ഗൗരവപൂര്‍ണമായ സമഗ്ര നാടകവേദി എന്ന ആധുനിക സങ്കല്‍പത്തില്‍ മലയാള രംഗവേദിയുടെ നവീകരണത്തിന് നായകത്വം വഹിച്ച ഗുരു പ്രൊഫ. ജി. ശങ്കരപ്പിള്ളയുടെ ആദ്യനിര ശിഷ്യന്മാരില്‍ പ്രധാനിയാണ് ഡോ. അച്യുതന്‍ മാഷ്. അദ്ദേഹം ഹിന്ദി വിഭാഗം അധ്യാപകനായിരുന്നപ്പോള്‍ കോഴിക്കോട് സര്‍വ്വകലാശാലാ അങ്കണത്തില്‍ നാടകത്തിന്റെ വസന്തകാലമായിരുന്നു. ‘കോഴിക്കോട് സര്‍വ്വകലാശാലാ നാടകസംഘം’ (Calicut Universtiy Thetare Group) എന്ന അദ്ദേഹം രൂപംകൊടുത്ത നാടകസംഘത്തിന്റെ നാടകാവതരണങ്ങളും ശില്‍പശാലകളുംകൊണ്ട് സര്‍വ്വകലാശാലാങ്കണം അര്‍ത്ഥപൂര്‍ണമാക്കി.
പഴയ വെട്ടത്തുനാട്ടിലെ തന്ത്രമന്ത്ര വൈദ്യപാരമ്പര്യമുള്ള കുടുംബത്തില്‍ വേലുവൈദ്യരുടെയും അമ്മുക്കുട്ടി അമ്മയുടെയും മകനായി തിരൂരിലാണ് അച്യുതന്‍മാഷുടെ ജനനം. കെട്ടിയാടലിന്റെയും തന്ത്രമന്ത്രവിദ്യകളുടെയും നാട്ടുവൈദ്യത്തിന്റെയും പാരമ്പര്യം കാത്തുസൂക്ഷിച്ചിരുന്നെങ്കിലും ആ കാലങ്ങളില്‍ വീട്ടിലെന്നും കഷ്ടപ്പാടായിരുന്നു. അച്ഛന്റെ രണ്ടനിയന്‍മാര്‍ക്ക് ഭ്രാന്തും. ഒടുവില്‍ ഗത്യന്തരമില്ലാതെ പൂങ്കുടില്‍ മനയില്‍ ചെന്ന് പ്രശ്നം വച്ചപ്പോളറിഞ്ഞത് കുടുംബത്തില്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പെ ആവാഹിച്ചു കൂടെ കൂട്ടിയ ഭഗവതിയുടെ സാന്നിധ്യം. വെട്ടത്തുരാജാവിന്റെ ഉപാസനാമൂര്‍ത്തിയായ തണ്ണീര്‍ ഭഗവതിയെ, രാജവംശത്തിന്റെ പതനം ഉറപ്പായപ്പോള്‍ വൈദികബ്രാഹ്മണര്‍ ആവാഹിച്ച് അടിസ്ഥാന ഗോത്രത്തെ ഏല്‍പ്പിക്കുകയായിരുന്നുവത്രെ! പിന്നീടങ്ങോട്ട് അലച്ചില്‍ മാത്രമായിരുന്നു തലമുറകളായി ആ കുടുംബത്തിനു സംഭവിച്ചത്. സ്വാതന്ത്ര്യാനന്തരം ജനാധിപത്യകാലം പിറക്കുന്നതുവരെ അതു രഹസ്യമായി സൂക്ഷിക്കേണ്ടിവന്നതിന്റെ പ്രയാസങ്ങള്‍ നമുക്കൂഹിക്കാവുന്നതിലപ്പുറമാണ്. എന്നാല്‍ പൂങ്കുടില്‍ മനയിലെ പ്രശ്നവിധിപ്രകാരം ഒരു പലകയും കിണ്ടിയും വെള്ളവും വച്ച് ശുദ്ധമായൊരു തിരികൊളുത്തി ആ ഭഗവതിയെ ചൊല്ലി വിളിച്ചുതുടങ്ങിയതില്‍ പിന്നെയാണ് കുടുംബത്തില്‍ ഐശ്വര്യം കൈവന്നതെന്നതൊരു കെട്ടുകഥയല്ല; തികച്ചും യഥാതഥമായൊരനുഭവം മാത്രം. അങ്ങനെ നമ്മുടെ നാടിന്റെ പ്രാക്തന ഗോത്രസംസ്‌കൃതിയില്‍ വേരുകളാഴ്‌ത്തി നില്‍ക്കുന്നൊരു കടുംബപാരമ്പര്യത്തില്‍നിന്നു രൂപംകൊണ്ടതാണ് അച്യുതന്‍മാഷിലെ നടനും സംവിധായകനും അധ്യാപകനുമായ കലാകാരന്‍.
വളരെ ചെറുപ്പത്തില്‍ നാലാം ക്ലാസില്‍ പഠിച്ചിരുന്ന കാലത്ത് സ്‌കൂള്‍ വാര്‍ഷികത്തിന് അധ്യാപകരവതരിപ്പിച്ച ഉറൂബിന്റെ ‘മണ്ണും പെണ്ണും’ എന്ന നാടകത്തില്‍ ഒരു ദരിദ്ര ദളിതു ബാലനായി അഭിനയിച്ചതായിരുന്നു ആദ്യത്തെ നാടകാനുഭവം. കഷ്ടപ്പാടുകള്‍ നിറഞ്ഞ ബാല്യ, കൗമാര, യൗവ്വനാരംഭകാലങ്ങളില്‍ കലാപ്രവര്‍ത്തനത്തിനിടമുണ്ടായിരുന്നില്ല. കോഴിക്കോട് ആര്‍ട്സ് കോളേജ് പഠനകാലത്ത് യാദൃച്ഛികമായൊരു ചിരിമത്സരത്തില്‍ ഒന്നാമനായി പത്രത്തില്‍പടം വന്നതു മാത്രമായിരുന്നു ഒരു വ്യത്യസ്താനുഭവം. പഠനം കഴിഞ്ഞ് വെറുതെ ഇരുന്നകാലത്ത് ജി. ശങ്കരപ്പിള്ളയുടെ നേതൃത്വത്തില്‍ സംഗീതനാടക അക്കാദമി സംഘടിപ്പിച്ച ഒരു മാസ നാടകക്കളരിയില്‍ പങ്കെടുത്തു. അവിടെവെച്ചാണ് വ്യത്യസ്തവും ഗൗരവപൂര്‍ണവുമായ ആധുനിക നാടകവേദി സങ്കല്‍പം പരിചയപ്പെട്ടത്. പ്രൊഫ. രാമാനുജം സാറിന്റെ സംവിധാനത്തില്‍ കെ.ആര്‍. മോഹന്‍ദാസിനോടൊപ്പം സി.ജെ. തോമസിന്റെ ക്രൈം നാടകത്തിലഭിനയിച്ചത് ഒരു നവീന രംഗാനുഭവമായി. ഉള്ളില്‍ അരങ്ങിന്റെ ദൃശ്യശ്രാവ്യ മാസ്മരികത ഉണര്‍ന്നുവന്നെങ്കിലും ജീവിതപ്രാരാബ്ദം അച്യുതന്‍ മാഷെ മീന്‍കച്ചവടക്കാരനാക്കി.
ഹൈദരാബാദായിരുന്നു കച്ചവടവേദി. അല്‍പം സാമ്പത്തികം വന്നപ്പോള്‍ ഹൈദരാബാദ് മലയാളി അസോസിയേഷനുമായി ചേര്‍ന്ന് ജയപ്രകാശ് കുളൂരിന്റെ ‘വര്‍ത്തമാനം’ എന്ന നാടകം സംവിധാനം ചെയ്തു. അതോടെ പുതിയ സൗഹൃദങ്ങളായപ്പോള്‍ മീന്‍ കച്ചവടം നിര്‍ത്തി മുംബൈക്ക് പോയി. മുംബൈ ജീവിതം കള്ളക്കടത്തിന്റെയും ഗുണ്ടായിസത്തിന്റെയും വക്കില്‍കൊണ്ടുചെന്നെത്തിച്ചപ്പോള്‍ ഉള്ളിലെ വിപ്ലവകാരിക്ക് ചൂടുകയറുകയും ഒരു ‘നക്സലൈറ്റ്’ യോദ്ധാവാകാന്‍ വേണ്ടി ആന്ധ്രയിലേക്കു തിരിക്കുകയും ചെയ്തു. പക്ഷേ ഭാഗ്യവശാല്‍ മനസ്സു മാറി നാട്ടിലേക്കുതന്നെ മടങ്ങി.
കൂരാച്ചുണ്ട് നിര്‍മ്മലഗിരി കോളേജില്‍ അധ്യാപകനായി ജോലി കിട്ടിയതോടെ കലാജീവിതത്തിന്റെ തിരശ്ശീല ഉയര്‍ന്നു. ആ കാലത്ത് കുളത്തുവയല്‍ സ്‌കൂളിന്റെ വാര്‍ഷികത്തിന് സി.എല്‍. ജോസിന്റെ ഒരു നാടകം സംവിധാനം ചെയ്തുകൊണ്ട് തന്റെ നാടകജീവിതത്തിന് വീണ്ടും ആരംഭംകുറിച്ചു. പിന്നീട് കുറച്ചുകാലം തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ അധ്യാപകനായി. 1980-ഓടുകൂടി കോഴിക്കോട് സര്‍വ്വകലാശാലയില്‍ ഹിന്ദിവിഭാഗം അധ്യാപകനായി ജോലി കിട്ടി. അതോടെ ‘തിയ്യറ്റര്‍ ഗ്രൂപ്പ്’ എന്ന നാടകസമിതി സംഘടിപ്പിച്ച് നിരന്തര നാടകാവതരണങ്ങളിലേര്‍പ്പെട്ടു. ടി.എം. അബ്രഹാമിന്റെ ‘നഷ്ടപ്പെട്ട ചിറകുകള്‍’ എന്ന നാടകം ‘ഖൊയെ ഹുയെ പങ്ക്’ എന്ന പേരില്‍ ഹിന്ദിയില്‍ സംവിധാനം ചെയ്തു. തുടര്‍ന്ന് ‘പാവത്താന്‍ നാട്’- പി.എം. താജ്, ‘അവതരണം ഭ്രാന്താലയം’- ജി. ശങ്കരപ്പിള്ള, ‘ജനശത്രു’- ഇബ്സന്‍, ‘നാം എങ്ങോട്ടുപോകുന്നു’- ചിന്താമണി ത്രയംബക് ഘാനോല്‍കര്‍, ‘കന്യാകുമാരി’- വി.കെ. പ്രഭാകരന്‍ എന്നിങ്ങനെ അനവധി നാടകങ്ങളും ശില്‍പശാലകളും നടത്തി. ഭാരതേന്ദു ഹരിശ്ചന്ദ്രയുടെ ‘അന്ധേര്‍ നഗരി, ഔര്‍ ചൗപ്പാട്ട് രാജ’ എന്ന നാടകം ‘മണ്ടന്‍ രാജാവ്’ എന്ന പേരില്‍ കുട്ടികള്‍ക്കായി സംവിധാനം ചെയ്തു. ഡോ. വയലാ വാസുദേവന്‍പിള്ളയുടെ ‘കുചേലഗാഥ’ എന്ന നാടകം കേന്ദ്ര സംഗീതനാടക അക്കാദമിയുടെ ദക്ഷിണവിഭാഗം നാടകോത്സവത്തില്‍ അവതരിപ്പിച്ചു.
കേരള സംഗീതനാടക അക്കാദമി പുരസ്‌കാരം, ഉത്തര്‍പ്രദേശ് ഹിന്ദു സന്‍സ്ഥായുടെ സൗഹാര്‍ദ സമ്മാന്‍, ഡോ. ബാബാസാഹെബ് അംബേദ്കര്‍ ഫെലോഷിപ്പ്, സെന്‍ട്രല്‍ ഹിന്ദി ഡയറക്ടറേറ്റ് പുരസ്‌കാരം എന്നിങ്ങനെ നിരവധി അംഗീകാരങ്ങള്‍ നേടി. കേന്ദ്രസാഹിത്യ അക്കാദമി അംഗമായിരുന്നു. സിംല ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ ഫെല്ലോയും പരിസ്ഥിതി മന്ത്രാലയത്തിലെ ഔദ്യോഗിക ഭാഷാസമിതി അംഗവുമാണ്.
‘ലോകനാട്യ ഏവം സംസ്‌കൃതി’, ‘നാട്യാനുവാദ് ഏവം ഭാരതീയ രംഗമഞ്ച്’, ദയാപ്രകാശ് സിന്‍ഹയുടെ ‘നാട്യരചനാനിര്‍മ്മിതി’, ‘ലോകനാട്യ ഓര്‍ ദളിത ചേതന’ എന്നിങ്ങനെയുള്ള ഗ്രന്ഥങ്ങള്‍ രചിച്ചു. മുക്തിഗാഥ, ദയാപ്രകാശ് സിന്‍ഹയുടെ ‘ഒരു കംസന്റെ കഥ’, സി.ജെയുടെ ‘ക്രൈം’, താജിന്റെ ‘രാവുണ്ണി’, വി.കെ. പ്രഭാകരന്റെ ‘കന്യാകുമാരി’ എന്നീ നാടകങ്ങള്‍ മൊഴിമാറ്റം നടത്തി.
കാവാലം നാരായണപണിക്കര്‍ക്കും ജോസ് ചിറമ്മലിനും ശേഷം, തനതു നാടകവേദിയില്‍ മൗലികമായ പരീക്ഷണങ്ങള്‍ക്കുള്ള പാരമ്പര്യ ശക്തി ഉണ്ടെങ്കിലും കോഴിക്കോട്ടെയും കേരളത്തില്‍ പൊതുവെയും, തൊണ്ണൂറുകളോടെ വളര്‍ന്നുവന്ന ചില സാംസ്‌കാരിക വിരുദ്ധ നിലപാടുകള്‍ മൂലം അതു തുടര്‍ന്നുപോരാനായില്ല. എങ്കിലും ആ വഴിയില്‍ വലിയ പ്രതീക്ഷകള്‍ നല്‍കിയ ഒരു രംഗാവതരണമായിരുന്നു ‘പാവത്താന്‍ നാട്.’ ഈ അടുത്തിടെ സപ്തതി ആഘോഷിച്ച അച്യുതന്‍മാഷിന് ഇനിയും സര്‍ഗ്ഗാത്മക രചനകള്‍ നടത്തുവാനുള്ള ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: