കൊല്ലം : അഞ്ചലില്‍ കാണാതായ രണ്ടര വയസ്സുകാരനെ വീടിന് അടുത്തുള്ള റബര്‍ തോട്ടത്തില്‍ നിന്നും കിട്ടി.തടിക്കാട് സ്വദേശികളായ അന്‍സാരി, ഫാത്തിമ ദമ്പതികളുടെ മകന് ഫര്‍ഹാനെ ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് കാണാതായത്. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഫര്‍ഹാനെ കാണാതാവുകയായിരുന്നു.
വൈകിട്ട് കുട്ടി കരയുന്ന ശബ്ദം കേട്ട് മാതാവ് എത്തിപ്പോഴാണ് കാണാതായ വിവരം അറിയുന്നത്. തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും സംയുക്തമായി തെരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ഒരു ദിവസം രാത്രി മുഴുവന്‍ നാടാകെ തെരഞ്ഞു നടക്കുന്നതിനിടെ ഫര്ഹാന് തൊട്ടടുത്തുള്ള റബ്ബര്‍ തോട്ടത്തിലെത്തിയതെങ്ങനെ എന്ന സംശയം മാറുന്നില്ല.
രാത്രി നല്ല മഴയായിരുന്നു. ഈ മഴയില്‍ കരയുക പോലും ചെയ്യാതെ ഫര്ഹാന് രാത്രി മുഴുവന്‍ റബ്ബര്‍ തോട്ടത്തിലിരുന്നോവെന്നതാണ് ആശയക്കുഴപ്പത്തിലാക്കുന്നത്. കുഞ്ഞിനെ ആരെങ്കിലും തട്ടിക്കൊണ്ട് പോയി ഒടുവില്‍ നിവൃത്തിയില്ലാതെ വന്നപ്പോള്‍ റബ്ബര്‍ തോട്ടത്തില്‍ ഉപേക്ഷിച്ചതാണോയെന്നും സംശയമുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വിശദമായി അന്വേഷിക്കാനൊരുങ്ങുകയാണ് പോലീസ്.
രാവിലെ ഏഴരയോടെ പോലീസ് നായയെ ഉള്‍പ്പടെ കൊണ്ടുവന്ന് നടത്തിയ പരിശോധനയ്ക്ക് ഒടുവിലാണ് ഫര്‍ഹാനെ റബ്ബര്‍ തോട്ടത്തില്‍ നിന്ന് കണ്ടെത്തിയത്. കുട്ടിയ്ക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ആള്‍ക്കൂട്ടത്തെയും പോലീസിനെയും കണ്ട് ആകെ ബഹളമായതോടെ കുഞ്ഞ് പരിഭ്രമിച്ചു. ആള്‍ക്കൂട്ടം ഓടിയെത്തുന്നതിന് മുമ്പേ കുഞ്ഞ് ഫര്‍ഹാനെ കോരിയെടുത്ത് ഓടുകയായിരുന്നു പോലീസുദ്യോഗസ്ഥര്‍. കുഞ്ഞിനെ തൊട്ടടുത്തുള്ള പുനലൂരിലെ താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കാനായി എത്തിച്ചിരിക്കുകയാണിപ്പോള്‍. പരിശോധനകള്‍ക്ക് ശേഷം അച്ഛനുമമ്മയ്ക്കും ഒപ്പം കുഞ്ഞിനെ വിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: