ജിജേഷ് ചുഴലി
കോഴിക്കോട്: പ്രത്യേക തസ്തികകളില്‍ 70 വയസിന് മുകളിലുള്ളവരെ നിയമിക്കരുതെന്ന സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെ, 86 കാരനായ പുരാവസ്തു വിദഗ്ധന്‍ ഡോ. എം.ആര്. രാഘവവാര്യര്‍ക്ക് പുരാവസ്തു വകുപ്പു ഡയറക്ടറായി നല്കിയ പുനര്‍നിയമനം ചര്‍ച്ചയാകുന്നു. സാംസ്കാരിക വകുപ്പിന് കീഴില്‍ വരുന്ന സ്ഥാപങ്ങളിലെ ഡയറക്ടര്‍, സെക്രട്ടറി, ഡയറക്ടര്‍ ജനറല്‍, എക്സിക്യുട്ടിവ് ഡയറക്ടര്‍, എക്സിക്യൂട്ടിവ് ഓഫീസര്‍ എന്നീ തസ്തികളില്‍ നിയമിക്കപ്പെടുന്നവര്‍ക്ക് 70 വയസില്‍ കൂടുതലുണ്ടാവരുതെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ഇത് ലംഘിച്ചാണ് നിയമനം.
ജൂണ്‍ ഒന്നിന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് എം.ആര്. രാഘവവാര്യര്‍ക്ക് പുനര്‍ നിയമനം നല്കാന് തീരുമാനമെടുത്തത്. കഴിഞ്ഞ ദിവസം എം.ആര്. രാഘവവാര്യര് ഡയറക്ടറായി ചുമതലയേറ്റു. വ്യാജ ചെമ്പോലയെ ന്യായീകരിച്ച് വിവാദത്തിലായ വ്യക്തിയാണ് ഡോ. എം.ആര്. രാഘവ വാര്യര്‍.
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍ എന്നിവയിലെ മാനേജിങ് ഡയറക്ടര്‍, സെക്രട്ടറി, ഡയറക്ടര്‍, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എന്നിവരുടെ പ്രായപരിധി 65 വയസ്സായി നിജപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് സാംസ്കാരിക വകുപ്പ് പ്രായപരിധി 70 വയസ്സായി നിശ്ചയിച്ച് മെയ് 24ന് ഉത്തരവിറക്കിയത്. ഇത് പ്രകാരം 70 വയസ്സിന് മുകളില്‍ തുടരുന്ന ഡയറക്ടര്‍, സെക്രട്ടറി, ഡയറക്ടര്‍ ജനറല്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍, എക്സിക്യൂട്ടീവ് ഓഫീസര്‍ എന്നിവരുടെ വിശദാംശങ്ങള്‍ രേഖരിക്കാന്‍ ആരംഭിച്ചിരുന്നു. അതിനിടയിലാണ് രാഘവ വാര്യരെ വീണ്ടും ഡയറക്ടറായി നിയമിച്ചത്. ഇതില്‍ ഇടത് ചരിത്രകാരന്മാര്ക്കടക്കം കടുത്ത പ്രതിഷേധമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: