സുജിത് ടി.കെ. നളിനം
മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, മണിച്ചിത്രത്താഴ്, ചിന്താമണി കൊലക്കേസ്, ഗോഡ്ഫാദര്‍, അനിയത്തിപ്രാവ് എന്നിങ്ങനെ വന്‍ ജനപ്രിയ ചിത്രങ്ങള്‍ക്ക് ചമയങ്ങളൊരുക്കിയ പി.എന്‍. മണി സിനിമാനുഭവങ്ങള്‍ പങ്കുവയ്‌ക്കുന്നു.
- എങ്ങനെയാണ് സിനിമയുടെ മേഖലയിലേക്ക് എത്തിച്ചേരുന്നത്?
സിനിമ എന്നത് ഒരു വിധം എല്ലാവരുടെയും സ്വപ്‌നമേഖലയാണ് എന്ന വിശ്വാസക്കാരനാണ് ഞാനും. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ എന്റെ മനസ്സിലും സിനിമ ഉദയംകൊണ്ടു. യേശുക്രിസ്തുവിന്റെ ചരിത്രപരമായ ടാബ്ലോ അവതരിപ്പിച്ച് സമ്മാനം നേടിയ ഞാന്‍ അന്ന് സ്‌കൂളില്‍ ശ്രദ്ധേയനായി. ഇനി ഒട്ടും വൈകാതെ സിനിമയില്‍ കയറിപ്പറ്റണം. എന്റെ നാട്ടിലെ ഫിലിം റപ്രസന്റീവിറ്റ് ഭാസ്‌കരന്‍ ആയിരുന്നു ഞാന്‍ അന്ന് കണ്ടെത്തിയ സിനിമ യൂണിവേഴ്‌സിറ്റി. അദ്ദേഹം എന്നെ വിമല ഫിലിംസ് റപ്രസന്റീവിറ്റ് ആന്റ് മാനേജര്‍ സി.ആര്‍.കെ. നായരുടെ അടുത്തെത്തിച്ചു. പഠനം തല്‍ക്കാലം മാറ്റിവച്ച് വീട്ടുകാരോട് പറഞ്ഞ് സമ്മതിപ്പിച്ച് ഞാനും അദ്ദേഹത്തോടൊപ്പം മദിരാശിയിലേക്ക് വണ്ടി കയറി.
- മദ്രാസിലെ ആദ്യകാല ജീവിതത്തെക്കുറിച്ച് പറയാമോ?
സിനിമക്കാര്‍ താമസിച്ചിരുന്ന സ്വാമീസ് ലോഡ്ജില്‍ നായര്‍ സാബും, ഞാന്‍ എന്റെ പരിചയക്കാരന്റെ വീട്ടിലും അഭയം കണ്ടെത്തി. ‘ശബരിമല ശ്രീ ധര്‍മ്മശാസ്താവ്’ എന്ന ചിത്രത്തില്‍ മേക്കപ്പ് അസിസ്റ്റന്റായി നായര്‍ സാബ് എന്നെ കയറ്റിവിട്ടു. എം.എന്‍. നമ്പ്യാര്‍ സാറിന്റെ പേഴ്‌സണല്‍ മേക്കപ്പ്മാന്‍ രാമുവിന്റെ ശിഷ്യത്വവും എനിക്ക് കിട്ടി. എല്ലാ ദിവസവും ഷൂട്ടിങ് ഇല്ലാത്തതിനാല്‍ മദിരാശിയിലെ ലൈബ്രറിയില്‍ ചെന്ന് ഒരു വ്യക്തിയില്‍നിന്ന് വൈകുന്നേരങ്ങളില്‍ സിനിമയുടെ ആധികാരികമായ ചരിത്രം ഞാന്‍ കേട്ടു മനസ്സിലാക്കിയിരുന്നു. റൂമിലെത്തുന്ന താരങ്ങളുടെ സഹായിയായി, റൂം ക്ലീന്‍ ചെയ്യുക, താരങ്ങള്‍ക്ക് ചൂടു വെള്ളം വച്ചുകൊടുക്കുക ഇങ്ങനെ ജോലി ചെയ്ത് മദിരാശിയിലെ എന്റെ ഉപജീവനത്തിനുള്ള വരുമാനം കണ്ടെത്തി. അരുണാചലം സ്റ്റുഡിയോയില്‍ മേക്കപ്പ് അസിസ്റ്റന്റായി പ്രവര്‍ത്തിച്ചപ്പോള്‍ പ്രേംനസീര്‍, ജയന്‍, സത്യന്‍, മധു, രജനികാന്ത് തുടങ്ങിയവരോടൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചു.
- പ്രേംനസീറിന്റെ മേക്കപ്പ്മാന്‍ ആയതെങ്ങനെയാണ്?
ശോഭന പരമേശ്വരന്‍ സാറിന്റെ കടാക്ഷത്തില്‍ രാമു കാര്യാട്ടിന്റെ നെല്ല് സിനിമയില്‍ പ്രേംനസീന്റെ മേക്കപ്പ്മാന്‍ ആയി സഹകരിക്കാന്‍ വലിയ ഭാഗ്യം കിട്ടി. നെല്ല് സിനിമയില്‍ ക്രൂവില്‍ അങ്ങനെ രാമു കാര്യാട്ട് സാര്‍ എന്നെയും ഉള്‍പ്പെടുത്തി. അന്ന് എനിക്ക് 20 വയസ്സ്. നെല്ല് റിലീസ് ചെയ്ത ഉടനെ ആ ചിത്രത്തിലെ സഹസംവിധായകന്‍ കെ.ജി. ജോര്‍ജ് സാര്‍ സ്വപ്‌നാടനം എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായപ്പോള്‍ ആ ചിത്രത്തിലെയും മേക്കപ്പ്മാന്‍ ആയി എന്നെ തിരഞ്ഞെടുത്തു. അങ്ങനെ ദൈവാനുഗ്രഹം കൊണ്ട് ഞാന്‍ സ്വതന്ത്രമേക്കപ്പ്മാനായി നെല്ല് (1974) എന്ന ചിത്രത്തില്‍ പ്രേംനസീര്‍ സാറിന്റെ മുഖത്ത് ചായമിട്ടുകൊണ്ടാണ് പുത്തന്‍പുരയ്‌ക്കല്‍ നാരായണന്‍ മകന്‍ മണി (പി.എന്‍. മണി) എന്ന എന്റെ സിനിമയിലെ തുടക്കം.
- പിന്നീട് ലഭിച്ച മലയാള സിനിമകള്‍ ഏതൊക്കെയാണ്?
‘നയാദില്‍ നയാരാത്’ എന്ന ഹിന്ദി സിനിമയിലും, ‘ഒരു തലൈ രാഗം’ (തമിഴ്) ചിത്രത്തിലും ഞാന്‍ പ്രവര്‍ത്തിക്കുന്നു. വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍, യവനിക ഇങ്ങനെ മമ്മൂക്കയുടെ സിനിമകളില്‍ ഞാന്‍ തുടക്കമിടുന്നു. പത്മരാജന്റെ കരിയിലകാറ്റുപോലെയാണ് ഞാന്‍ വര്‍ക്ക് ചെയ്ത ആദ്യത്തെ മോഹന്‍ലാല്‍ ചിത്രം. സുരേഷ് ഗോപിയുടെ ചിത്രങ്ങളില്‍ ഞാന്‍ തുടക്കമിടുന്നതും അക്കാലത്ത് തന്നെ. അപരന്‍ എന്ന ആദ്യ ചിത്രം മുതല്‍ ജയറാമിനൊപ്പവും ഞാന്‍ സഹകരിച്ചു. ചാക്കോച്ചന്റെ ആദ്യ ചിത്രം അനിയത്തിപ്രാവിലെ ചമയവും ഞാന്‍ തന്നെ. തലപ്പാവ് എന്ന ചിത്രം ഉള്‍പ്പെടെ പൃഥ്വിരാജ് സിനിമകളിലും ഞാന്‍ തന്നെ മേക്കപ്പ്.
മണിച്ചിത്രത്താഴിലെ ചമയത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചു
ഫാസില്‍ സാറിനൊപ്പം ‘നോക്കത്താദൂരത്ത് കണ്ണുംനട്ട്’ എന്ന സിനിമയില്‍ സഹകരിച്ചു തുടങ്ങിയ എനിക്ക് കലാകാരനുള്ള ആദ്യത്തെ സംസ്ഥാന പുരസ്‌കാരം ലഭിക്കുന്നതും അദ്ദേഹത്തിന്റെ ‘മണിച്ചിത്രത്താഴ്’ എന്ന സിനിമയിലെ ചമയത്തിനായിരുന്നു. നോക്കത്താദൂരത്ത് മുതല്‍ സിദ്ദിഖും ലാലുമായും പരിചയപ്പെട്ടു. റാംജിറാവു സ്പീക്കിങ് മുതല്‍ സിദ്ദിഖ് ലാലിന്റെ എല്ലാ സിനിമകളിലും ഞാന്‍ തന്നെയായിരുന്നു മേക്കപ്പ് കൈകാര്യം ചെയ്തിരുന്നത്. തുടര്‍ന്ന് സിദ്ദിഖിന്റെ ബിഗ്ബ്രദര്‍ വരെയും.
- ഒരുപാട് താരങ്ങളുമായി അടുത്തിടപഴകിയിട്ടുണ്ടല്ലോ. എന്താണനുഭവം?
മമ്മൂക്കയും മോഹന്‍ലാലും ലൊക്കേഷനിലോ മറ്റോ വച്ച് കാണുമ്പോള്‍, ”എന്താ മണി സുഖമല്ലേ” എന്നു ചോദിച്ചുകൊണ്ടാണ് സംസാരിച്ച് തുടങ്ങുന്നത്. ഞാന്‍ അവരോടൊക്കെ കാണിക്കുന്ന സത്യസന്ധതകൊണ്ടു തന്നെയായിരിക്കണം ഈ ഇഷ്ടവും ബഹുമാനവും എന്നുതന്നെയാണ് ഞാന്‍ മനസ്സിലാക്കുന്നത്.
- എന്താണ് കുടുംബവിശേഷം?
എന്റെ ഭാര്യ സുധ. അടയാറില്‍ ശോഭന മാഡത്തിന്റെ കൊറിയോഗ്രാഫി ചീഫ് ആയിട്ടാണ് ഇന്ന് എന്റെ മകള്‍ സുമ പ്രവര്‍ത്തിക്കുന്നത്. മകന്‍ ബിസിനസ്സ് ചെയ്യുന്നു. രണ്ട് പേര്‍ക്കും രണ്ട് കുട്ടികള്‍.
- ഇത്രയും കാലത്തെ അനുഭവത്തില്‍ എന്താണ് മേക്കപ്പ്?
make up is a Creative Art.തിരക്കഥാകൃത്തില്‍ നിന്നും സംവിധായകനില്‍നിന്നും കഥ കേള്‍ക്കുമ്പോള്‍ തന്നെ മേക്കപ്പ്മാന്റെ ഇന്ദ്രിയത്തില്‍ താരങ്ങളിലേക്ക് സന്നിവേശിപ്പിക്കാനുള്ള വര്‍ണ്ണ മയങ്ങളുടെ വൈവിധ്യ പാറ്റേണ്‍ പിറവിയെടുത്തിരിക്കണം.
- എഴുപതുകളില്‍ നെല്ലില്‍ തുടങ്ങിയ പ്രയാണം. ഇന്നിന്റെ സിനിമയിലും സജീവമായ താങ്കള്‍ക്ക് സിനിമാ ജീവിതം ഗുണകരം തന്നെയാണോ?
പൂര്‍ണമായും സന്തോഷകരവും ഗുണകരവുമാണെന്ന് ഞാന്‍ ഉറപ്പിച്ചു പറയും. മേക്കപ്പ്മാന്‍ ആയി തുടക്കമിട്ട 1974 ലും, ഇന്നും എനിക്ക് കിട്ടുന്ന പ്രതിഫലം വളരെ കറക്ട് ആണ്. തൊഴില്‍ എന്നത് ജീവിതത്തില്‍ ഏറ്റവും ആസ്വദിച്ച് ചെയ്യുമ്പോഴല്ലേ മറ്റെന്തിനേക്കാളും നമ്മള്‍ സംതൃപ്തരാകുന്നത്. ആ സംതൃപ്തിയില്‍ നിന്നും കിട്ടുന്ന ഊര്‍ജ്ജം, സാമ്പത്തിക നേട്ടം, അതുപയോഗിച്ചുള്ള ജീവിതത്തിലെ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കല്‍. അതിലാണ് ഞാന്‍ പൂര്‍ണ സംതൃപ്തനാകുന്നത്. ദൈവത്തിനോടും പിന്നിട്ട ഓരോ വഴികളിലും സത്യസന്ധതയുടെ വെളിച്ചം എന്നിലേക്ക് പകര്‍ന്നുതന്നെ ചലച്ചിത്ര പ്രവര്‍ത്തകരോടും സിനിമയോടും അത്രതന്നെ എല്ലാ പ്രേക്ഷകരോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: