ലാം ഈ മായാമോഹത്തിന്റെ ഫലമാണ.് ഭഗവാനില്‍ സമര്‍പ്പിതമായ നിഷ്‌കാമകര്‍മം മാത്രമേ ശാശ്വതമായുള്ളൂ. അതിനുള്ള ഏറ്റവും എളുപ്പമായ വഴി ഭക്തി എന്ന ദാസ്യമനോഭാവമാണ്.
കൃഷ്ണഭക്തിയുടെ ഭാവഭേദങ്ങള്‍ അധര്‍മിയായിത്തീര്‍ന്ന അജാമിളന്‍ പോലും പൂര്‍വകാലത്തെ ഭഗവദ്ഭക്തിയും, പുത്രനായ നാരായണന്റെ നാമവും മൂലം മോക്ഷം നേടി. അസുരനായ ഹിരണ്യകശിപുവിന്റെ മകനായിട്ടുപോലും പ്രഹ്ലാദന്‍ ഭഗവദ്ഭക്തിയുടെ എന്നത്തെയും മികച്ച മാതൃകയാണ്. അമ്മയുടെ ഗര്‍ഭത്തില്‍ വച്ച് അവിചാരിതമായി ലഭിക്കാനിടയായ നാരദന്റെ വിഷ്ണുഭക്തിപ്രഭാവം മൂലം പ്രഹ്ലാദന്‍ നാരായണഭക്തനായി. നാരായണഭക്തിയെ വിരോധമായി കണ്ട തന്റെ പിതാവിന്റെ സകല ഉപദ്രവങ്ങളെയും ഭക്തികൊണ്ടുമാത്രം അതിജീവിച്ച് തൂണിലും തുരുമ്പിലും ഈശ്വരനുണ്ടെന്ന മഹാസത്യം ലോകത്തിന് കാണിച്ചുതന്നു. അഗസ്ത്യശാപംമൂലം ആനയായിത്തീര്‍ന്ന ഇന്ദ്രദ്യുമ്‌ന രാജാവിനെ മുതലയുടെ പിടിയില്‍ നിന്നു രക്ഷിച്ചതും ഭഗവദ്പ്രാര്‍ത്ഥന തന്നെ. പൂര്‍വജ്ഞാനവും ഭക്തിയും ഓര്‍മ വന്ന ആന വെളുത്ത താമരപ്പൂവു കൊണ്ട് ഭഗവാനെ അര്‍ച്ചിച്ചു. ഗരുഡാരൂഢനായി വന്ന വിഷ്ണുഭഗവാന്‍ മുതലയുടെ പിടിയില്‍ നിന്ന് ആനയെ രക്ഷിച്ച് സായൂജ്യം കൊടുത്തു.
അംബരീഷന്‍ എന്ന രാജാവിന്റെ ജീവിതം തന്നെ വിഷ്ണുവിലും വിഷ്ണുഭക്തന്മാരിലും വ്യാപരിക്കുന്ന മനസ്സുമായിട്ടായിരുന്നു. വിഷ്ണു പ്രീതിക്കുവേണ്ടി സകല കര്‍മങ്ങളും അനുഷ്ഠിച്ചു ജീവിച്ചതില്‍ പ്രീതനായി ആയിരം മുനകളുള്ള സുദര്‍ശനം അദ്ദേഹത്തിന് രക്ഷയ്‌ക്കായി ഭഗവാന്‍ കൊടുത്തു. വലിയ ചടങ്ങുകളോടെ, ഒരു വര്‍ഷം നീണ്ട ദ്വാദശീവ്രതം പത്‌നീസമേതനായി അംബരീഷന്‍ അനുഷ്ഠിച്ചു. പാരണ കഴിക്കേണ്ട സമയത്ത് എത്തിച്ചേര്‍ന്ന, അന്യരെ ദുഃഖിപ്പിക്കുന്ന ദുര്‍വാസാവിന്റെ സ്വഭാവം കൊണ്ട് വ്രതം അവസാനിപ്പിക്കേണ്ടി വന്നതില്‍ രാജാവിന് ദുഃഖമുണ്ടായി. വിഷ്ണുവിന്റെ അചഞ്ചല ഭക്തനായ രാജാവ് മുഹൂര്‍ത്തം തീരുന്നതിനുമുമ്പ് ജലം കൊണ്ട് പാരണ കഴിക്കാന്‍ തയ്യാറായി. വൈകിയെത്തിയ മഹര്‍ഷി ക്രോധംമൂലം രാജാവിനെ വിഷമിപ്പിക്കാന്‍ പല വഴിയും നോക്കി. വിഷ്ണുവിന്റെ സുദര്‍ശനം അംബരീഷന്റെ രക്ഷയ്‌ക്ക് എത്തുകയും ത്രിമൂര്‍ത്തികള്‍ പോലും രക്ഷയില്ലാതെ മഹര്‍ഷി അംബരീഷനെ തന്നെ അഭയം പ്രാപിക്കുകയും ചെയ്തു. ജ്ഞാനവും തപഃശക്തിയും വിനയത്തോടുകൂടിയാണെങ്കിലേ ആദരണീയമാവുകയുള്ളൂ എന്ന് തെളിയിക്കുന്നതാണിത്.
ഭക്തിയില്‍ ഏറ്റവും നിര്‍മലവും ശക്തവും ഗോപികമാരുടെ കൃഷ്ണഭക്തി തന്നെ. അതായിരിക്കാം ഓരോ അമ്മമാരും മക്കളെ കൃഷ്ണനായി കാണുന്നത്. അതായിരിക്കാം ഓരോ പെണ്‍കുട്ടിയുടെയും ആദ്യത്തെ ഈശ്വരനും കൂട്ടുകാരനുമെല്ലാം ശ്രീകൃഷ്ണ പരമാത്മാവുതന്നെയാവുന്നത്. കാലം ചെല്ലുമ്പോള്‍ മറ്റുള്ള ദേവതമാരെയൊക്കെ പഠിക്കാം. മന്ത്രതന്ത്രങ്ങളൊക്കെ ഗ്രഹിക്കാം. എന്നാലും ഓരോ പെണ്‍കുട്ടിയുടേയും മനസ്സില്‍ ജീവിതാവസാനം വരെ ഈ മോഹനരൂപമങ്ങനെ മായാതെ കിടക്കും. മനസ്സിലെ കൃഷ്ണന് ഒരിക്കലും പ്രായമാകുന്നില്ല. ഗോപികമാരുടെ ഓരോ പ്രവൃത്തിയും ശ്രീകൃഷ്ണനെ ആശ്രയിച്ചാണ്. ഉണരുന്നതും കുളിക്കുന്നതും ഒരുങ്ങുന്നതും ജോലികള്‍ ചെയ്യുന്നതും എല്ലാം കൃഷ്ണനു വേണ്ടിയാണ്. മഹാഭക്തനായ ഉദ്ധവര്‍ക്ക് ഗോകുലത്തിലെ കൃഷ്ണഭക്തി വിസ്മയമായിരുന്നു. ഉദ്ധവരുടെ വാക്കുകള്‍ ഇങ്ങനെ: ‘ഇത്രയും ഉല്‍കൃഷ്ടമായ ഭഗവദ്ഭക്തി ലോകത്തൊരിടത്തും ഞാന്‍ കാണുകയോ, കേള്‍ക്കുകയോ ഉണ്ടായിട്ടില്ല. ശാസ്ത്രസമൂഹങ്ങള്‍, തപസ്സ് ഇവക്കിവിടെ ഇവിടെ ഒരു പ്രസക്തിയുമില്ല. ഈ ഗോപസ്ത്രീകളെ ഞാന്‍ നമിക്കുന്നു.’
യാഗം ചെയ്ത ബ്രാഹ്മണരേക്കാള്‍ വളരെ മുന്നിലാണ് വിശന്നവന് അന്നം കൊടുത്ത ‘ബ്രാഹ്മണപത്‌നിമാര്‍’. അതും ഭഗവദ്ഭക്തി തന്നെ. അക്രൂരന്റെ ഭക്തി ഒട്ടും കുറവല്ല. ഭക്തി പാരവശ്യമായിരുന്നു. ഭഗവാന്‍ എന്നോട് സംസാരിക്കുമോ, എന്നെ ആലിംഗനം ചെയ്യുമോ എന്നെല്ലാം പാരവശ്യമായിരുന്നു അക്രൂരന്. ഉദ്ധവരുടെ ഭക്തി ഭഗവാന്‍ ആരെന്നു മനസ്സിലാക്കിയ ഭക്തിയായിരുന്നു. പാഞ്ചാലിയുടെ ഭക്തി ഭഗവാനില്‍ ഉള്ള ഉറച്ച വിശ്വാസത്തിന്റേതായിരുന്നു. പാഞ്ചാലിക്ക് കൃഷ്ണനെയല്ലാതെ മറ്റാരെയും വിശ്വാസമില്ലായിരുന്നു. കൗരവസഭയില്‍ വച്ചുണ്ടായ അപമാന സമയത്തും, വനവാസകാലത്ത് ദുര്‍വാസാവ് മഹര്‍ഷിയുടെ ഭക്ഷണകാര്യത്തിലും, മറ്റാരെയും ആശ്രയിക്കാതെ ഭഗവാനെ വിളിച്ചു. ഭഗവാന്‍ ആ വിളി കേട്ടു. അര്‍ജുനന്റെ ഭക്തി കൂട്ടുകാരനോടുള്ള മനോഭാവത്തിലായിരുന്നു. എന്തിനും ഏതിനും കൃഷ്ണന്‍ കൂടെയുണ്ടെന്നുള്ള അഹങ്കാരം. അതും ഒരു ഭക്തി തന്നെ. ഒന്നും വേണ്ടാത്തവന്റെ ഭക്തിയായിരുന്നു കുചേലന്. ഗുരുകുലത്തിലെ ആത്മമിത്രത്തിന് ഒരു നിമിഷം കൊണ്ട് ദ്വാരകാധിപതിയുടെ എല്ലാ സൗഭാഗ്യങ്ങളും നേടാം. പക്ഷേ കുചേലന്‍ ഒന്നും ആഗ്രഹിച്ചില്ല. ഒരു നിഷ്ഠയായി ഭഗവദ്പൂജ ചെയ്തുപോന്നു. പത്‌നിയുടെ നിര്‍ബന്ധം മൂലം കഷ്ടപ്പാടുകള്‍ക്ക് അറുതിവരുത്തുവാന്‍ കൃഷ്ണനെ കാണാന്‍ പോകുന്ന കുചേലന്‍ ഒന്നും തന്നെ ചോദിക്കുന്നില്ല. പക്ഷേ ഭഗവാന്‍ എല്ലാ സൗഭാഗ്യങ്ങളും നല്‍കി. ചെറുപ്പകാലത്തെ കൂട്ടുകാര്‍ വലുതാകുമ്പോഴുള്ള വലിപ്പച്ചെറുപ്പം എല്ലായിടത്തുമുണ്ട്. താഴ്ന്നവന് ബന്ധം പുതുക്കാന്‍ നാണക്കേടാണ്, ഉയര്‍ന്നവനാണ് പഴയ കാര്യങ്ങളൊക്കെ പറഞ്ഞ് കൂട്ടുകാരുടെ ഇടയിലുണ്ടായിരുന്ന ഊഷ്മളത വളര്‍ത്തേണ്ടത്. ഈ തത്ത്വമാണ് ഭഗവാന്‍ ഈ ഭക്തനിലൂടെ നമ്മെ പഠിപ്പിക്കുന്നത്.
മോക്ഷമാര്‍ഗത്തിലേക്ക്
ഭഗവത് കഥകള്‍ പാടുന്നതും പഠിക്കുന്നതും എഴുതുന്നതും പഠിപ്പിക്കുന്നതും എല്ലാം ഭക്തി തന്നെ. ഫലേച്ഛയില്ലാതെ കര്‍മം ചെയ്യാനും എല്ലാം ഭഗവാന്റെ ഹിതമാണെന്ന് വിചാരിച്ച് ജീവിക്കാനും പഠിക്കണം. സജ്ജന സംസര്‍ഗം മൂലം സുകൃതികള്‍ക്ക് ജ്ഞാനവും ഭക്തിയും സായൂജ്യവും ലഭിക്കുന്നു. കൃതയുഗത്തില്‍ തപസ്സ്, ത്രേതായുഗത്തില്‍ യജ്ഞം, ദ്വാപരയുഗത്തില്‍ താന്ത്രികപൂജ, കലിയുഗത്തില്‍ നാമസങ്കീര്‍ത്തനം എന്നിവകൊണ്ട് ഭഗവാനെ ആരാധിക്കുന്നു.
എന്തും പറയുവാന്‍ പൊന്തുന്ന നാവേ നീ
ഇന്നൊന്നു പാടുമോ നാരായണാ!
ഗംഗാനദി, ഭഗവദ്ഗീത, ഗായത്രീമന്ത്രം തുളസീ മലര്‍, ഗോപികാചന്ദനം, സാളഗ്രാമപൂജ, ഏകാദശി, ഭഗവാന്റെ നാമാക്ഷരങ്ങള്‍ എന്നീ എട്ടു വസ്തുക്കള്‍ കലികാലത്ത് അനായാസം മോക്ഷം കൊടുക്കുന്നവയാണ്. നമ്മുടെ ആസക്തി ഇവയിലാകട്ടെ.
ഗുരുവായൂരപ്പന്‍ എന്ന ആ മഹാവൈദ്യന്റെ മുമ്പില്‍ ഭക്തി എന്ന ആരോഗ്യം ഉണ്ടാവാന്‍ നമുക്ക് ഓരോരുത്തര്‍ക്കും പ്രാര്‍ത്ഥിക്കാം, പ്രയത്‌നിക്കാം. ഭക്തിനിര്‍ഭരമായ മനസ്സിന്റെ പ്രാര്‍ത്ഥന കൊണ്ടുണ്ടാകുന്ന ഭഗവത്കാരുണ്യമെന്ന അമൃത പ്രവാഹം നമ്മളില്‍ ഓരോരുത്തരിലും നിര്‍ലോഭം നിറയണം. ആ അമൃത് സേവിച്ച് മനസ്സും ശരീരവും നിറഞ്ഞ് ആനന്ദസാഗരത്തില്‍ ആറാടുന്ന ഓരോ ഭക്തനും പറയുന്നു ‘ഹന്ത ഭാഗ്യം’.
പ്രതികരിക്കാൻ ഇവിടെ എഴുതുക: