കൊച്ചി: ഹൈക്കോടതി കര്‍ശന നിലപാട് എടുത്തതോടെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായി മുങ്ങിനടന്ന എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.അര്‍ഷോ അറസ്റ്റില്‍. വധശ്രമം ഉള്‍പ്പെടെ നാല്പതിലേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അര്‍ഷോ. മലപ്പുറം എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിലാണ് അര്‍ഷോയെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തത്.
മൂന്നു മാസം മുന്‍പ് ഹൈക്കോടതി ജാമ്യം റദ്ദാക്കിയിട്ടും പൊലീസ് അറസ്റ്റു ചെയ്യാതിരുന്നതിനെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.ഷാജഹാന് എറണാകുളം നോര്‍ത്ത് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതി ഹൈക്കോടതിയുടെ ശ്രദ്ധയില്പ്പെടുത്താനിരിക്കെയാണ് അറസ്റ്റ്. എറണാകുളം സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്ത് അറസ്റ്റു ചെയ്തത്.
ദേഹപരിശോധനയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കിയ അര്‍ഷോയെ റിമാന്‍ഡ് ചെയ്തു. ജാമ്യത്തിനായി ശ്രമിച്ചെങ്കിലും കോടതി അനുവധിച്ചില്ല. നിരന്തരം ക്രിമിനല്‍ കേസില്‍ ഉള്‍പ്പെടുന്ന ആളെ ജയിലിലാണ് അടക്കേണ്ടതെന്ന് പോലീസിന് നിര്‍ദേശം നല്കി.
ഈരാറ്റുപേട്ട സ്വദേശിയും അഭിഭാഷകനുമായ നിസാം നാസറിനെ രാത്രിയില്‍ വീട്ടില്‍ കയറി ആക്രമിച്ചതിനെ തുടര്‍ന്നാണ് അര്‍ഷോയ്ക്കെതിരെ വധശ്രമത്തിനു കേസെടുത്തത്. പ്രതി ജാമ്യത്തിലിറങ്ങി കൂടുതല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നെന്നും ചൂണ്ടിക്കാട്ടി.
തുടര്‍ന്നാണ് എസ്എഫ്ഐ ജില്ലാ പ്രസിഡന്റായിരിക്കെ അര്‍ഷോയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയത്. പിന്നീട് പ്രതിയെ അറസ്റ്റു ചെയ്യാന്‍ പോലീസ് തയാറായില്ല. ഇതിനിടെ പരാതി ഉയര്‍ന്നപ്പോള്‍ പ്രതി ഒളിവിലാണെന്നും ഉടന്‍ പിടിയിലാകുമെന്നുമായിരുന്നു പോലീസ് കോടതിയെ അറിയിച്ചത്. ഈ നിലപാടിനെതിരെ ഹൈക്കോടതി രൂക്ഷമായ രീതിയില്‍ വിമര്‍ശിച്ചിരുന്നു. പോലീസിനെതിരെ നടപടിയെടുക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഇപ്പോഴെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയാറായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: