തിരുവനന്തപുരം: കറുത്ത വസ്ത്രത്തിന് വിലക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കറുത്ത വസ്ത്രവും കറുത്ത മാസ്കും വിലക്കിയിട്ടില്ല. മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിലുള്ള പോലീസ് നടപടിയില്‍ ആദ്യമായാണ് മുഖ്യമന്ത്രി പ്രതികരിക്കുന്നത്. കേരളത്തില്‍ ആരുടേയും സഞ്ചാര സ്വാതന്ത്ര്യം തടയുന്ന നടപടി ഉണ്ടാകില്ലെന്നും ഗ്രന്ഥശാലാ പ്രവര്‍ത്തകരുടെ സംസ്ഥാന സംഗമത്തില്‍ സംസാരിക്കവേ മുഖ്യമന്ത്രി വ്യക്തമാക്കി. പൗരാവകാശം തടയുന്ന നടപടികള്‍ ഒന്നും ഉണ്ടാകില്ല. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള വ്യാജപ്രചാരണങ്ങളാണ് നടക്കുന്നത്. ആരേയും വഴി തടയുന്നതുമില്ല. വഴി തടയുകയാണെന്ന് ചിലര്‍ വ്യാജപ്രചാരണം നടത്തി.
ആരേയും വഴി തടഞ്ഞുകൊണ്ട് തനിക്ക് സുരക്ഷ ഒരുക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. മാസ്ക് കറുത്ത നിറത്തിലുള്ളത് പറ്റില്ല, വസ്ത്രം കറുത്ത നിറത്തിലുള്ളത് പറ്റില്ല എന്ന് പറഞ്ഞിട്ടില്ല. കേരളത്തിലുള്ള ഏതൊരാള്‍ക്കും ഇഷ്ടമുള്ള വസ്ത്രം ധരിക്കാം. ഇതിന് വേണ്ടി ധാരാളം പ്രക്ഷോഭം നടന്ന നാടാണ് ഇത്. പഴയ ചിന്താഗതിയോടെ സമൂഹത്തില്‍ ഇടപെടുന്ന ശക്തികള്‍ ചിലതൊക്കെ ആഗ്രഹിക്കുന്നുണ്ടാകാം. പക്ഷേ പ്രബുദ്ധ കേരളം അതൊന്നും സമ്മതിക്കില്ല.
കേരളത്തില്‍ ഇടതുപക്ഷസര്‍ക്കാരാണ്. കേരളത്തില്‍ ഇന്ന് കാണുന്ന എല്ലാ പ്രത്യേകതകളും നേടിയെടുക്കുന്നതിന്റെ മുന്‍പന്തിയില്‍ ഇടതുപക്ഷമായിരുന്നു. ആ സര്‍ക്കാര്‍ നിലനില്ക്കുമ്പോള് കേരളത്തില്‍ ഒരു പ്രത്യേകവസ്ത്രം ധരിക്കാന്‍ പറ്റില്ല എന്ന നിലപാടുണ്ടാകില്ല. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ മറ്റൊന്നും കിട്ടാത്തതു കൊണ്ട് ഉണ്ടാക്കുന്ന കള്ളക്കഥകളെ തിരിച്ചറിയണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: