തിരുവനന്തപുരം: വിമാനത്തിനുള്ളില്‍ പ്രതിഷേധമെന്ന പേരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയത് ഭീകരപ്രവര്‍ത്തനമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്. കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രമധ്യേയാണ് വിമാനത്തിനുള്ളില്‍ കറുത്ത വസ്ത്രമണിഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് നേരെ മുദ്രവാക്യം വിളിക്കുകയായിരുന്നു. മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്സിന് മജീദ്, ജില്ലാ സെക്രട്ടറി ആര് കെ നവീന്‍ കുമാര്‍ തുടങ്ങിയവരാണ് വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്നത്. ഇവരിലൊരാള്‍ കറുത്ത കുപ്പായമാണ് അണിഞ്ഞിരുന്നത്
പ്രതിഷേധക്കാരെ ഇ.പി.ജയരാജനാണ് തള്ളിമാറ്റിയത്.
‘കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിലായിരുന്നു ഞങ്ങള്‍. വിമാനം തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്തു. എല്ലാവരും ഇറങ്ങാന്‍ തയ്യാറായിരിക്കുന്ന സമയം രണ്ട് മൂന്ന് പേര് ആക്രമിക്കാനുള്ള ലക്ഷ്യം വെച്ച് മുഖ്യമന്ത്രിക്ക് നേരെ മുദ്രാവാക്യം വിളിച്ച് പാഞ്ഞടുത്തു. അപ്പോഴേക്കും കോറിഡോറിന്റെ നടുവില്‍ വെച്ച് ഞാന്‍ തടഞ്ഞു. വയറുനിറയെ കള്ളുകുടിപ്പിച്ച് വിമാനത്തിനകത്ത് കയറ്റിവിട്ടിരിക്കുകയാണ് ഇവരെ. ഇതെന്ത് യൂത്ത് കോണ്‍ഗ്രസാണ്. ഭീകരപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയാണോ. ഭീകരപ്രവര്‍ത്തനമാണ് നടത്തികൊണ്ടിരിക്കുന്നത്. ഞങ്ങളാരും ആ വിമാനത്തില്‍ ഇല്ലായിരുന്നെങ്കില്‍ മുഖ്യമന്ത്രിയെ ആക്രമിക്കില്ലായിരുന്നോ..അങ്ങേയറ്റം പ്രതിഷേധാജനകമായ കാര്യമാണിത്’ ് ഇ.പി.ജയരാജന് വിശദീകരിച്ചു.
മുഖ്യമന്ത്രിയെ ആക്രമിക്കുക എന്ന ലക്ഷ്യംമാത്രമാണ് അവര്‍ക്കുണ്ടായിരുന്നത്. മൂക്കറ്റം മദ്യപിച്ചിട്ടുണ്ടായിരുന്നു ഇവര്‍. എല്ലാ യാത്രക്കാരും സ്തംഭിച്ച് നില്‍ക്കുകയായിരുന്നു. കോറിഡോറില്‍ താന്‍ തടഞ്ഞില്ലായിരുന്നെങ്കില്‍ ഇവര്‍ മുഖ്യമന്ത്രിയെ അക്രമിക്കും. വി.ഡി.സതീശന് ഇതില്‍ മറുപടി പറയണം. അദ്ദേഹമാണ് ഇവര്‍ക്ക് പ്രചോദനം നല്‍കിയിട്ടുള്ളതെന്നും ജയരാജന് ആരോപിച്ചു.
ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രി സ്വസ്ഥമായി യാത്ര ചെയ്യാന്‍ സാധിക്കില്ലെന്ന സ്ഥിതി എന്താണ് കാണിക്കുന്നത്. രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുകയാണ് കോണ്‍ഗ്രസെന്നും ജയരാജന് കൂട്ടിച്ചേര്‍ത്തു.
വിമാനത്തില്‍ പ്രതിഷേധക്കാരെത്തിയത് മദ്യപിച്ചെന്നാണ് ഇ പി ജയരാജന് പറയുന്നത്. മുദ്രാവാക്യം വിളിക്കുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നാക്ക് കുഴയുന്നുണ്ടായിരുന്നെന്നും എഴുന്നേല്ക്കാന് പോലും വയ്യാത്ത അവസ്ഥയിലായിരുന്നെന്നും ഇ പി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: