കടമ്പഴിപ്പുറം: വായില്ല്യാംകുന്ന് ദേവസ്വത്തിന് കീഴില്‍ ക്ഷേത്രത്തിന് കൈവശമുള്ള 13.29 ഏക്കര്‍ ഭൂമിയുടെ നികുതി അടയ്‌ക്കാന്‍ റവന്യൂ അധികൃതര്‍ തടസം നില്‍ക്കുന്നതായി ക്ഷേത്രം അധികൃതരുടെ പരാതി. 2008ന് ശേഷം നികുതി അടക്കാന്‍ സാധിക്കാത്തതിനാല്‍ ഈ ഭൂമി ഉപയോഗപ്പെടുത്താന്‍ ക്ഷേത്രത്തിന് സാധിക്കുന്നില്ല. നികുതിയടച്ച് ഉടമസ്ഥാവകാശം ലഭ്യമാക്കാന്‍ റവന്യൂ വകുപ്പ് അധികൃതര്‍ തടസം നില്‍ക്കുകയാണെന്നാണ് ക്ഷേത്രം ഭാരവാഹികള്‍ പറയുന്നത്.
2008 വരെ ഭൂമിക്ക് നികുതി സ്വീകരിച്ചിരുന്നു. എന്നാല്‍ നികുതി അടക്കാന്‍ ക്ഷേത്രം അധികൃതര്‍ എത്തുമ്പോള്‍ 10 ഏക്കറിന് അടുത്ത് മാത്രമേ ഉള്ളൂ എന്നാണ് അധികൃതര്‍ പറയുന്നത്. ഇത് സംബന്ധിച്ച് 2019ല്‍ ക്ഷേത്രം ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുകയും, അതേ തുടര്‍ന്ന് ഭൂമി അളന്ന് തിട്ടപ്പെടുത്തി നികുതി അടയ്‌ക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് ഹൈക്കോടതി കളക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയും കളക്ടര്‍ ഇത് ഒറ്റപ്പാലം ഭൂരേഖാ തഹസില്‍ദാര്‍ക്ക് കൈമാറുകയും ചെയ്തു. എന്നാല്‍ രണ്ടുവര്‍ഷമായി ഭൂരേഖാ തഹസില്‍ദാരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഫയലില്‍ തീര്‍പ്പ് കല്പിക്കാനോ കോടതിയുടെ ഉത്തരവും കളക്ടറുടെ നിര്‍ദ്ദേശവും നടപ്പിലാക്കാനോ തയാറാവാതെ നിരുത്തരവാദപരമായ സമീപനമാണ് റവന്യൂ വകുപ്പ് സ്വീകരിക്കുന്നതെന്നാണ് പരാതി.
വായില്ല്യാംകുന്ന് ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയ മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.ആര്‍. മുരളിയുടെ ശ്രദ്ധയില്‍ ക്ഷേത്രം അധികൃതര്‍ ഇക്കാര്യം ബോധ്യപ്പെടുത്തി. ക്ഷേത്ര ഭൂമി എം.ആര്‍. മുരളി നേരിട്ടുകണ്ട് ബോധ്യപ്പെട്ടു. വരുമാനത്തിന് സഹായിക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയുന്ന ക്ഷേത്ര ഭൂമിയുടെ ഉടമസ്ഥാവകാശത്തിന് റവന്യൂ വകുപ്പ് അധികൃതര്‍ തടസം നില്‍ക്കുകയാണെന്ന് എം.ആര്‍. മുരളിയും പറഞ്ഞു.
നിലവില്‍ തര്‍ക്കങ്ങളോ പ്രശ്‌നങ്ങളോ ഇല്ലാത്തതിരുന്നിട്ടും നികുതി സ്വീകരിക്കാന്‍ റവന്യു അധികൃതര്‍ തയ്യാറാകാത്ത നടപടിക്കെതിരെ വകുപ്പ് മന്ത്രിക്കും, കളക്ടര്‍ക്കും പരാതി നല്‍കുമെന്നും എം.ആര്‍. മുരളി അറിയിച്ചു. വള്ളൂര്‍ രാമകൃഷ്ണന്‍, ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ കുമാര ഗുപ്തന്‍, അജിത്ത് പ്രസാദ്, എം. സുബ്രഹ്മണ്യന്‍, പഞ്ചായത്ത് അംഗങ്ങളായ സവിത, സുരേഷ് ബാബു, ക്ഷേത്രം എക്‌സി.ഓഫീസര്‍ ശശികാന്ത്, ക്ഷേത്രം ജീവനക്കാര്‍ എന്നിവുരം ഒപ്പമുണ്ടായിരുന്നു.
2007ല്‍ നടന്ന റീസര്‍വേക്ക് ശേഷം എന്‍ട്രിയിലും ബിടിആറിലും വന്ന അപാകതയാണെന്നും ഇത് താലൂക്ക് സബ് ഡിവിഷനില്‍ ഉള്‍പ്പെട്ടതാണെന്നും ഒറ്റപ്പാലം താലൂക്ക് ഓഫീസില്‍ നിന്നാണ് നടപടി ഉണ്ടാകേണ്ടതെന്നും കടമ്പഴിപ്പുറം വില്ലേജ് ഓഫീസര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: