റോട്ടര്‍ഡാം: യുവേഫ നേഷന്‍സ് ലീഗില്‍ പോളണ്ട്-ഹോളണ്ട് മത്സരം 2-2 സമനിലയില്‍ അവസാനിച്ചു. തീര്‍ത്തും ആവേശകരമായ മത്സരത്തില്‍ ഹോളണ്ടിനായിരുന്നു ആധിപത്യം. എന്നാല്‍ മത്സരത്തില്‍ ആദ്യ ഗോള്‍ നേടിയത് പോളണ്ടാണ്. 18-ാം മിനിറ്റില്‍ നിക്കോളാ സേല്വസ്കിയുടെ പാസ്സില്‍ നിന്നും മാറ്റി കാശാണ് പോളണ്ടിന് ആദ്യ ഗോള്‍ സമ്മാനിച്ചത്. ആദ്യ പകുതിയില്‍ ഹോളണ്ടിന് ഗോള്‍ ഒന്നും നേടാന്‍ സാധിച്ചില്ല.
രണ്ടാം പകുതി തുടങ്ങി 49-ാം മിനിറ്റില്‍ പോളണ്ടിന് അടുത്ത ഗോള്‍ നേടി. ഫ്രാങ്കോവസ്കിയുടെ പാസ്സില്‍ പിയോറ്റര്‍ സിലന്‍സ്കിയാണ് രണ്ടാം ഗോള്‍ നേടിയത്. പോളണ്ട് ലീഡ് നില ഉയര്‍ത്തിയപ്പോള്‍ ഹോളണ്ട് തിരിച്ചടിക്കാന്‍ തുടങ്ങി. തുടര്‍ന്ന് 51-ാം മിനിറ്റില്‍ ഹോളണ്ടിനായി ഡേവി ക്ലസ്സേന് ആദ്യ ഗോള്‍ നേടി. തുടര്‍ന്ന് 54-ാം മിനിറ്റില്‍ ഹോളണ്ട് പോളണ്ടിനെതിരെ സമനില ഗോള്‍ കണ്ടെത്തി. ഡെന്‍സല്‍ ഡംഫ്രയ്സാണ് ഗോള്‍ നേടിയത്.
ഇഞ്ച്വറി ടൈമില്‍ ഗോള്‍ നേടാന്‍ ഹോളണ്ട് ശ്രമിച്ചുവെങ്കിലും പാഴായി. തുടര്‍ന്ന് മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു. മറ്റൊരു കളിയില്‍ ശക്തരായ ബെല്‍ജിയത്തെ വെയ്ല്‍സ് സമനിലയില്‍ തളച്ചു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം അടിച്ച മത്സരം സമനിലയില്‍ പിരിയുകയായിരുന്നു. മത്സരത്തില്‍ ബെല്‍ജിയത്തിനായിരുന്നു ആധിപത്യമെങ്കിലും അവര്‍ക്ക് ലഭിച്ച അവസരങ്ങള്‍ ഗോളാക്കി മാറ്റുന്നതില്‍ ബെല്‍ജിയം പരാജയപ്പെട്ടതാണ് മത്സരത്തില്‍ കാണാന്‍ സാധിച്ചത്.
ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ 50-ാം മിനിറ്റില്‍ യൂരി ടെയ്ലിമാന്സ് ബെല്‍ജിയത്തിനായി ആദ്യ ഗോള്‍ നേടി. തുടര്‍ന്ന് ശ്രമങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ നേടാന്‍ ബെല്‍ജിയത്തിനായില്ല. അതേസമയം 86-ാം മിനിറ്റില്‍ വെയ്ല്‍സിനായി ബ്രെണ്ണന് ജോണ്സണ് സമനില ഗോള്‍ സമ്മാനിച്ചു. വെയ്ല്സിനെതിരെ അവരുടെ മൈതാനത്ത് ഇത് വരെ ജയിക്കാന്‍ ബെല്‍ജിയത്തിനായില്ല എന്ന പതിവ് ഇത്തവണയും തുടര്‍ന്നു.
മറ്റൊരു കളിയില്‍ ജയം കാണാതെ ഇംഗ്ലണ്ട്. ഇറ്റലിയോട് ഗോള്‍ രഹിത സമനില വഴങ്ങിയതോടെ കളിച്ച ഒരു മത്സരത്തിലും ജയം കാണാന്‍ ഇംഗ്ലണ്ടിന് സാധിച്ചിട്ടില്ല. ഇരു ടീമുകള്‍ക്കും തുല്യ അവസരങ്ങള്‍ ലഭിച്ചുവെങ്കിലും ആര്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചില്ല. മേസന് മൗണ്ടിന്റെ ഷോട്ട് ബാറില്‍ ഇടിച്ച് മടങ്ങിയപ്പോള്‍ ടൊണാലിയുടെയും പെസ്സിനയുടെയും ഗോള്‍ ശ്രമങ്ങള്‍ അതുഗ്രന്‍ മികവിലൂടെ ഗോള്‍ കീപ്പര്‍ ആരോണ്‍ റാംസ്ഡേല്‍ രക്ഷിച്ചു. രണ്ടാം പകുതിയിലും ഇരു ടീമും ശ്രമങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ മാത്രം നേടാനായില്ല.
ലീഗില്‍ മറ്റൊരു കളിയില്‍ ജര്‍മ്മനിയെ ഹംഗറി സമനിലയില്‍ തളച്ചു. മത്സരത്തിന്റെ ആറാം മിനിറ്റില്‍ തന്നെ ജര്‍മ്മനിയെ ഹംഗറി ഞെട്ടിച്ചു. സോര്‍ട്ട് സാഗിയാണ് ഹംഗറിക്കായി ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ മൂന്ന് മിനിറ്റിനുള്ളില്‍ ജര്‍മ്മനി തിരിച്ചടിച്ചു. യോനാസ് ഹോഫ്മാനാണ് ജര്‍മ്മനിക്ക് സമനില ഗോള്‍ സമ്മാനിച്ചത്. എന്നാല്‍ രണ്ടാം പകുതിയില്‍ ഇരു ടീമിനും ഗോള്‍ നേടാന്‍ സാധിക്കാത്തതിനാല്‍ മത്സരം സമനിലയില്‍ അവസാനിനിക്കുകയായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: