പാലക്കാട് : സ്വപ്ന സുരേഷിനെതിരെ പോലീസ് വീണ്ടും കേസ് രജിസ്റ്റര്‍ ചെയ്തു. ഡിവൈഎഫ്ഐ നേതാവ് സി.പി. പ്രമോദ് നല്കിയ പരാതിയില്‍ പാലക്കാട് കസബ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സ്വപ്ന മുമ്പ് നല്കിയ പ്രസ്താവനകള്‍ക്ക് വിരുദ്ധമായി മൊഴി നല്കി കലാപാഹ്വാനത്തിന് ശ്രമം നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.
കലാപ ആഹ്വാന ശ്രമം, വ്യാജരേഖ ചമയ്ക്കല്‍, ഐടി 65 എന്നീ വകുപ്പുകളാണ് ചുമത്തിയാണ് നിലവില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നേരത്തെ നല്കിയ മൊഴികള്‍ മാറ്റി നല്കി സംസ്ഥാനത്ത് കലാപത്തിന് ശ്രമം നടത്തുന്നു. ഈ മൊഴികള്‍ വിശ്വസിച്ച് ചിലര്‍ ആക്രമണത്തിന് മുതിരുന്നതായും പരാതിയില്‍ ആരോപിക്കുന്നുണ്ട്. സംഭവത്തില്‍ അന്വേഷണം വേണമെന്നാണ് പ്രമോദിന്റെ പരാതിയില്‍ പറയുന്നത്. മുന്‍ മന്ത്രി കെ. ടി. ജലീലും നേരത്തെ സ്വപ്നയ്ക്ക് എതിരെ കലാപ ആഹ്വാനത്തിന് ശ്രമിച്ചെന്ന് ആരോപിച്ച് പരാതി നല്‍കിയിരുന്നു.
അതേസമയം പുതിയ കേസില്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകില്ലെന്ന് കസബ പോലീസ് പ്രതികരിച്ചു. കേസില്‍ വിശദമായ അന്വേഷണങ്ങള്‍ക്ക് ശേഷം മാത്രമേ നടപടിയുണ്ടാകുവെന്നും അധികൃതര്‍ അറിയിച്ചു.
എന്നാല്‍ കേസില്‍ രഹസ്യമൊഴി നല്‍കിയതിലുള്ള പ്രതികാര നടപടിയാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നിലുള്ളത്. തനിക്കെതിരെ ചുമത്തിയിട്ടുള്ള കലാപശ്രമം അടക്കമുള്ള വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നും സ്വപ്ന സുരേഷ് പ്രതികരിച്ചു. മുഖ്യമന്ത്രിയും കുടുംബവും മുന്‍ മന്ത്രിമാരും അടക്കം കോണ്‍സുലേറ്റ് കേന്ദ്രീകരിച്ച് നടത്തിയ രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കോടതിയില്‍ പറഞ്ഞതിലുള്ള പ്രതികാരമാണ് കേസിന് പിറകിലെന്നും മൊഴി തിരുത്താന്‍ മുഖ്യമന്ത്രിയില്‍ നിന്നടക്കം ഭീഷണിയുണ്ടെന്നും ഹര്‍ജിയില്‍ സ്വപ്ന ആരോപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: