മാഹി: മാഹിയില്‍ രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ബാത്റൂമിനകത്ത് കുടുങ്ങി. പാറക്കല്‍ ജിഎല്‍പി സ്കൂളില്‍ കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് സംഭവം. സ്കൂള്‍ വിടുന്നതിന് തൊട്ടു മുമ്പ് ബാത്റൂമിലേക്ക് പോയതായിരുന്നു കുട്ടി. ഈ സമയത്ത് ബാത്റൂം വൃത്തിയാക്കുന്ന ജീവനക്കാരി കുട്ടി അകത്തുള്ളതറിയാതെ വാതില്‍ അടക്കുകയായിരുന്നു. ബാത്റൂം അടച്ചത് കണ്ട് പരിഭ്രമിച്ച കുട്ടി പേടിച്ച് നിലവിളിച്ചു.
ഏറെ നേരം കഴിഞ്ഞ് തൊട്ടടുത്ത ക്ലാസിലെ ടീച്ചര്‍ കരച്ചില് കേട്ടു വന്ന് ബാത്റൂം തുറന്ന് കുട്ടിയെ പുറത്തെത്തിച്ചു. എന്നാല്‍ ഇക്കാര്യം കുട്ടിയെ കൂട്ടിക്കൊണ്ടുപോവാന്‍ വന്ന രക്ഷിതാക്കളെ സ്കൂളധികൃതര്‍ അറിയിച്ചില്ല. വീട്ടിലെത്തിയിട്ടും ഭയപ്പെട്ട് നില്‍ക്കുന്നത് കണ്ട് കാര്യമന്വേഷിച്ചപ്പോഴാണ് തൊട്ടടുത്ത വീട്ടിലെ കുട്ടി കാര്യം പറഞ്ഞത്. ഇക്കാര്യത്തെപ്പറ്റി അന്വേഷിക്കുവാനായി പല തവണ സ്കൂളിലെ ടീച്ചറെ ഫോണ്‍ വിളിച്ചെങ്കിലും ഫോണെടുക്കുവാനോ തിരിച്ചു വിളിക്കുവാനോ ടീച്ചര്‍ തയ്യാറായില്ലെന്നാണ് ആരോപണം.
ഭയം വിട്ടുമാറാത്തതിനാല്‍ കുട്ടി ഇന്നലെയും സ്കൂളില്‍ പോയിരുന്നില്ല. തുടര്‍ന്നാണ് വീട്ടുകാര്‍ പരാതി നല്കാന് തീരുമാനിച്ചത്. ജീവനക്കാരിയുടെ അശ്രദ്ധയും പ്രധാന അധ്യാപികയടക്കമുള്ള ടീച്ചര്‍മാരുടെ ഉത്തരവാദിത്തമില്ലായ്മയും ചൂണ്ടിക്കാണിച്ച് വിദ്യാഭ്യാസവകുപ്പ് മേലധികാരി, ബാലാവകാശ കമ്മീഷന്, ചൈല്‍ഡ് ലൈന്‍ എന്നിവര്‍ക്ക് വീട്ടുകാര്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: