ന്യൂദല്‍ഹി: സസ്പെന്റ് ചെയ്യപ്പെട്ട മുന്‍ ബിജെപി വക്താവ് നൂപുര്‍ ശര്‍മ്മ നടത്തിയതായി ആരോപിക്കുന്ന പ്രവാചകനിന്ദയ്ക്കെതിരെ കുവൈത്തില്‍ പ്രകടനം നടത്തിയ ഇന്ത്യക്കാരുള്‍പ്പെടെ എല്ലാവരെയും അറസ്റ്റ് ചെയ്ത് തിരിച്ചയയ്ക്കുമെന്ന് കുവൈത്തിലെ പത്രപ്രവര്ത്തകന്.
കുവൈത്തിലെ പത്രപ്രവര്ത്തകന് ജീവ്സ് എരിഞ്ഞേരിയെ ഉദ്ധരിച്ച് ഇന്ത്യാ ടുഡെയുടെ ടിവി ജേണലിസ്റ്റ് ശിവ് അരൂരാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. “കുവൈത്തില്‍ നൂപുര്‍ ശര്‍മ്മയുടെ പരാമര്‍ശത്തിനെതിരെ പ്രകടനം നടത്തിയ ഇന്ത്യക്കാര്‍ക്ക് പ്രതീക്ഷ വേണ്ട. കുവൈത്ത് സര്‍ക്കാര്‍ ഒരിയ്ക്കലും ഇവരോട് മൃദുസമീപനം എടുക്കില്ല. എല്ലാവരേയും ഉടനെ ഇന്ത്യയിലേക്ക് തിരിച്ചടയയ്ക്കും”- കുവൈത്തിലെ പത്രപ്രവര്‍ത്തകനായ ജീവ്സ് എരിഞ്ഞേരി ഇന്ത്യാ ടുഡേയോട് പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. പ്രകടനത്തില്‍ പങ്കെടുത്ത ഇന്ത്യക്കാരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
“കുവൈത്ത് സര്‍ക്കാര്‍ നിയമത്തിന്റെ കാര്യത്തില്‍ വളരെ കര്‍ശനമാണ്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പ്രകടനത്തില്‍ പങ്കെടുത്ത എല്ലാ ഇന്ത്യക്കാരെയും മറ്റ് രാജ്യക്കാരേയും തിരിച്ചയച്ചിരിക്കും”- ജീവ്സ് എരിഞ്ഞേരി പറയുന്നു.
കുവൈത്തിലെ ഫഹാഹീല്‍ പ്രദേശത്താണ് പ്രവാചക നിന്ദ ആരോപിച്ച് പ്രകടനം സംഘടിപ്പിച്ചത്. കുവൈത്തിന്റെ നിയന്ത്രണങ്ങളും നിയമങ്ങളും ലംഘിച്ചതിന്റെ പേരിലാണ് നടപടിയെടുക്കുക. വിദേശപൗരന്മാര് ധര്‍ണ്ണയോ, പ്രകടനങ്ങളോ നടത്തരുതെന്നാണ് ഗള്‍ഫ് രാജ്യങ്ങളുടെ നിയമം.
അതേ സമയം നൂപുര്‍ ശര്‍മ്മയുടെ പരാമര്‍ശത്തിനെതിരെ കുവൈത്ത് ഇന്ത്യന്‍ സ്ഥാപനപതിയെ വിളിച്ചുവരുത്തിയിരുന്നു. എന്നാല്‍ ഇത് പാര്‍ട്ടിയിലെ തീവ്രഅഭിപ്രായക്കാരായ ചിലരുടെ മാത്രം അഭിപ്രായമാണെന്നും സര്‍ക്കാരിന്റെ അഭിപ്രായമല്ലെന്നും ഇന്ത്യന്‍ സ്ഥാനപതി വിശദീകരിച്ചിരുന്നു. മാത്രമല്ല, ഈ പ്രസ്താവന നടത്തിയ നൂപുര്‍ ശര്‍മ്മയെയും ട്വീറ്റിലൂടെ വിമര്‍ശനം നടത്തിയ നവീന്‍ കുമാര്‍ ജിന്‍ഡാലിനെയും ബിജെപി പ്രാഥമികാംഗത്വത്തില്‍ നിന്നും സസ്പെന്റ് ചെയ്യുകയും ചെയ്തതോടെ കുവൈത്ത് സര്‍ക്കാര്‍ തൃപ്തരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: