മറയൂര്‍: മറയൂര്‍ കാടുകളിലെ മലപുലയ വിഭാഗത്തിന്റെ പരമ്പരാഗത നൃത്തരൂപമായ മലപുലയ ആട്ടം ദേശീയ തലത്തില്‍ ശ്രദ്ധനേടി. ആന്ധ്രാപ്രദേശില്‍ നടന്ന ട്രൈബല്‍ ഡാന്‍സ് ഫസ്റ്റിലാണ് കേരളത്തിന്റെ വനവാസി നൃത്തരൂപമായി മറയൂരിലെ കുമ്മിട്ടാം കുഴിയില്‍നിന്നുള്ള സംഘത്തിന്റെ മലപുല ആട്ടം അവതരിപ്പിച്ചത്.
ആന്ധപ്രദേശിലെ വിശാഖപട്ടണത്തിലാണ് ട്രൈബല്‍ ഡാന്‍സ് ഫസ്റ്റ് അരങ്ങേറിയത്. കിര്‍ത്താഡ്സാണ് ഇവരെ വിശാഖപട്ടണത്തില്‍ എത്തിച്ചത്. ഗുജറാത്ത് ഒഡിഷ്, തെലുങ്കാന, ഗോവ, ജാര്‍ഖണ്ഡ്, മണിപ്പൂര്‍ ഉള്‍പ്പെടെ 19 സംസ്ഥാനങ്ങളില്‍ നിന്നുള്ള വനവാസി നൃത്ത രൂപങ്ങളാണ് ആവതരിപ്പിച്ചത്. ഇതില്‍ മികച്ച ടീം പെര്ഫോമനസിനുള്ള അവാര്‍ഡാണ് മറയൂരിലെ സംഘം കരസ്ഥമാക്കിയത് പത്താം തീയതി മുതല്‍ മൂന്ന് ദിവസമാണ് വനവാസി നൃത്തങ്ങളുടെ ദേശീയ ഉത്സവം അരങ്ങേറിയത്.
മലപുലയ ആട്ടത്തോളം ചാരുതയാര്‍ന്ന നൃത്തരൂപം ആദിവാസി സമൂഹത്തില്‍ ഇല്ല. ആണും പെണ്ണും ഒത്ത് ചേര്‍ന്ന് ചുവട്വക്കുന്ന നൃത്തതിന് വായ് പാട്ടിന്റെ പിന്തുണയില്ല. വനവാസി മേളങ്ങളായ ചിക്ക് വാദ്യം, കിടിമിട്ടി, കുഴല്‍, കട്ടവാദ്യം, ഉറുമി തുടങ്ങിയവയാണ് താളത്തിനായി ഉപയോഗിക്കുന്നത്. ദ്രാവിഡ സംഗീതത്തിന്റെ വശ്യതയിലും ചടുലതയിലും വേഗത കൈവരിക്കുന്ന ആട്ടം ചലനത്തിന്റെ ചാരുതയില്‍ നൃത്തവിസ്മയമായി മാറുന്നത് ദര്‍ശിക്കാന്‍ സാധിക്കും.
വിശാഖപട്ടണത്തില്‍ അവതരിപ്പിച്ച മലപുലയ ആട്ടം വലിയ ആവേശമാണ് കാണികള്‍ക്ക് സമ്മാനിച്ചത്. കാണികള്‍ ആട്ടക്കാരായി മാറിയ ദൃശ്യ താള വിരുന്നാണ് മറയൂരിലെ കാടിന്റെ മക്കള്‍ വിശാഖപട്ടണത്തെ കാണികള്‍ക്ക് സമ്മാനിച്ചത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ വേദിയിലെത്തി അഭിനന്ദിച്ചതായി സംഘാംഗങ്ങള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: