നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 100 രൂപ വര്‍ധിപ്പിച്ചതിലൂടെ രാജ്യത്തെ കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ക്കാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിരിക്കുകയാണ്. പ്രധാനമന്ത്രി മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് ഉല്‍പ്പാദന ചെലവിന്റെ ഇരട്ടിത്തുക താങ്ങുവിലയായി നല്കാന് തീരുമാനിച്ചത്. മറ്റ് ഭക്ഷ്യധാന്യങ്ങളുടെ താങ്ങുവിലയും ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ മുഴുവന്‍ കര്‍ഷകര്‍ക്കും ഇതിന്റെ ഗുണം ലഭിക്കും. എട്ടു വര്‍ഷമായി ഭരണത്തില്‍ തുടരുന്ന മോദി സര്‍ക്കാര്‍ അധികാരമേറ്റ നാള് മുതല്‍ കര്‍ഷകക്ഷേമം മുന്‍നിര്‍ത്തി സ്വീകരിച്ചുപോരുന്ന നടപടികളുടെ തുടര്‍ച്ചയാണിത്. കര്‍ഷകര്‍ക്ക് കൃഷിയിറക്കുന്നതിനുവേണ്ടി കുറഞ്ഞപലിശയ്ക്ക് വായ്പയായും സബ്സിഡിയായും മറ്റ് തരത്തിലുള്ള ധനസഹായമായും നിരവധി ആനുകൂല്യങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത്. സമ്പന്ന കര്‍ഷകരുടെയും ഇടനിലക്കാരുടെയും ചൂഷണത്തില്‍നിന്ന് മോചിപ്പിച്ച് സാധാരണ കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ശരിയായ വില നല്കി വരുമാനം വര്‍ധിപ്പിക്കുന്നതിനായി കൊണ്ടുവന്ന കര്‍ഷക ബില്ലുകള്‍ നിക്ഷിപ്ത താല്‍പ്പര്യക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിക്കേണ്ടി വന്നെങ്കിലും കര്‍ഷകക്ഷേമത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് ഓരോ നടപടിയിലൂടെയും മോദി സര്‍ക്കാര്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണ്.
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കര്‍ഷകനിയമത്തിനെതിരെ നിയമസഭയില്‍ പ്രമേയം പാസ്സാക്കുകയാണ് ഇടതുമുന്നണി സര്‍ക്കാര്‍ ചെയ്തത്. കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നവരാണ് തങ്ങളെന്ന് അവകാശപ്പെട്ടുകൊണ്ടായിരുന്നു ഈ വഞ്ചന. കര്‍ഷകര്‍ക്ക് വായ്പ അനുവദിക്കുന്ന കാര്യത്തിലായാലും അതിന്റെ തിരിച്ചടവിന്റെ കാര്യത്തിലായാലും, വിളനാശത്തിന് നഷ്ടപരിഹാരം നല്കുന്നതിലായാലും കര്‍ഷകര്‍ക്ക് അനുകൂലമായ നടപടികളൊന്നും ഇടതുമുന്നണി സര്‍ക്കാര്‍ എടുക്കുന്നില്ല. ഇതുമൂലം സംസ്ഥാനത്ത് നിരവധി കര്‍ഷകരാണ് ഇതിനോടകം ആത്മഹത്യ ചെയ്തത്. നെല്ലു സംഭരണത്തിലുള്പ്പെടെ സ്വന്തം നിലയ്ക്ക് കര്‍ഷകരെ സഹായിക്കില്ലെന്നു മാത്രമല്ല, കേന്ദ്ര പദ്ധതികളില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ കിട്ടാതാക്കുകയും ചെയ്യുന്നു. കേന്ദ്രപദ്ധതികളെക്കുറിച്ച് മതിയായ ബോധവല്‍ക്കരണം നടത്താതെയും നടപടികള്‍ സ്വീകരിക്കാതെയും ആനുകൂല്യങ്ങള്‍ അട്ടിമറിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ നെല്ലിന് നല്കുന്ന താങ്ങുവിലയില്‍ സംസ്ഥാനത്തിന്റെ വിഹിതം വെട്ടിക്കുറച്ചാണ് ഇടതുമുന്നണി സര്‍ക്കാര്‍ കര്‍ഷകരെ ദ്രോഹിക്കുന്നത്. നെല്ല് സംഭരണത്തില്‍ മതിയായ വില നല്‍കാതെ മില്ലുടമകള്‍ക്കൊപ്പം നിന്ന് കര്‍ഷകരെ കണ്ണീരു കുടിപ്പിക്കുന്നവരാണ് താങ്ങുവിലയുടെ കാര്യത്തിലും തട്ടിപ്പ് നടത്തി ദ്രോഹിക്കുന്നത്. കര്‍ഷകക്ഷേമത്തിന്റെ കാര്യത്തില്‍ പൊള്ളയായ അവകാശവാദങ്ങള്‍ മാത്രമാണ് സംസ്ഥാന സര്‍ക്കാരിന്റേതെന്ന് ആവര്‍ത്തിച്ച് തെളിയിക്കപ്പെടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: