സ്വന്തം ജ്യേഷ്ഠനെ കൊമ്പിന്റെ വായ്ത്താരികള്‍ ചൊല്ലി പഠിപ്പിക്കുന്നതു കേട്ടിരുന്ന കുട്ടി ശാസ്ത്രീയമായി അഭ്യസിക്കുന്നതിനു മുമ്പേ കൊമ്പിന്റെ ചൊല്ലുകള്‍ ഹൃദിസ്ഥമാക്കിയ ചരിത്രമാണ് മച്ചാട് മണികണ്ഠന്റേത്. ക്ഷേത്രവാദ്യകലകളുടെ പരിപോഷണാര്‍ത്ഥം ഗുരുവായൂര്‍ ദേവസ്വത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്ഷേത്രവാദ്യ കലാനിലയത്തിലെ അധ്യാപകനായിരുന്നു മച്ചാട് മണികണ്ഠന്റെ പിതാവും പ്രസിദ്ധ കൊമ്പുവാദകനുമായിരുന്നു മച്ചാട് അപ്പു നായര്‍. കലാനിലയത്തിലെ കൊമ്പിന്റെ ആദ്യബാച്ചിലാണ് മണികണ്ഠന് ശാസ്ത്രീയമായി കൊമ്പൂത്ത് പഠിച്ചത്. 1977 ലായിരുന്നു അരങ്ങേറ്റം. അമ്മാവന്മാരായ മച്ചാട് രാമകൃഷ്ണന് നായരും മച്ചാട് ഉണ്ണിനായരും ഏതാനും വര്‍ഷം മുമ്പു അന്തരിച്ച ജ്യേഷ്ഠന് മച്ചാട് കുട്ടപ്പനും കൊമ്പുവാദ്യരംഗത്ത് ശ്രദ്ധേയരായിരുന്നു.
2001 ല്‍ പിതാവ് മരിക്കുമ്പോള്‍ മണികണ്ഠന് 39 വയസായിരുന്നു. അച്ഛന്റെ തണലിലാണ് മണികണ്ഠന്റെ വളര്‍ച്ചയെങ്കിലും മകനെ ഒരു വേദിയിലും പിടിച്ചുകയറ്റി നിര്‍ത്തുകയോ മകനുവേണ്ടി സേവ പിടിക്കുകയോ ഉണ്ടായിട്ടില്ല. കൊമ്പിന്റെ തമ്പുരാനായിരുന്ന മച്ചാട് അപ്പുനായരുടെ മകന് ആരുടേയും ശുപാര്‍ശകള്‍ക്കും കാത്തു നിന്നിട്ടില്ല. പിതാവ് പകര്‍ന്നു നല്കിയ കൊമ്പിന്റെ പാഠക്കൈകളും ചൊല്ലുകളും ശുദ്ധി കൈവിടാതെ ഇന്നും പുതിയ പഠിതാക്കള്‍ക്ക് പകര്‍ന്നു നല്കുന്നു.
മച്ചാട് കൊമ്പ് വാദനശൈലിയുടെ സൂക്ഷ്മസൗന്ദര്യമാണ് മണികണ്ഠന്. കൊമ്പിന്റെ മര്‍മമറിഞ്ഞ് പ്രയോഗിക്കുന്ന വിരലിലെണ്ണാവുന്ന കലാകാരന്മാരില് പ്രധാനിയാണ് മണികണ്ഠന്. കേരളത്തിനകത്തും പുറത്തും ഭാരതത്തിനുപുറത്തും ഒട്ടനവധി വേദികളില്‍ മണികണ്ഠന്റെ മാന്ത്രികനാദം പെയ്തിറങ്ങി. പഞ്ചവാദ്യത്തില്‍ തിമിലക്കാരുടെ താളവട്ടത്തിനൊപ്പം കൊമ്പ് ഊതാന്‍ പഠിപ്പിക്കുന്ന അപൂര്‍വം ഗുരുക്കന്മാരിലൊരാളാണ് മണികണ്ഠന്. അക്ഷരങ്ങളെ സ്ഫുടവും സംശുദ്ധവുമാക്കി ആസ്വാദകര്‍ക്കു മുമ്പിലെത്തിക്കുന്നതില്‍ മണികണ്ഠന് പകരക്കാരനില്ല.
കൊമ്പുവാദ്യത്തിലെ പകരക്കാരനില്ലാത്ത അമരക്കാരനാണ് മണികണ്ഠന്. മൂന്നു മുറിയിലൂടെ മണികണ്ഠന് കേള്‍പ്പിക്കുന്ന ശ്രവണസുഭഗത കേട്ടു മാത്രം അറിയേണ്ടതാണ്. അതു വിശദീകരിക്കാന്‍ വാക്കുകള്‍ക്കോ അക്ഷരങ്ങള്‍ക്കോ ആവില്ല. വാദ്യവേദികള്‍ ഏതുമാവട്ടെ മണികണ്ഠന്റെ വാദനത്തിന് വലിപ്പചെറുപ്പങ്ങളില്ല. പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിനും കുടുംബക്ഷേത്രത്തില്‍ നടക്കുന്ന ദീപാരാധന പഞ്ചവാദ്യത്തിനും മണിമണി പോലുള്ള കണ്ഠനാദത്തിന് ഒരേ കനമാണ്. അതിന് ഏറ്റക്കുറവുകളില്ല.
കൊമ്പ് എന്ന വാദ്യത്തെ പഠിക്കാനും പരീക്ഷിക്കാനും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനും ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്ന കലാകാരനാണ് ഇദ്ദേഹം. കൊമ്പിന്റെ ഉയര്‍ച്ചയും വളര്‍ച്ചയും കാണാനും പ്രചരിപ്പിക്കാനും ഏറെ മോഹിക്കുന്ന നല്ല കലാകാരന്. തൃശൂര്‍ പൂരത്തിലെ തിരുവമ്പാടിയുടെ മഠത്തില്‍വരവിന് കൊമ്പിന്റെ പ്രമാണിയാണ് മണികണ്ഠന്. പഞ്ചവാദ്യങ്ങള്‍ക്ക് പതികാലത്തില്‍ തിമിലക്കാരുടെ താളവട്ടത്തിനൊപ്പം യോജിച്ച് കൊമ്പ് ഊതി നിയ്ക്കുന്നതില് മണികണ്ഠന്റെ കഴിവ് ഒന്നുവേറെതന്നെ്. തിമിലക്കാര്‍ ആരുമാകട്ടെ. അവരുടെ കൊട്ട് വളരെ ശ്രദ്ധിച്ചുമാത്രമേ മണികണ്ഠന് നില്‍ക്കാറുള്ളൂ. അല്ലാതെ തന്റെ ഇഷ്ടത്തിനനുസരിച്ചല്ല ഊതുന്നത്. ആ വാദനം അറിഞ്ഞാസ്വദിക്കുന്നവര്ക്ക് അകലെ നിന്നും തിരിച്ചറിയാം.
കൊമ്പില്‍ ഊതി കലാശിപ്പിക്കുമ്പോള് എവിടെയെങ്കിലും കൊണ്ടിടുന്ന ശൈലി മണികണ്ഠന് അരോചകമാണ്. നീട്ടി എടുത്തിടത്ത് കൊണ്ടുവച്ചാല്‍ മാത്രമേ മണികണ്ഠന് തൃപ്തിയുള്ളൂ. കൂട്ടിക്കൊട്ടുകള്ക്കാകട്ടെ ത്രിസ്ഥാനം മുതല്‍ തുടങ്ങിയാല്‍ കൂട്ടിക്കൊട്ട് കഴിയും വരെ നിര്‍ത്താതെ ഊതാനുള്ള വെമ്പലാണ് മണികണ്ഠനെ മണികണ്ഠനാക്കുന്നത്. ആരൊക്കെ നിര്‍ത്തിയാലും മണികണ്ഠന്റെ കൊമ്പ് ഗര്‍ജിച്ചുകൊണ്ടിരിക്കും. മച്ചാട് എന്ന കൊമ്പിന്റെ നാട്ടിലെ കൊമ്പുകാര്ക്കെല്ലാം ഗുരുസ്ഥാനീയനാണ് മണികണ്ഠന്.
മേളം, പഞ്ചവാദ്യം, പറ്റ്, ലയവിന്യാസം, ഫ്യൂഷന്‍ എന്നുവേണ്ട കൊമ്പെടുത്താല്‍ മണികണ്ഠന് തമ്പുരാനാണ്. ഖദറിന്റെ ഒറ്റമുണ്ടും അതിനുമേലെ ഖാദിയുടെ തന്നെ വേഷ്ടിയുമായി കൊമ്പ് വാദ്യനിരയുടെ മധ്യത്തില്‍ നില്ക്കുന്ന മണികണ്ഠന് നിറഞ്ഞ അരങ്ങുതന്നെ. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലും ബേപ്പൂരും തളിയിലും തൃശൂരിലെ കീനൂര്‍ ഉള്‍പ്പെടെ അനവധി സ്ഥലങ്ങളിലും നൂറുകണക്കിനു പേര്‍ക്ക് മണികണ്ഠന് കൊമ്പിന്റെ പാഠങ്ങള്‍ പകര്‍ന്നു നല്കി.
അറുപതിന്റെ ആഹ്ലാദവേളയില് മണികണ്ഠനെ ആദരിക്കുന്നതിനായി ശിഷ്യരും ആസ്വാദകരും ചേര്‍ന്ന് മച്ചാട് വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: