ഗാന്ധിനഗര്‍: ആശുപത്രി മാലിന്യത്തില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പോലീസിന് സ്വമേധയാ കേസെടുക്കാമായിരുന്നുവെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍. അമ്പലമുകളിലുള്ള ആശുപത്രി മാലിന്യ സംസ്കരണ പ്ലാന്റിലാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് പറയുന്നത്. ഇത്രയും ഗൗരവമുള്ള സംഭവത്തില്‍ എന്തുകൊണ്ടാണ് പോലീസ് സ്വമേധയാ കേസ് എടുക്കാതിരുന്നത്. ആശുപത്രികളില്‍ നിന്ന് മാലിന്യം ശേഖരിച്ച് സംസ്കരിക്കുന്ന സര്‍ക്കാര്‍ ഏജന്‍സിയായ കേരള എന്‍വയര്‍മെന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് അധികൃതരോട് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അമ്പലമുകള്‍ പോലീസിന് കേസ് എടുക്കാമായിരുന്നു.
മൃതദേഹം കണ്ടെന്നു പറയുന്ന പ്ലാന്റിലെ തൊഴിലാളികളെ നേരില്‍ കണ്ടും വിവരങ്ങള്‍ ശേഖരിക്കുവാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ശനിയാഴ്ചയാണ് കോട്ടയം മെഡിക്കല്‍ കോളജിലെ മാലിന്യശേഖരണ കേന്ദ്രത്തില്‍ നിന്നും അമ്പലമുകളിലുള്ള പ്ലാസ്റ്റിക് മാലിന്യ സംസ്കരണ പ്ലാന്റിലേയ്ക്ക് മാലിന്യം കൊണ്ടുപോയത്. അന്നു തന്നെ തൊഴിലാളികള്‍ മാലിന്യം വേര്‍തിരിക്കുമ്പോഴാണ് ചുവന്ന പ്ലാസ്റ്റിക്ക കവറില്‍ കമഴ്ന്ന നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ വിവരം ഏജന്‍സി മാനേജര്‍ ഒരു പ്രമുഖ പത്രത്തെ അറിയിച്ചതല്ലാതെ മാലിന്യം കൊണ്ടുവന്ന ആശുപത്രി അധികൃതരേയോ, ബന്ധപ്പെട്ട പോലീസിനേയോ വിവരം അറിയിച്ചില്ല.
പിന്നീട് പത്രവാര്‍ത്തയെ തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മീഷനും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയും കേസെടുക്കുകയും ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കുവാന് ആവശ്യപ്പെട്ടതും. അതിന്റെ അടിസ്ഥാനത്തില്‍ ഡിഎംഇ മെഡിക്കല്‍ കോളജ് അധികൃതരോട് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ആശുപത്രി അധികൃതര്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ആശുപത്രി അധികൃതര്‍ നല്കിയ റിപ്പോര്‍ട്ടില്‍ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നുള്ളതല്ലെന്നും, ഇതു സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തുവാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറാകണമെന്നും മെഡിക്കല്‍ കോളേജില്‍ നിന്ന് അധികൃതര്‍ നല്കിയ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: