മക്കളേ,
മനുഷ്യജീവിതത്തെ നരകതുല്യമാക്കി മാറ്റുന്ന ഒരു ദുശ്ശീലമാണ് അത്യാഗ്രഹം. അത്യാഗ്രഹമുള്ള ഒരാള്‍ക്ക് ഒരിക്കലും ശാന്തിയുംസംതൃപ്തിയുംഅനുഭവിക്കാനാവില്ല. എത്രകിട്ടിയാലും അയാളുടെ ആഗ്രഹത്തിന് അവസാനമുണ്ടാകില്ല. കിട്ടും തോറും ആഗ്രഹം വര്‍ദ്ധിച്ചുകൊണ്ടിരിക്കും. പത്ത് കിട്ടിയാല്‍ നൂറിന് മോഹം, നൂറ് കിട്ടിയാല്‍ ആയിരത്തിന് മോഹം എന്നു പറയാറുണ്ടല്ലോ. അഞ്ചോ പത്തോ തലമുറയ്ക്ക് വേണ്ടതു സമ്പാദിച്ചു കഴിഞ്ഞാലും ചിലര്‍ക്കു തൃപ്തിയുണ്ടാകുന്നില്ല. ആഗ്രഹങ്ങള്‍ നേടിയെടുക്കാന്‍ പലപ്പോഴും അധാര്മികമാര്ഗങ്ങള് അവലംബിക്കാനും അങ്ങനെയുള്ളവര്‍ തയ്യാറാകുന്നു. അതുകാരണം വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് ന്യായമായി ലഭിക്കേണ്ടതുപോലും നഷ്ടമാകുന്നു.
ഒരു പാവപ്പെട്ടകുട്ടി എല്ലാ ദിവസവും ഒരു ക്ഷേത്രത്തില്‍ചെന്ന് ‘ഈശ്വരാ എനിക്ക് നല്ല ഒരു ജോഡി ഷൂസ് തരണേ’ എന്നു പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. ആ ക്ഷേത്രത്തിനടുത്ത് കച്ചവടം നടത്തിക്കൊണ്ടിരുന്ന ഒരു വലിയപണക്കാരന് പതിവായി ഈ കുട്ടിയുടെ പ്രാര്‍ത്ഥന കേള്‍ക്കാറുണ്ടായിരുന്നു. ഒരു ദിവസം ആ പണക്കാരന് കുട്ടിയോടുപറഞ്ഞു, ‘എത്ര നാളായി നീ ഷൂസിനുവേണ്ടി ഈശ്വരനോടു പ്രാര്‍ത്ഥിക്കുന്നു. ഇതുവരെ ഈശ്വരന് നിനക്ക്ഷൂസ് തന്നില്ലല്ലോ. അതുകൊണ്ട് നീ ഇനിയെങ്കിലും പ്രാര്ത്ഥിക്കുന്നതു നിര്‍ത്തി മറ്റെന്തെങ്കിലും പണി നോക്കൂ.’ കുട്ടിപറഞ്ഞു, ‘എന്റെ പ്രാര്‍ത്ഥന ഈശ്വരന് കേള്‍ക്കുന്നുണ്ടെന്ന കാര്യത്തില്‍ എനിക്ക് ഉറച്ച വിശ്വാസമുണ്ട്. ഈശ്വരന് എനിക്കുള്ളഷൂസ് നിങ്ങളെപ്പോലുള്ളധനികന്മാരുടെ കയ്യിലേല്പിച്ചിരിക്കുകയാണ്. എന്നാല്‍ അത് എനിക്കു നല്കാന് നിങ്ങളുടെ മനസ്സ് അനുവദിക്കുന്നില്ല. അതുകൊണ്ടാണ് എനിക്ക്ഷൂസ് കിട്ടാത്തത്.’ ഈ പ്രപഞ്ചത്തിലെ സകലചരാചരങ്ങള്ക്കുംആവശ്യമുള്ളതെല്ലാം ഈശ്വരന് നല്‍കിയിട്ടുണ്ട്. പക്ഷെഅത്യാഗ്രഹം കാരണം ചിലര്‍ മറ്റുള്ളവര്‍ക്കു കിട്ടേണ്ടതുകൂടി സ്വന്തമാക്കുന്നു.
അവനവന് ആവശ്യമുള്ളതുമാത്രം ഈ ലോകത്തുനിന്ന് എടുക്കുന്നതില്‍ ഒരു തെറ്റുമില്ല. എന്നാല്‍ ഈ ലോകത്തുള്ളതെല്ലാം ഇനിയും അധികമധികം എനിക്കു സ്വന്തമാക്കണം എന്നു ചിന്തിക്കുന്നത് അധര്‍മ്മമാണ്. നമ്മുടെ പക്കല്‍ ഉള്ളതുകൊണ്ട് തൃപ്തരാകാനും ആഗ്രഹങ്ങളെ അതിരുവിടാത്തവണ്ണം നിയന്ത്രിക്കാനും നമ്മള് പഠിക്കണം. നമ്മുടെ ചിലവുകള്‍ അമിതമാകുന്നതുകൊണ്ടാണ് കൂടുതല്‍ കൂടുതല്‍ സമ്പാദിക്കാനുള്ള ആഗ്രഹം ഉണ്ടാകുന്നത്. അഞ്ഞൂറുരൂപയുടെ വാച്ചും അമ്പതിനായിരം രൂപയുടെ വാച്ചും ഒരുപോലെ സമയം കാണിക്കും. നമ്മുടെ മിക്ക ആവശ്യങ്ങള്‍ക്കും മിതമായ വിലയുള്ളതും എന്നാല്‍ ആവശ്യത്തിനു ഗുണനിലവാരമുള്ളതുമായ വസ്തുക്കള്‍ ഉപയോഗിക്കാന്‍ നമ്മള് ശീലിച്ചാല്‍ അമിതച്ചെലവ് ഒഴിവാക്കാന്‍ സാധിക്കും. മിച്ചം വരുന്നപണം സാധുക്കളെ സേവിക്കുന്നതിന് ഉപയോഗിക്കാം. അതിനുള്ള ഒരു മനസ്സ് നമ്മള് വളര്ത്തിയെടുക്കണംബാഹ്യസുഖഭോഗങ്ങളും സമ്പത്തും സന്തോഷം തരുമെന്ന മിഥ്യാധാരണ മനുഷ്യമനസ്സില്‍ ആഴത്തില്‍ വേരൂന്നിയിട്ടുള്ള ഒന്നാണ്. അതില്‍നിന്നു മോചനംനേടുക അത്ര എളുപ്പമല്ല. ചെറുപ്പം മുതല്ക്കേ വലതുകൈ ഉപയോഗിച്ച് എഴുതുന്ന ഒരാളോട് ഇടതുകൈകൊണ്ട് എഴുതാന്‍ പറഞ്ഞാല്‍ അയാള്‍ക്ക് അതുപ്രയാസമായിരിക്കും. കാരണംവലതുകൈകൊണ്ട് എഴുതുന്നത് അയാളില്‍ ആഴത്തില്വേരൂന്നിയ ഒരു ശീലമാണ്. അയാളുടെ തലച്ചോര്‍ ആജ്ഞാപിച്ചാലും അതനുസരിച്ച് ഇടതുകൈ പ്രവര്‍ത്തിക്കണമെന്നില്ല. എന്നാല്‍ ഏതെങ്കിലും കാരണവശാല്‍ വലതുകൈയുടെ സ്വാധീനം നഷ്ടമായാല്‍, അയാള്‍ ഇടതുകൈകൊണ്ട് എഴുതാന്‍ പഠിക്കും. അതുപോലെ, സാധാരണ ജീവിതത്തില്‍ നിരവധി തവണ കഷ്ടപ്പാടുകളിലൂടെയും ദുരിതങ്ങളിലൂടെയും കടന്നുപോയാല്‍ മാത്രമേ സന്തോഷത്തിന്റെ യഥാര്‍ത്ഥ ഉറവിടം നമ്മുടെയുള്ളില്‍ തന്നെയാണ് എന്നു നമ്മള് തിരിച്ചറിയുകയുള്ളു. എന്നാല്‍ നമ്മിലെ വിവേകത്തെ ഉണര്‍ത്തിയാല്‍ ഇക്കാര്യംവളരെ നേരത്തെതന്നെ ഉള്‍ക്കൊള്ളാന്‍ നമുക്കു കഴിയും. ചുറ്റുമുള്ള ലോകത്തേയ്ക്ക് ഒന്നു കണ്ണോടിക്കുകയും മറ്റുള്ളവരുടെ അനുഭവങ്ങളില്‍നിന്ന് പഠിക്കാന്‍ തയ്യാറാകുകയും ചെയ്താല്‍ അത് എളുപ്പം സാധിക്കും. അങ്ങനെ വിവേകത്തെ ഉണര്‍ത്തി ഒടുങ്ങാത്തആഗ്രഹങ്ങളുടെ ബന്ധനത്തില്‍നിന്നു മോചിതരാകാന്‍ എല്ലാവര്ക്കും കഴിയട്ടെ.
മാതാ അമൃതാനന്ദമയീ ദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: