ആലപ്പുഴ: ഈ മാസം ആലപ്പുഴയിൽ ഇതുവരെ 10 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്. എലിപ്പനി പ്രതിരോധ മുന്‍കരുതല്‍ ഉറപ്പാക്കാനും ഡോക്സി സൈക്ലിന്‍ ഗുളിക കഴിക്കാനും ശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.
കെട്ടിനില്‍ക്കുന്ന വെളളത്തിലും ഈര്‍പ്പമുള്ള മണ്ണിലും എലിപ്പനിയുടെ രോഗാണുക്കള്‍ ഉണ്ടാകാനിടയുണ്ട്. എലി, നായ, പൂച്ച, കന്നുകാലികള്‍ തുടങ്ങിയ മൃഗങ്ങളുടെ മൂത്രത്തിലൂടെയാണ് രോഗാണുക്കള്‍ മണ്ണിലും വെളളത്തിലും കലരുന്നത്. ഒഴുക്കില്ലാത്ത വെളളത്തില്‍ എലിപ്പനി രോഗാണു കൂടുതല്‍ ഉണ്ടായേക്കാം. ഇത്തരം വെളളക്കെട്ടുകളില്‍ ഇറങ്ങുന്നവര്‍ക്ക് എലിപ്പനി ബാധിക്കാന്‍ സാധ്യത കൂടുതലാണ്. ശരീരത്തിലെ മുറിവുകളിലൂടെയും മറ്റുമാണ് രോഗാണുക്കള്‍ ശരീരത്തില്‍ കടക്കുക.
മണ്ണും വെളളവുമായി തുടര്‍ച്ചയായി സന്പര്‍ക്കുള്ള ശുചീകരണ ജോലിക്കാര്‍, കെട്ടിടനിര്‍മ്മാണ തൊഴിലാളികള്‍, തൊഴിലുറപ്പു പ്രവര്‍ത്തകര്‍, പാടത്തും പറമ്പിലും പണിയെടുക്കുന്നവര്‍, കന്നുകാലി വളര്‍ത്തലുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍, കക്ക വാരുന്നവര്‍ തുടങ്ങുന്നവര്‍ അതീവ ശ്രദ്ധ പുലര്‍ത്തണം. ഇത്തരം ജോലികള്‍ ചെയ്യുന്നവര്‍ ഗുണനിലവാരമുളള കാലുറയും കൈയ്യുറയും ധരിക്കണം. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം ഡോക്സിസൈക്ലിന്‍ ഗുളിക കഴിക്കണം. അഴുക്കു വെളളത്തിലും മണ്ണിലും കുട്ടികളെ കളിക്കാന്‍ അനുവദിക്കരുത്.
കുട്ടികളിലെ ശാരീരിക അസ്വസ്തതകള്‍ അവഗണിക്കരുത്. പനി, നടുവ് വേദന, കൈകാലുകളില്‍ വേദന, പേശികളില്‍ വേദന, മൂത്രത്തിനും കണ്ണിനും മഞ്ഞനിറം തുടങ്ങിയ ലക്ഷണങ്ങളില്‍ എന്തെങ്കിലും ഉണ്ടായാല്‍ അടുത്തുളള ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: