ഹര്‍ദീപ് സിങ് പുരി (കേന്ദ്ര ഭവന നിര്‍മ്മാണ പെട്രോളിയം മന്ത്രി)
എട്ട് വര്‍ഷത്തിനിടയില്‍ രാജ്യത്തിന്റെ ഭരണസംവിധാനത്തില്‍ ഒരു പരിവര്‍ത്തനം സംഭവിച്ചിട്ടുണ്ട്. ഈ കാലയളവില്‍ ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ആത്മാഭിമാനം ഉയര്‍ന്നതും ദാരിദ്ര്യത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിച്ച് അവരെ ശാക്തീകരിച്ചതും അനുഭവവേദ്യമാണെന്ന് മാത്രമല്ല കണക്കുകളില്‍ വ്യക്തവുമാണ്. രാജ്യത്തെ ഓരോ പൗരനിലേക്കും സാധനങ്ങളും സേവനങ്ങളും ഫലപ്രദമായും കാര്യക്ഷമമായും എത്തിക്കാന്‍ സാധിച്ചു. ‘സദ് ഭരണമാണ് ഉത്തമ രാഷ്ട്രീയം’ എന്ന തത്വം പിന്തുടരുന്ന കേന്ദ്രസര്‍ക്കാര്‍, ജനങ്ങളുടെ ശ്രദ്ധയും വിശ്വാസവും തുടര്‍ച്ചയായി ഏറ്റുവാങ്ങുകയും അതിന്റെ സമൃദ്ധമായ ലാഭവിഹിതം കൊയ്യുകയും ചെയ്തിട്ടുണ്ട്.
2014ന് മുമ്പുള്ള പത്തു വര്‍ഷങ്ങളില്‍ രാജ്യം അസ്വസ്ഥമായിരുന്നു. ഭരണനിര്‍വ്വഹണത്തിനുപകരം നയസ്തംഭനവും അലംഭാവവും ആയിരുന്നു ഭരണത്തില്‍ മുഴച്ചു നിന്നത്. ശിക്ഷാനടപടികളെക്കുറിച്ച് തെല്ലും ഭയമില്ലാത്ത സംസ്കാരം വളര്‍ന്നതും അഴിമതിയും നയസ്തംഭനത്തെ കൂടുതല്‍ വഷളാക്കി.
നിര്‍ണായകമായ പ്രതിരോധ സംഭരണം വൈകിയതിനാല്‍ ദേശസുരക്ഷപോലും വിട്ടുവീഴ്ച ചെയ്യപ്പെടുകയാണെന്ന ധാരണ പ്രചരിക്കുംവിധം അലസമായിരുന്നു യുപിഎ സര്‍ക്കാര്‍. മറുവശത്ത്, രാജ്യം ഭീകരാക്രമണങ്ങളുടെ കുത്തൊഴുക്കിനെ നേരിട്ടു. രാജ്യസ്നേഹമുള്ള ഓരോ ഇന്ത്യാക്കാരനിലും ഭരണകൂടത്തിന്റെ നട്ടെല്ലില്ലാത്ത പ്രതികരണങ്ങള്‍ വെറുപ്പുളവാക്കി. സമഗ്രമായ പരിവര്‍ത്തനത്തിനാണ് 2014ല്‍ ജനങ്ങള്‍ വോട്ട് ചെയ്തത്. നഷ്ടമായ ആത്മാഭിമാനം വീണ്ടെടുക്കാനും അഴിമതിരഹിത ഭരണത്തിനും തീരുമാനങ്ങളെടുക്കാന്‍ നട്ടെല്ലുള്ള സര്‍ക്കാരിനുമായിരുന്നു ജനങ്ങളുടെ വോട്ട്.
കഴിഞ്ഞ എട്ട് വര്‍ഷമായി സമസ്ത മേഖലകളും പരിവര്‍ത്തനത്തിന് സാക്ഷ്യം വഹിക്കുകയാണ്. അതും അമ്പരപ്പിക്കുന്ന വേഗതയില്‍. അഴിമതിയോട് സന്ധിയില്ല എന്നതായിരുന്നു പ്രഥമവും സുപ്രധാനവുമായ സന്ദേശം. മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഉടന്‍ നടന്ന ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ വ്യക്തമായി ഈ സന്ദേശം കൈമാറി. ഉദ്യോഗസ്ഥവൃന്ദത്തിനും വ്യക്തമായ സന്ദേശം നല്കി. ഭയമോ പക്ഷപാതമോ ഇല്ലാതെ തീരുമാനങ്ങള്‍ എടുക്കുക. സദുദ്ദേശ്യത്തോടെ എടുക്കുന്ന തീരുമാനങ്ങളുടെ പേരില്‍ ഉപദ്രവിക്കപ്പെടില്ലെന്ന ഉറപ്പും ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചു.
എവിടെയും പ്രധാനമന്ത്രി തന്നെ മുന്നില്‍ നിന്ന് നയിച്ചു. ഇന്ത്യന്‍ ജനതയുടെ സ്നേഹവും പ്രശംസയും ആദരവും മാത്രമല്ല, വിദേശ ഇന്ത്യക്കാരില്‍ നിന്നും അന്തര്‍ദേശീയ സമൂഹത്തില്‍ നിന്നുമുള്ള കളങ്കരഹിതമായ പ്രശംസ അദ്ദേഹം നേടിയെടുത്തത് അമ്പരപ്പിക്കുന്ന വേഗതയിലാണ്. മന്ത്രിസഭയുടെ അധിപനെന്ന നിലയില്‍, പ്രധാനമന്ത്രി മോദി, നയസ്തംഭനം അവസാനിപ്പിച്ചു. പകരം വ്യക്തമായ തീരുമാനങ്ങള്‍ എടുത്തു. നിരന്തരമായ നിരീക്ഷണവും നിര്‍വ്വഹണവും സാധ്യമാക്കുകയും കാര്യക്ഷമതയില്ലായ്മ പഴങ്കഥയാവുകയും ചെയ്തു. ഒരു ഉദാഹരണം ചൂണ്ടിക്കാട്ടാം. യുപിഎയുടെ പത്തുവര്‍ഷത്തിനിടെ ഗ്രൂപ്പ് ഓഫ് മിനിസ്റ്റേഴ്സും എംപവേര്‍ഡ് ഗ്രൂപ്പ് ഓഫ് മിനിസ്റ്റേഴ്സും അടക്കം 96 മന്ത്രിതല സമിതികള്‍ രൂപീകരിച്ചു. ഇത് ഒരു റിക്കാര്‍ഡ് ആണ്. മന്ത്രിതല സമിതികള്‍ പലതും തീരുമാനമില്ലായ്മയുടെ ശവപ്പറമ്പുകളായി. ഒരു തീരുമാനം എടുക്കാതിരിക്കാനോ നീട്ടിവയ്ക്കാനോ ഉള്ള പോംവഴി ആയി ഗ്രൂപ്പ് ഓഫ് മിനിസ്റ്റേഴ് രൂപീകരണം മാറി.
മുന്‍കാലങ്ങളില്‍ എടുത്തതും നടപ്പാക്കാതെ കിടന്നതുമായ സുപ്രധാന തീരുമാനങ്ങള്‍ നിര്‍വഹണത്തിലെ പിഴവ് മൂലം സമയവും ചെലവും അധികരിക്കാനിടയാക്കുകയാണെന്ന് പ്രധാനമന്ത്രി മനസ്സിലാക്കി. അനാസ്ഥ മൂലമാണ് സംസ്ഥാന-കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ബന്ധപ്പെട്ടവരും മന്ത്രിസഭയും മന്ത്രിതല സമിതിയും വിഭാവനം ചെയ്ത പദ്ധതികളുടെ ഗുണഫലങ്ങള്‍ മറന്നുപോകുന്ന അവസ്ഥയിലേക്ക് നയിച്ചതെന്ന് മനസ്സിലാക്കി. അത് അവസാനിപ്പിക്കാന്‍ ഒരു സ്ഥാപനാധിഷ്ഠിത സംവിധാനം ആയ ‘പ്രഗതി’ (പ്രോ-ആക്റ്റീവ് ഗവേണന്‍സ് ആന്‍ഡ് ടൈംലി ഇംപ്ലിമെന്റേഷന്‍) നിലവില്‍ വന്നു. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നടക്കുന്ന പ്രഗതി യോഗങ്ങളില്‍, ബന്ധപ്പെട്ട കേന്ദ്ര മന്ത്രാലയങ്ങളിലെ സെക്രട്ടറിമാരുമായും സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായും മറ്റ് പങ്കാളികളുമായും ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ സംബന്ധിച്ച് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകനം നടത്തി. പ്രശ്നങ്ങള്‍ പരിഹരിച്ചും തടസ്സങ്ങള്‍ നീക്കിയും കാര്യക്ഷമതയില്ലാത്ത ഉദ്യോഗസ്ഥരെ മാറ്റിയും കര്‍ശനമായ സമയക്രമം നിശ്ചയിച്ചും മുന്നോട്ട് പോയി. ചുരുങ്ങിയ സമയത്തിനുള്ളില്‍, പ്രഗതി യോഗങ്ങള്‍ കാര്യക്ഷമതയുടെ പര്യായമാവുകയും ഇതിലൂടെ ഉദ്ദേശിക്കുന്നത് കൃത്യനിര്‍വ്വഹണമാണെന്ന് ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമാവുകയും ചെയ്തു. പരസ്പരമുള്ള പഴിചാരലുകള്‍ പഴങ്കഥയായി.
എന്‍ഡിഎ സര്‍ക്കാരിന്റെ എല്ലാ പ്രധാന പദ്ധതികളും പ്രഗതിക്ക് കീഴില്‍ അവലോകനം ചെയ്യുന്നുണ്ട്. നിര്‍വഹണത്തിന്റെ ഈ കേന്ദ്രീകൃത നിരീക്ഷണം ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ അതിശയകരമായ ഫലങ്ങളാണ് ഉളവാക്കിയത്. പ്രധാന് മന്ത്രി ആവാസ് യോജന – അര്‍ബനിലൂടെ ലക്ഷ്യം വച്ചത് ഒരു കോടി വീടുകളായിരുന്നു. അത് പിന്നീട് 1.12 കോടി വീടുകളായി പരിഷ്കരിച്ചു. 2022 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍, 60 ലക്ഷത്തിലധികം വീടുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറുകയും നിശ്ചിത സമയപരിധിക്കുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുകയും ചെയ്യുന്നു. സര്‍ക്കാരിന്റെ എല്ലാ പ്രധാന പദ്ധതികളിലും ആവര്‍ത്തിക്കുന്ന വിജയകഥയാണിത്.
ബഹുമുഖ രീതികളിലൂടെയാണ് അഴിമതിയെ നേരിട്ടത്. അഴിമതിയോട് സഹിഷ്ണുതയില്ലാത്ത സമീപനം സ്വീകരിക്കുകയും സമാന്തരമായി പദ്ധതി നിര്‍വഹണത്തിന്റെ മുഖ്യധാരയിലേക്ക് സാങ്കേതികവിദ്യയെ സമന്വയിപ്പിക്കുകയും ചെയ്തു. അഴിമതിയുടെ സാധ്യത കുറയ്ക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം മാനുഷിക ഇടപെടല്‍ കുറയ്ക്കുക എന്നതാണ്. അതിനാല്‍, നിര്‍വ്വഹണം വേഗത്തിലാക്കാനുംകാര്യക്ഷമത വര്‍ധിപ്പിക്കാനും ബഹിരാകാശ സാങ്കേതിക ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ഉള്‍പ്പെടെ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനവുമായി ചര്‍ച്ച നടത്താന്‍ പ്രധാനമന്ത്രി എല്ലാ മന്ത്രാലയങ്ങളോടും നിര്‍ദേശിച്ചു. എട്ട് വര്‍ഷമായി ജന്‍ധന്‍, ആധാര്‍, മൊബൈല്‍ (ഖഅങ ത്രിത്വം) സാങ്കേതികവിദ്യയുടെ വന്‍മുന്നേറ്റം സുപ്രധാന പരിവര്‍ത്തനത്തിനാണ് തുടക്കമിട്ടത്. ചരക്കുകളുടെയും സേവനങ്ങളുടെയും വിതരണം ഒരു പുതിയ അര്‍ത്ഥം കൈവരിച്ചിരിക്കുന്നു. ദരിദ്രരുടെ പണം ഇടനിലക്കാര്‍ തട്ടിയെടുക്കാതെ അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പൂര്‍ണമായും എത്തുന്നു.
നമ്മുടെ രാഷ്ട്രം സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷം ആഘോഷിക്കുന്ന വേളയില്‍, ഒട്ടേറെ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ ബാക്കിയുണ്ടെങ്കിലും നാം ഒരു ‘അമൃത കാല’ത്തിലേക്ക് പ്രവേശിക്കുകയാണ്. രാജ്യം സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി ആഘോഷിക്കുന്ന 2047 എന്നതാണ് അടുത്ത നാഴികക്കല്ല്. മോദിയുടെ വാക്കുകള്‍ കടമെടുത്താല്‍, താന്‍ പ്രധാനമന്ത്രിയല്ല, പ്രധാന സേവകന് മാത്രമാണ്. ഓരോ നിമിഷവും ഈ ദര്‍ശനത്തിന്റെ അടിസ്ഥാനത്തിലാണ് തന്റെ ജീവിതം മുന്നോട്ടു പോകുന്നത്.
മന്ത്രിസഭയിലെ തന്റെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം, ഇന്ത്യ @ 100 നായുള്ള രൂപരേഖ തയ്യാറാക്കുന്ന തിരക്കിലാണ് അദ്ദേഹം. അത് ദീര്‍ഘമായ ഒരു പാതയാണ്. അതിന് വലിയ ഊര്‍ജ്ജം ആവശ്യമായി വരും. എന്നാല്‍ പ്രധാനമന്ത്രി തന്റെ ഊര്‍ജ്ജവും ദൃഢനിശ്ചയവും ഇന്ത്യയിലെ ജനങ്ങളില്‍ നിന്നാണ് കൈവരിക്കുന്നത്. തീര്‍ച്ചയായും ഇന്ത്യ സുരക്ഷിതമാണെന്ന് മാത്രമല്ല സമൃദ്ധിയുടെ പാതയിലുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: