കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ജസ്റ്റിസ് കൗസര്‍ ഇടപ്പഗത്ത് പിന്മാറി. മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കണമെന്ന ക്രൈംബ്രാഞ്ചിന്റെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നാണ് പിന്മാറിയിരിക്കുന്നത്. കോടതിയുടെ കസ്റ്റഡിയിലിരിക്കെ നടിയെ ആക്രമിച്ച പകര്‍ത്തിയ ദൃശ്യങ്ങള്‍ സൂക്ഷിച്ച മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു രണ്ട് വട്ടം മാറി. ഇതില്‍ വിചാരണ കോടതി തുടര്‍ന്നടപടി സ്വീകരിച്ചില്ലെന്നുമാണ് ക്രൈം ബ്രാഞ്ച് ഹര്‍ജി നല്‍കിയിട്ടുള്ളത്.
ജസ്റ്റിസ് കേസ് പരിഗണിക്കുന്നതിനെതിരായ അതിജീവിത തന്റെ അതൃപ്തി അറിയിച്ചിരുന്നു. കേസ് ജില്ലാ കോടതിയുടെ പരിഗണനയിലിരിക്കെയാണ് നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ചോര്‍ന്നത്. സംശയത്തിന്റെ നിഴലില്‍ നിന്നിരുന്ന വ്യക്തിയാണ് ജസ്റ്റിസ് കൗസര്‍ ഇടപ്പഗത്ത് എന്നതും അതിജീവിത ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ജഡ്ജി ഇപ്പോള്‍ പിന്മാറിയിരിക്കുന്നത്.
അതേസമയം ഇത്തരം ഹര്‍ജികള്‍ പരിഗണിക്കേണ്ടത് ജസ്റ്റിസ് കൗസര്‍ തന്നെയായതിനാലാണ് രജിസ്ട്രി ഹര്‍ജി അദ്ദേഹത്തിന്റെ ബെഞ്ചിന്റെ പരിഗണന്ക്കായി ഹര്‍ജി മാറ്റിയത്. ഹര്‍ജി പരിഗണിച്ചയുടനെ ബെഞ്ച് മാറ്റമെന്ന ആവശ്യം അതിജീവിതയുടെ അഭിഭാഷക ഉന്നയിച്ചു. തൊട്ടുപിന്നാലെ പിന്മാറുന്നതായി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അറിയിക്കുകയായിരുന്നു.
നേരത്തെ കേസന്വേഷിക്കുന്ന പോലീസ് സംഘം ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ഓഫീസിലെ ജീവനക്കാരെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ഹര്‍ജി കേള്‍ക്കരുതെന്ന ആവശ്യം അതിജീവിത ഉന്നയിച്ചത്. ഹൈക്കോടതിയിലെ മറ്റൊരു ബെഞ്ചാണ് ഹര്‍ജി ഇപ്പോള്‍ പരിഗണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: