ഓച്ചിറ: സകല അടവുമറിയുന്ന ശിവരാമനാശന്‍ 82-ാം വയസ്സിലും പടത്തലവനായി ഓച്ചിറയില്‍ അങ്കം വെട്ടാനുള്ള തയ്യാറെടുപ്പിലാണ്. പതിവുപോലെ ഇടവം ഒന്നുമുതല്‍ ആചാരം തെറ്റിക്കാതെ കളരി പൂജയും ആയുധപൂജയും നടത്തി പ്രത്യേക വായ്ത്താരികളോടെ മുപ്പത്തഞ്ചോളം യോദ്ധാക്കളെ ഓച്ചിറക്കളി പരിശീലിപ്പിച്ചുവരുന്നു.
കളരികളില്‍ പെണ്‍കുട്ടികളെയും ആയോധനമുറകളില്‍ അടവും ചുവടും പിഴയ്ക്കാതെ പഠിപ്പിക്കുന്നു. വാള്, പരിച, വടി എന്നിവ ഉപയോഗിച്ച് നേര്‍ക്ക് നേരെയുള്ള പോരാട്ടവും പഠിപ്പിക്കുന്നു. ഇക്കുറി പ്രത്യേക വേഷവിധാനത്തോടെയാണ് കളിയാശാന്മാര് ഓച്ചിറക്കളിയില്‍ പങ്കെടുക്കുന്നത്.
75 വര്‍ഷമായി മുടക്കം വരാതെ ശിവരാമനാശന്‍ പടനിലത്ത് അങ്കം വെട്ടുന്നു. പോരാടിയില്‍ ഗോവിന്ദനാശാന്റെ ശിഷണത്തില്‍ ആണ് ആശാന് ഓച്ചിറക്കളി പഠനം തുടങ്ങുന്നത്. ആശാന്റെ മരണശേഷം പടത്തലവനായി ഓച്ചിറ ക്ഷേത്രഭരണസമിതിയാണ് ശിവരാമനെ തിരഞ്ഞെടുത്തത്. ബന്ധുവായ ശിവദാസനും ഒപ്പമുണ്ട്. ക്ഷേത്രഭരണസമിതി ഭാരവാഹികളില്‍ നിന്നും ധ്വജം ഏറ്റുവാങ്ങുന്നതും ഇപ്പോള്‍ ഇവരാണ്.
പുതുതായി ഓച്ചിറക്കളി അഭ്യസിക്കാന്‍ നാട്ടുകാര്‍ കുട്ടികളെ ഇവരുടെ കളരിയില്‍ വിടുന്നു. മൂര്‍ച്ചയുള്ള വാളും പരിചയുമായിട്ടാണ് ശിവരാമനാശാന് എട്ടുകണ്ടത്തില്‍ ശിഷ്യന്മാരുമൊത്ത് അങ്കം കുറിക്കുന്നത്. ഇക്കുറി 15നും 16നും പടനിലത്ത് പഴയ കാലത്തെ യുദ്ധസ്മരണകള്‍ ഉണര്‍ത്താനുള്ള ഒരുക്കത്തിലാണ് ശിവരാമനാശന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: